ദേശീയ ശാസ്ത്രാവബോധ ദിനം
ആഗസ്ത് ഇരുപത് ദേശീയ ശാസ്ത്രാവബോധ ദിനമായി ഇന്ത്യയിലെ ജനകീയ ശാസ്ത്രസംഘടനകളും പുരോഗമനേച്ഛുക്കളും കഴിഞ്ഞ എട്ടു വര്‍ഷമായി ആചരിക്കയാണ്. യുക്തി ചിന്തക്കും ശാസ്ത്രബോധ പ്രചരണങ്ങള്‍ക്കുമായി ജീവിതം നീക്കിവെച്ച, നരേന്ദ്രധാബോല്‍ക്കര്‍ ഇരുട്ടിന്റെ ശക്തികളാല്‍ 2013 ല്‍ ഇതേ ദിവിസമാണ് കൊലചെയ്യപ്പെട്ടത്. മഹാരാഷ്ട്രയില്‍ അദ്ദേഹം നേതൃത്വം കൊടുത്ത അന്ധശ്രദ്ധാ നിര്‍മൂലന്‍സമിതി സാധാരണജനങ്ങളെ അന്ധവിശ്വാസങ്ങളില്‍ നിന്ന് ശാസ്ത്ര പ്രചരണത്തിലൂടെ മോചിപ്പിക്കാനും അത്തരം വിശ്വാസങ്ങളെആധാരമാക്കി നടക്കുന്ന വിവിധതരത്തിലുള്ള ചൂഷണങ്ങളെ പ്രതിരോധിക്കാനും പ്രവര്‍ത്തിച്ചുവരികയായിരുന്നു. ജനങ്ങളുടെ വിശ്വാസവും അറിവില്ലായ്മയും ഉപയോഗപ്പെടുത്തി നടക്കുന്ന വിവിധതരത്തിലുള്ള ചൂഷണങ്ങളെ നിയമപരമായി കുറ്റകരമാക്കാന്‍ സാധിക്കുമാറ് ഒരു അന്ധവിശ്വാസ ചൂഷണനിരോധന നിയമത്തിനായി സമിതി നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. തുടര്‍ന്ന് 2010 ല്‍ ഇതിനായുള്ള ഒരു ബില്ല് തയ്യാറാക്കുകയും മഹാരാഷ്ട്രനിയമസഭയില്‍ അവതരിപ്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ചിലരാഷ്ട്രീയ പാര്‍ട്ടികള്‍ ഇത് ഹിന്ദുമതവിശ്വാസത്തിനെതിരായ കടന്നാക്രമണമായി വിശേഷിപ്പിച്ച് അതിനെ എതിര്‍ത്തു. തുടര്‍ന്ന് ബില്ല് ജനങ്ങളുടെയിടയില്‍ ചര്‍ച്ചയാക്കി നിയമത്തിനായി വലിയ തോതിലുള്ള സമ്മര്‍ദ്ദം സര്‍ക്കാരില്‍ ചെലുത്തികൊണ്ടിരുന്നു.. ഇതെല്ലാമാണ് നരേന്ദ്രധാബോല്‍ക്കര്‍ പ്രതിലോമശക്തികളുടെ കണ്ണില്‍ കരടാകാനും കൊലചെയ്യപ്പെടാനും ഇടയാക്കിയത്. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം ഉയര്‍ത്തിയ ജനരോഷം മഹാരാഷ്ട്ര സര്‍ക്കാരിനെ അധികം വൈകാതെ തന്നെ അന്ധവിശ്വാസ നിരോധന നിയമം ( Maharashtra Prevention and Eradication of Human Sacrifice, other Inhuman and Aghori Practices and Black Magic Act, 2013) പാസ്സാക്കാന്‍ പ്രേരിപ്പിച്ചു. പിന്നീട് കര്‍ണാടക സര്‍ക്കാരും ഇതേ വിധം ഒരു നിയമം (The Karnataka Prevention and Eradication of Inhuman Evil Practices and Black Magic Act, 2017) പാസ്സാക്കി.
