ശാസ്ത്രവായനയുടെ പുതിയൊരു അനുഭവവുമായി ശാസ്ത്രഗതി ജൂലൈ ലക്കം പുറത്തിറങ്ങി
മനുഷ്യരെയും യന്ത്രമനുഷ്യരെയും തിരിച്ചറിയാനാകാതാകുകയും യന്ത്രമനുഷ്യർ ആധിപത്യം നേടുകയും ചെയ്യുന്ന 2050-ൽ സംഭവിക്കുന്ന ഒരു പ്രണയകഥയുടെ കൗതുകവുമായാണ് പുതിയ ലക്കം (ജൂലൈ 2025) ‘ശാസ്ത്രഗതി’ പുറത്തിറങ്ങുന്നത്. ‘ശാസ്ത്രഗതി’ സംഘടിപ്പിച്ച ശാസ്തകഥാ പുരസ്കാര മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ആർ സരിതാ രാജിന്റെ ‘അന്തസ്സാരം’ എന്ന ശാസ്ത്രകഥയാണ് നിർമ്മിത ബുദ്ധിക്കാലത്തെ പ്രണയവും മനുഷ്യത്വത്തിന്റെ അന്തസ്സാരവും യന്ത്രത്തിന്റെ അന്തസ്സാരരാഹിത്യവുമെല്ലാം ഭാവനാപൂർവം ആവിഷ്കരിച്ചിരിക്കുന്നത്. മാസിക വിപണിയിൽ എത്തിയിട്ടുണ്ട്.
സാമൂഹികപ്രാധാന്യമുള്ളതും വിജ്ഞാനപ്രദവും കൗതുകകരവുമായ ഒട്ടേറെ മറ്റു വിഭവങ്ങളും മാസികയിലുണ്ട്. നമ്മുടെ നിലനില്പിൽ സുപ്രധാനപങ്കു വഹിക്കുന്ന പ്രാണിലോകത്തെപ്പറ്റിയാണ് ഈ ലക്കത്തിലെ മുഖലേഖനങ്ങളെങ്കിലും പ്രധാന ഹൈലൈറ്റ് നമ്മുടെ പൊതുവിദ്യാഭ്യാസരംഗവുമായി ബന്ധപ്പെട്ട ലേഖനമാണ്. ‘ഗുണമേന്മാവിദ്യാഭ്യാസവും പരീക്ഷകളും’ എന്ന ശീർഷകത്തിൽ ആർ സുരേഷ് കുമാർ എഴുതിയ ലേഖനം നിലവിൽ പരീക്ഷാരംഗത്തുള്ള പോരായ്മകൾ പരിശോധിക്കുന്നു. പൊതുവിദ്യാഭ്യാസത്തിൽ താൽപര്യമുള്ള അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെയുള്ള മുഴുവൻ സമൂഹവും വായിക്കേണ്ട ലേഖനമാണിത്.
മുൻവർഷങ്ങളിൽ ഇന്ത്യയിലെ വിവിധ സ്കൂൾ പരീക്ഷാബോർഡുകൾ നടത്തിയ പരീക്ഷകളുടെ ചോദ്യപേപ്പറുകൾ പരിശോധിച്ച് എൻ സി ഇ ആർ ടി കഴിഞ്ഞവർഷം പ്രസിദ്ധീകരിച്ച താരതമ്യറിപ്പോർട്ടിലെ വിലയിരുത്തലിൽ, കേരളത്തിലെ പരീക്ഷാബോർഡുകളുടെ ചോദ്യപേപ്പറുകളിൽ ഓർമ്മ, സാമാന്യധാരണ എന്നിവയ്ക്കാണ് പ്രാമുഖ്യമെന്നു കണ്ടെത്തിയിരുന്നു. അപഗ്രഥന, പ്രയോഗ തലങ്ങളിലെ ചോദ്യങ്ങൾ മുപ്പതു ശതമാനത്തിൽ താഴെയാണ്. ഇക്കാര്യത്തിൽ ഉത്തർപ്രദേശ്, ഗോവ, ഒഡീഷ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങൾ മാത്രമാണ് കേരളത്തിനു പിന്നിൽ. മികച്ച പാഠ്യപദ്ധതിയുണ്ടായാലും മൂല്യനിർണ്ണയത്തിന്റെ സമഗ്രതയും ശാസ്ത്രീയതയുമാണ് ആത്യന്തികമായി പാഠ്യപദ്ധതിയുടെ മികവിന് ഉദാഹരണമായി മാറുന്നത്. ഈ അടിസ്ഥാനത്തിൽ വിജയശതമാനത്തിലെയും ഫുൾ എ പ്ലസിലെയും ‘ഇൻഫ്ലേഷ’ന്റെ അപകടങ്ങളിലേക്കും എഞ്ചിനീയറിങ് പ്രവേശന റാങ്ക് ലിസ്റ്റ് വിവാദത്തിലേക്കുമെല്ലാം ലേഖനം കടന്നുചെല്ലുന്നു. തോൽപ്പിക്കലും ജയിപ്പിക്കലുമല്ല ഗുണമേന്മാവിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും പാഠ്യപദ്ധതിലക്ഷ്യങ്ങൾക്ക് അനുസൃതമായി നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുകയാണു വേണ്ടതെന്നും ലേഖകൻ ഓർമ്മിപ്പിക്കുന്നു.