ധാബോല്‍ക്കറിനെ കൊല ചെയ്ത ശക്തികള്‍ എന്നാല്‍ പിന്നോട്ടു പോയില്ല. പുരോഗമന ആശയങ്ങള്‍ക്കും സ്വതന്ത്രചിന്തക്കും ശാസ്ത്രബോധത്തിനും നിലകൊണ്ട ഗോവിന്ദ പന്‍സാരെ 2015 ല്‍ മഹാരാഷ്ട്രയിലും എം എം കുല്‍ബര്‍ഗിയും(2015 ല്‍) ഗൌരി ലങ്കേഷും (2017ല്‍)കര്‍ണാടകത്തിലും കൊല ചെയ്യപ്പെട്ടു. ശാസ്ത്ര ചിന്തകളെയും മാനവികതയെയും നിരാകരിക്കുന്ന രാജ്യത്തെ നൂറ്റാണ്ടുകള്‍ക്കപ്പുറത്തെ മൂല്യബോധത്തിലേക്ക് നയിക്കുന്ന കേന്ദ്രഭരണത്തിന്റെയും അവരുടെ സാമൂഹ്യസാംസ്കാരിക വിഭാഗങ്ങളുടെയും പിന്തുണയോടെയാണ് ഈ അതിക്രമങ്ങളെല്ലാം നടന്നത്. വസ്ത്രധാരണത്തിന്റെയും ഭക്ഷണരീതിയുടെയും പേരില്‍ രാജ്യത്തെ ന്യൂനപക്ഷമതവിഭാഗങ്ങളെയും ദളിത് വിഭാഗങ്ങളെയും വേട്ടയാടുന്നതിനോട് ചേര്‍ത്ത് നിര്‍ത്തിയാണ് ഈ ആക്രമണങ്ങളെയും കാണേണ്ടത്. തങ്ങള്‍ക്കിഷ്ടമില്ലാത്ത ചിന്തകളും സംസ്കാരവും വെച്ചുപുലര്‍ത്തുന്നവര്‍ ജീവിച്ചിരിക്കരുത് എന്ന ഫാസിസ്റ്റ് ചിന്തതന്നെയാണിത്.
വളരെ വ്യത്യസ്തങ്ങളായ ഭൂപ്രകൃതിയും ചരിത്രവുമുള്ള, വളരെ ഭിന്നങ്ങളായ ഭാഷയും മതവും സംസ്കാരവും വെച്ചുപുലര്‍ത്തുന്ന ജനങ്ങളുടെ രാജ്യമാണ് ഇന്ത്യ. മറ്റ് പലദേശ രാഷ്ട്രങ്ങളില്‍ നിന്നും ഇന്ത്യന്‍ ദേശീയതയെ വ്യത്യസ്തമാക്കുന്നത് അതാണ്. ഈ രാജ്യം രൂപപ്പെട്ടത് കൊളോണിയല്‍ വിരുദ്ധസമരങ്ങളിലൂടെയും നിലനില്ക്കുന്നത് ഇന്ത്യന്‍ഭരണഘടനയുടെ അടിസ്ഥാനത്തിലുമാണ്. ഈ വൈവിധ്യങ്ങളെ അഭിസംബോധനചെയ്യാനാകും വിധം മതേതരത്വം, ജനാധിപത്യം എന്നീ മൂല്യങ്ങളിലൂന്നിയും ജനങ്ങള്‍ക്കാകെ തുല്യതയിലും പുരോഗതിയിലുമൂന്നിയ ജീവിതം സാധ്യമാക്കാന്‍ സോഷ്യലിസം എന്നലക്ഷ്യം മുന്നില്‍വെച്ചുമാണ് രാജ്യം മുന്നോട്ടുപോകേണ്ടതെന്ന് ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ ലക്ഷ്യം സാക്ഷാല്‍കരിക്കണമെങ്കില്‍ ശാസ്ത്രസാങ്കേതിക രംഗത്തെ പുരോഗതിയോടൊപ്പം ജനങ്ങളില്‍ ശാസ്ത്രബോധവും വളരേണ്ടതുണ്ട് എന്ന നിലപാടായിരുന്നു ആദ്യപ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്രുവിന്റേത്. ശാസ്ത്ര സാങ്കേതിക പുരോഗതിയിലൂടെയോ ശാസ്ത്രവിദ്യാഭ്യാസത്തിലൂടെയോ മാത്രമായി ശാസ്ത്രബോധം വളരില്ല എന്ന തിരിച്ചറിവാണ് ഭരണഘടനയുടെ 51 a(h) വകുപ്പായി ശാസ്ത്രബോധം വളര്‍ത്തുക എന്നത് ഓരോ ഇന്ത്യന്‍ പൌരന്റെയും കടമയായി എഴുതിചേര്‍ക്കാന്‍ പിന്നീട് പ്രേരണയായത്.
ഭരണഘടനയില്‍ ഈ വകുപ്പ് വന്നെങ്കിലും രാജ്യത്തെ സാമൂഹ്യ വിദ്യാഭ്യാസമേഖലകളില്‍ അതനുസരിച്ച പ്രവര്‍ത്തനങ്ങള്‍ രൂപപ്പെട്ടില്ല. ഈ തിരിച്ചറിവാണ് 1981ല്‍ തമിഴ്നാട്ടിലെ കൂനൂരില്‍ ഡോ രാജാരാമണ്ണ, ഡോ പി എന്‍ ഹക്സര്‍, ഡോ പുഷ്പ ഭാര്‍ഗവ തുടങ്ങിയ ശാസ്ത്രരംഗത്തെ പ്രമുഖര്‍ ഒത്തുചേര്‍ന്ന് ശാസ്ത്രബോധത്തിനായുള്ള പ്രവര്‍ത്തനങ്ങളുടെ ആവശ്യകതയും പ്രവര്‍ത്തനവും ചര്‍ച്ച ചെയ്തത്. സ്വാതന്ത്ര്യ സമരത്തിനു നിമിത്തമായ നവോത്ഥാനത്തിനുശേഷം ഒരു രണ്ടാം നവോത്ഥാനപ്രസ്ഥാനമായി ഇത് ഉയര്‍ന്നുവരണമെന്നാണ് ആ പ്രഖ്യാപനം ആഹ്വാനം ചെയ്തത്. പിന്നീട് മുപ്പത് വര്‍ഷത്തിനുശേഷം 2011ല്‍ ഹിമാചലിലെ പലമ്പൂരിലും ഇത്തരമൊരു കൂടിച്ചേരലിലൂടെ മുപ്പത് വര്‍ഷം കൊണ്ട് രാജ്യത്തും ലോകത്തും സംഭവിച്ച മാറ്റങ്ങളും പുതിയ സാഹചര്യത്തില്‍ ശാസ്ത്രബോധം നേരിടുന്ന വെല്ലുവിളികളും ചര്‍ച്ചചെയ്തു. അറിവിന്റെ സ്വകാര്യവല്‍കരണവും സമ്പത്തിന്റെ കേന്ദ്രീകരണവും തീവ്രമാക്കിയ നവലിബറല്‍കാലം ശാസ്ത്രത്തിന്റെ രീതിയും അറിവും ജനങ്ങളിലേക്ക് പകരാതെ വിപണിയിലെ സാങ്കേതിക ഉത്പന്നങ്ങളായി മാത്രം ശാസ്ത്രത്തെ ജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കുന്നതിനെകുറിച്ചുള്ള മുന്നറിയിപ്പ് അതുന്നയിച്ചു. സാങ്കേതികവിദ്യകളെയും മാധ്യമങ്ങളെയും അന്ധവിശ്വാസ പ്രചരണത്തിന് ഉപയോഗിക്കുന്ന സാഹചര്യവും അത് ചര്‍ച്ചചെയ്തു. രാജ്യത്തിന്റെ പുരോഗതിയും അന്തസ്സും വീണ്ടടുക്കാന്‍ പൂര്‍വ്വകാലപ്രതാപങ്ങള്‍ പറഞ്ഞ് അതില്‍ അഭിരമിക്കയല്ല ജനങ്ങള്‍ അനുഭവിക്കുന്ന പട്ടിണിയും ദുരിതങ്ങളും മാറ്റാന്‍ ശാസ്ത്രസാങ്കേതികവിദ്യകളെയും മാധ്യമങ്ങളെയും ജനങ്ങളുടെശാസ്ത്രബോധത്തെയും പ്രയോജനപ്പെടുത്തണമെന്നാണ് ആ പ്രഖ്യാപനങ്ങള്‍ രണ്ടും അടിവരയിട്ടു പറഞ്ഞത്.
എന്നാല്‍ ഇന്ന് രാജ്യം അതിലും ഏറ്റവും മോശമായ അവസ്ഥയിലാണ്. ഇന്ത്യയുടെ ശാസ്ത്രസാങ്കേതിക പുരോഗതിയിലൂന്നി സ്വാശ്രയത്തിലൂന്നിയ രാജ്യം എന്ന സ്വപ്നം നാം മുമ്പേ ഉപേക്ഷിച്ചു.ഇന്നിപ്പോള്‍ ശാസ്ത്രപഠനത്തില്‍ നിന്നും ശാസ്ത്രഗവേഷണത്തില്‍ നിന്നും പിന്‍വാങ്ങികൊണ്ടിരിക്കയാണ്. ആധുനിക രസതന്ത്രവും പരിണാമസിദ്ധാന്തവും നമുക്ക് വര്‍ജ്യമാകയാണ്. ശാസ്ത്രത്തിന്റെ വഴികളിലൂടെ കണ്ടെത്തിയ രാജ്യത്തിന്റെ പ്രാചീന ചരിത്രത്തിന് പകരം പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും സാങ്കല്പികകഥകള്‍ ചരിത്രമായി പഠിക്കേണ്ടുന്ന അവസ്ഥയിലേക്ക് വിദ്യാര്‍ത്ഥികള്‍ എത്തുന്നു. പുരാണങ്ങളിലെയും വേദങ്ങളിലെയും ആശയങ്ങളെ ശാസ്ത്രമായവതരപ്പിക്കാനും മനുസ്മൃതി പോലുള്ള വൈദികകാല ബ്രാഹ്മണിക് മൂല്യങ്ങളെ മഹത്വവല്‍കരിക്കാനും പുരാണസംഭവങ്ങളെ ചരിത്രമാക്കാനും ശാസ്ത്രഗവേഷണത്തെ തന്നെ വഴിതിരിച്ചുവിടുന്ന അത്യാപത്കരമായ സ്ഥിതിവിശേഷമാണിന്നുള്ളത്.ദേശീയ ശാസ്ത്രകോണ്‍ഗ്രസ്സുകളെയും ഐ ഐടി പോലുള്ള സുപ്രധാന ശാസ്ത്രഗവേഷണസ്ഥാപനങ്ങളെപോലും അതിനായുള്ള വേദിയാക്കുന്നു. ഭൂമിയിലും ബഹിരാകാശത്തും പറക്കാന്‍ കഴിയുന്ന വൈമാനിക വിദ്യ വൈദികകാലത്തറിയാമായിരുന്നു, പ്ലാസ്റ്റിക് സര്‍ജറിയും സ്റ്റം സെല്‍ സര്‍ജറിയും പൌരാണിക ഭാരതത്തില്‍ ഉണ്ടായിരുന്നതിന്റെ തെളിവാണ് ഗണപതിയും കൌരവരുടെ ജനനവും , ഗോമൂത്രത്തില്‍ സ്വര്‍ണ്ണം ,മൃത സഞ്ജീവനിക്ക് അന്വേഷണം തുടങ്ങി ,അടിസ്ഥാനശാസ്ത്രത്തിന്റെ ബാലപാഠങ്ങള്‍ അറിയുന്ന ഏതൊരാള്‍ക്കും മണ്ടത്തരമെന്ന് തിരിച്ചറിയുന്ന കാര്യങ്ങളാണ് ശാസ്ത്രഗവേഷണത്തിന്റെ പേരില്‍ രാജ്യത്തു നടക്കുന്നത്. ഇത്തരം പ്രഖ്യാപനങ്ങളും പ്രേരണയും നടത്തുന്നത് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും പോലെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവരും യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍പോലുള്ള ഉന്നതഅക്കാദമിക ചുമതല നിര്‍വഹിക്കുന്നവരുമാണെന്നത് പ്രശ്നത്തിന്റെ ഗൌരവം വര്‍ധിപ്പിക്കുന്നു. ഇത്തരം ചര്‍ച്ചകളും അവസ്ഥയും ലോകത്തിനു മുന്നില്‍ നമ്മെ പരിഹാസ്യരാക്കുകയാണ്. ഇതോടൊപ്പമാണ് മതവികാരവും വംശീയബോധവും ഉപയോഗിച്ച് രാജ്യത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കാനും ധ്രുവീകരിക്കാനുമുള്ള ശ്രമങ്ങള്‍. ഭൂരിപക്ഷ മതാചാരങ്ങള്‍ ഔദ്യോഗിക പരിപാടിയി സംഘടിപ്പിക്കുക, വിവേചനപരവും പ്രകോപനപരവുമായ നിയമങ്ങള്‍ കൊണ്ടുവരിക, വിദ്വേഷ പ്രസംഗങ്ങള്‍ വ്യാപകമായി നടത്തുക..ഇതെല്ലാം ജനങ്ങളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഭിന്നിപ്പിക്കാനുള്ള തന്ത്രങ്ങളാണ്. ജനങ്ങളുടെ അടിസ്ഥാന ജീവിതപ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ വഴിതിരിച്ചുവിടാനും ഇത്തരം ചര്‍ച്ചകള്‍ ലക്ഷ്യമിടുന്നു. മതവിശ്വാസത്തിന്റെ ഭാഗമായി നിലനില്‍ക്കുന്ന ആചാരങ്ങളെയും അന്ധവിശ്വാസങ്ങളെയുമാണ് യുക്തിചിന്തക്കും കാര്യകാരണബോധത്തിനും പകരമായി ഇവിടെ ഉപയോഗപ്പെടുത്തുന്നത്. അടിസ്ഥാനപരമായി ശാസ്ത്രബോധത്തിന്റെ അഭാവമാണ് ഇത്തരം കുതന്ത്രങ്ങള്‍ക്ക് ജനങ്ങള്‍ വഴിപ്പെടാന്‍ കാരണം എന്ന് വ്യക്തമാണ്. ഈ ഒരു സാഹചര്യത്തിലാണ് എ ഐ പി എസ് എന്‍ നേതൃത്വത്തില്‍ കല്‍ക്കത്തയില്‍ ശാസ്ത്രരംഗത്തെ പ്രമുഖര്‍ ചേര്‍ന്ന് ഒരു അഭ്യര്‍ത്ഥന കഴിഞ്ഞ വര്‍ഷം നടത്തിയത്. ശാസ്ത്രബോധത്തിനായുള്ള ഒരു ജനകീയ പ്രസ്ഥാനം രാജ്യത്ത് ഒട്ടും വൈകാതെ രൂപപ്പെടണമെന്നാണ് അതും ആവശ്യപ്പെടുന്നത്. ഇത്തവണത്തെ ദേശീയ ശാസ്ത്രാവബോധ ദിനം അതിനായുള്ള തുടക്കമാക്കേണ്ടതുണ്ട്.
ലോകത്തിലെ വിവിധ രാജ്യങ്ങളുടെ നാളിതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ കഴിയുക മാനവികതയുടെയും ശാസ്ത്രബോധത്തിന്റെയും അടിസ്ഥാനത്തില്‍ ജനങ്ങള്‍ ഐക്യപ്പെട്ടും പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞും എവിടെയെല്ലാം എപ്പോഴെല്ലാം പ്രവര്‍ത്തിച്ചോ അവിടെയും അപ്പോഴും ആ രാജ്യം സമൃദ്ധിയിലേക്ക് കുതിച്ചിട്ടുണ്ട്. പകരം മതപരമായ ഭിന്നിപ്പും ശാസ്ത്രനിഷേധവും സ്വീകരിക്കുന്നവര്‍ മറ്റുള്ളിടങ്ങളേക്കാള്‍ പിന്നിലേക്ക് പോയിട്ടുണ്ട്, ജനങ്ങള്‍ക്ക് തീരാ ദുരിതങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. അത്തരം ദുരവസ്ഥയിലേക്ക് രാജ്യം പതിച്ചുകൊണ്ടിരിക്കയാണ്. ആ പതനത്തില്‍ നിന്ന് നമ്മുടെ രാജ്യത്തെ കരകയറ്റാന്‍ ശാസ്ത്രബോധവും മാനവികതയും ജനങ്ങളുടെയിടയില്‍ ചര്‍ച്ചയാകണം . ജനങ്ങള്‍ അത് കയ്യേല്‍ക്കണം.
ദേശീയ സാഹചര്യത്തില്‍ നിന്ന് വ്യത്യസ്തമായി ജീവിതഗുണതയിലും വിദ്യാഭ്യാസനിലയിലും ശാസ്ത്രബോധത്തിലും എല്ലാം ഏറെ മുന്നിലുള്ള സംസ്ഥാനമാണ് കേരളം. നവോത്ഥാന പ്രസ്ഥാനങ്ങള്‍ പ്രസരിപ്പിച്ച യുക്തിചിന്തയും മാനവികതയുമാണ് ഇതിന് അടിസ്ഥാനപരമായി മാറിയത്. ഈ മൂല്യങ്ങളിലൂന്നിയും അതിനെ ശക്തിപ്പെടുത്തിയുമാണ് പുരോഗമനരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിച്ചത്. ജനങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും ജാതിമത സ്വത്വബോധവുമല്ല, തൊഴില്‍, വരുമാനം, ജീവിത സാഹചര്യങ്ങള്‍ തുടങ്ങിയ ജനങ്ങളുടെ ജീവിത പ്രശ്നങ്ങളാണ് രാഷ്ട്രീയത്തിന്റെ അടിസ്ഥാനമായി അവര്‍ സ്വീകരിച്ചത്. പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ജനകീയ സമരങ്ങളോടൊപ്പം അടിസ്ഥാന നിയമനിര്‍മ്മാണങ്ങള്‍ ഉള്‍പ്പടെയുള്ള ഭരണ നടപടികളുമാണ് കേരളത്തെ ആധുനികവല്‍കരിച്ചത്.
എന്നാല്‍ കഴിഞ്ഞ മൂന്ന് ദശകകാലത്തെ പ്രവണതകള്‍ പരിശോധിച്ചാല്‍ കേരളവും ശാസ്ത്രബോധത്തില്‍നിന്നും പിന്നോട്ട് പോകുന്നതായി കാണാം. നമ്മള്‍ പടികടത്തിവിട്ട പല അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നാട്ടില്‍ കൊണ്ടാടപ്പെടുന്നു. നരബലിപോലുള്ള പ്രാകൃതാചാരങ്ങള്‍, ജ്യോതിഷ പ്രശ്നത്തിന്റെയടിസ്ഥാനത്തിലുള്ള ശകുനം ഒഴിവാക്കാന്‍, ജാത്യാഭിമാനത്തിന്റെ പേരില്‍, പ്രാര്‍ത്ഥന മാത്രമാക്കി ചികിത്സനിഷേധിക്കല്‍, ജാതകപൊരുത്തം നോക്കി ജീവിതപൊരുത്തമില്ലാതെ ആത്മഹത്യയിലേക്ക് തള്ളിവിടല്‍…ഈ വിധം പലരീതിയിലുള്ള അനാചാരങ്ങളുടെ ഫലമായുള്ള കൊലപാതകങ്ങള്‍ വാര്‍ത്തകളില്‍ ആവര്‍ത്തിച്ച് ഇടം പിടിക്കുന്നു. ഇതുകൂടാതെ ആള്‍ദൈവങ്ങളും അവരുടെ വിശ്വാസ വാണിജ്യ പ്രവര്‍ത്തനങ്ങളും. ആത്മീയതക്ക് പുറത്ത് ചികിത്സാതട്ടിപ്പിനും സാമ്പത്തിക തട്ടിപ്പുകള്‍ക്കും ഉപയോഗിക്കുന്നതും ജനങ്ങളുടെ യുക്തി രാഹിത്യം തന്നെ. നവലിബറല്‍കാലത്തെ ഉപഭോഗപരതയിലൂന്നിയ ജീവിതശൈലിയും വിപണിവത്കരണം സൃഷ്ടിച്ചഅനിശ്ചിതത്വും വിധിവിശ്വാസത്തിനും ഭാഗ്യപരീക്ഷണങ്ങള്‍ക്കും ആക്കം കൂട്ടിയിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യകള്‍ തന്നെ ഉപയോഗിച്ച് അശാസ്ത്രീയതകള്‍ അതിവേഗം പ്രചരിപ്പിക്കാനാകുന്നു, മാധ്യമങ്ങളും ആവഴിയേ പോകുന്നു എന്നതെല്ലാം ഈ അവസ്ഥക്ക് കാരണമാണ്.എന്നാല്‍ അതുമത്രമല്ല , വിദ്യാഭ്യാസപരമായും ശാസ്ത്രവിദ്യാഭ്യാസത്തിലും ശാസ്ത്രവിരങ്ങളുടെ ലഭ്യതയിലും ഏറെ മുന്നേറുന്ന കാലത്ത് അവ മുന്നേറിയ നാട്ടില്‍ ഇതെല്ലാം സംഭവിക്കുന്നുവെന്നത് പുരോഗമന രാഷ്ട്രീയപ്രസ്ഥാനവും ശാസ്ത്രപ്രവര്‍ത്തകരും എല്ലാം ഗൌരവത്തോടെ വീക്ഷിക്കേണ്ട കാര്യമാണ്.
അന്ധവിശ്വാസ ചൂഷണനിരോധന നിയമം മഹാരാഷ്ട്രയില്‍ വന്ന 2013ല്‍ തന്നെ അത്തരമൊരു നിയമം കേരളത്തിലും വേണമെന്ന ആവശ്യം നിരവധി സംഘടനകള്‍ ഉയര്‍ത്തുകയുണ്ടായി. 2014ല്‍ പരിഷത്ത് ഇതിനായി ഒരു കരട് ബില്ല് തയ്യാറാക്കുകയും നിയമനിര്‍മ്മാണത്തിനായ് വ്യാപകമായ ഒപ്പ് ശേഖരണം നടത്തുകയും അത് അന്നത്തെ അഭ്യന്തരമന്ത്രിക്ക് കൈമാറുകയും ചെയ്തു. അനുകൂലമായ പ്രതികരണമാണ് വന്നതെങ്കിലും യാതൊരു ചുവടുകളുമുണ്ടായില്ല. പിന്നീട് ഇടതുപക്ഷ സര്‍ക്കാര്‍ വന്നപ്പോള്‍ വീണ്ടും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരികയും നിയമനിര്‍മ്മാമം വൈകാതെയുണ്ടാകുമെന്ന ഉറപ്പു നേടുകയും ചെയ്തു. നരബലി പോലുള്ള സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ നിയമത്തിന് ശക്തമായ ആവശ്യം പൊതുസമൂഹത്തില്‍ നിന്നുതന്നെ ഉയര്‍ന്നു. ഇതിനിടയില്‍ നിയമസഭയില്‍ പല സാമാജികരും ഈ വിഷയത്തില്‍ സ്വകാര്യബില്ലുകള്‍ അവതരപ്പിച്ചു. ജ കെ ടി തോമസ് ചെയര്‍മാനായുള്ള ഭരണപരിഷ്കാരകമ്മീഷന്‍ ഒരു കരട് ബില്‍ തയ്യാറാക്കി. എന്നാല്‍ ഇപ്പോള്‍ അറിയുന്നത് അത്തരം നിയമനിര്‍മ്മാണത്തില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയി എന്നു തന്നെയാണ്. കാര്യങ്ങളില്‍ കൂടുതല്‍വ്യക്തതക്ക് വേണ്ടിയാണ് കാലതാമസം എന്ന ഔദ്യോഗിക വിശദീകരണത്തിന് ഇനി ഈ സര്‍ക്കാരിന്റെ കാലാവധി തീരാന്‍ ഒരുവര്‍ഷം മാത്രം ബാക്കിയുള്ള ഘട്ടത്തില്‍ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല.
മൂന്ന് കാര്യങ്ങളാണ് തടസ്സങ്ങളായി നിയമത്തോട് വിയോജിക്കുന്നവര്‍ പറയാറുള്ളത്. 1.വിശ്വാസത്തെയും അന്ധവിശ്വാസത്തെയും വേര്‍തിരിക്കല്‍ ബുദ്ധി മുട്ടാണ്, 2നിയമം കൊണ്ട് അന്ധവിശ്വാസങ്ങള്‍ ഇല്ലാതാക്കാനാവില്ല. 3 കുറ്റകൃത്യങ്ങള്‍ക്കെതിരെ മറ്റ് വകുപ്പുകള്‍ ഉപയോഗിക്കാം.
തെളിവുകളില്ലാത്ത, ഹാജരാക്കാന്‍ സാധ്യമല്ലാത്ത ഭൌതികേതര വിഷയങ്ങള്‍ സംബന്ധിച്ചതാണ് വിശ്വാസങ്ങള്‍. മതങ്ങള്‍ മുഖ്യമായും വ്യാപരിക്കുന്നത് അത്തരം വിഷയങ്ങളിലാണ്. എന്നാല്‍ അന്ധവിശ്വാസം എന്നു പറയുന്നത് ഭൌതികജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തന്നെ ശാസ്ത്രം തെറ്റെന്ന് സ്ഥാപിച്ച കാര്യങ്ങളാണ്. കാലികമായി പ്രസക്തമല്ലാത്തതും സമൂഹത്തിനോ പ്രകൃതിക്കോ ദോഷകരമാവുന്ന ആചാരങ്ങളാണ് അനാചാരങ്ങള്‍. അതായത് വേര്‍തിരിക്കല്‍ സാധ്യമാണ്. ഒരാളുടെ ഏതെങ്കിലും തരത്തിലുള്ള വിശ്വാസത്തെ നിയമം മൂലം നിരോധിക്കാനാവില്ല. എന്നാല്‍ ബോധപൂര്‍വ്വം അത്തരം വിശ്വാസങ്ങള്‍ പ്രചരിപ്പിച്ച് മറ്റുള്ളവരെ കെണിയില്‍ വീഴ്ത്തുന്നതാണ് കുറ്റകരമാവേണ്ടത്. അന്ധവിശ്വാസ നിരോധനനിയമത്തിനായ് ാവശ്യപ്പെടുന്നത് അതാണ്. കുറ്റകൃത്യങ്ങള്‍ സംഭവിച്ചതിനുശേഷം ശിക്ഷിക്കാനുള്ള വകുപ്പുകളുണ്ട്. എന്നാല്‍ അവയിലേക്ക് ആള്‍ക്കാരെ ആകര്‍ഷിക്കും വിധം പ്രവര്‍ത്തിക്കുന്നതും കുറ്റകരമാവണം.
അന്ധവിശ്വാസ നിരോധന നിയമമുള്‍പ്പടെ ശാസ്ത്രബോധത്തിനും അന്ധവിശ്വാസ നിയന്ത്രണത്തിനുമായുള്ള ശക്തമായ ചുവടുകള്‍ കേരളത്തില്‍ ഉണ്ടാവണം.