ലോകത്ത് ആകെയുള്ള ജന്തുവർഗങ്ങളിൽ പകുതിയിലധികവും പ്രാണിവർഗത്തിൽപ്പെട്ട ജീവികൾ; (55 ലക്ഷം!) ഏറ്റവും വൈവിധ്യമുള്ളതും. ഈ പ്രാണികുലം നേരിടുന്ന ഭീഷണികൾ മനുഷ്യകുലത്തെ ബാധിക്കുന്നതാണെന്ന് ലേഖനങ്ങളും എഡിറ്റോറിയലും ഓർമ്മപ്പെടുത്തുന്നു. ഈ മേഖലയിലെ പഠനങ്ങളും ഗവേഷകരും കുറഞ്ഞുവരുന്നു എന്ന ആശങ്കയും ജൂലൈ ലക്കം ‘ശാസ്ത്രഗതി’ പങ്കുവയ്ക്കുന്നു.
പൂക്കളുടെ പരാഗണം, ഭക്ഷണശൃംഖലയിലെ പോഷകസമൃദ്ധി, ജൈവമാലിന്യ സംസ്കരണം, മണ്ണിന്റെ വളക്കൂറ്… പലതരത്തിൽ ആവാസവ്യവസ്ഥയെ സമ്പുഷ്ടമാക്കുന്ന പ്രാണികളെ നാംതന്നെ പലതരത്തിൽ കൊന്നുതള്ളുന്നു. ചിലവയുടെ വംശനാശത്തിനുപോലും നാം വഴിയൊരുക്കുന്നു. ആണ്ടുതോറും നിരവധിയേക്കറിലെ പുൽക്കാട് വനംവകുപ്പുതന്നെ തീയിട്ടു നശിപ്പിക്കുന്നതാണെന്ന് നമ്മളിൽ എത്രപേർക്കറിയാം? എന്തിന്റെ പേരിൽ? ഇത് എന്തൊക്കെ പ്രത്യാഘാതങ്ങളാണു സൃഷ്ടിക്കുന്നത്? ഡോ. ധനീഷ് ഭാസ്‌കർ ‘പുൽച്ചാടിയും തീക്കളിയും’ എന്ന ലേഖനത്തിൽ ചർച്ചചെയ്യുന്നത് ഇതൊക്കെയാണ്.
അത്യന്തം ആശ്ചര്യജനകമായ പ്രാണിലോകത്തെ കൗതുകങ്ങളാണ് പിന്നത്തെ മൂന്നു ലേഖനങ്ങൾ: വിജയകുമാർ ബ്ലാത്തൂർ എഴുതിയ ‘ഉറുമ്പുകളിലെ ന്യൂറോ മെക്കാനിസം’, ഡോ. പി കെ സുമോദന്റെ ‘പ്ലാസ്റ്റിക് തിന്നുന്ന പ്രാണികൾ’, ഡോ. സുരേഷ് കുട്ടിയുടെ ‘കടന്നലുകളും ഉറുമ്പുകളും കൊറിയർ സർവീസും’ എന്നിവ. ലോകത്തെ 75% വിളകളും നിലനിൽക്കുന്നത് പ്രാണികളിലൂടെയുള്ള പരാഗണത്താലാണെന്നും ലോകത്തെ പല ആവാസവ്യവസ്ഥകളുടെയും ഘടനാപരവും പ്രവർത്തനപരവുമായ അടിത്തറയാണ് പ്രാണികളെന്നും ഈ ലേഖനങ്ങൾ ഓർമ്മപ്പെടുത്തുന്നു. പ്ലാസ്റ്റിക്കിന്റെ ജൈവവിഘടനമടക്കം നാം അറിയേണ്ട പുതിയ കണ്ടെത്തലുകളാൽ സമ്പന്നമാണ് ഈ ലേഖനങ്ങൾ.
കേരളത്തിൽ എഥനോൾ ഫാക്ടറി തുടങ്ങുന്നെന്നു കേട്ടപ്പോൾ മദ്യമൊഴുക്കാനാണെന്നു പറഞ്ഞു കയറെടുത്തു ചാടിയവർ മനസ്സിലാക്കാത്ത കാര്യമാണ് 2024-ലെ ആകെ എഥനോൾ ഉപഭോഗമായ 720 കോടി ലിറ്ററിൽ 620 കോടിയും പെട്രോളിൽ ചേർക്കാനാണ് ഉപയോഗിച്ചത് എന്നത്. ഈ ആവശ്യത്തിനായി രാജ്യത്ത് എഥനോൾ ഉൽപാദനം വർധിപ്പിക്കാൻ യൂണിയൻ സർക്കാർ കൈക്കൊണ്ട നിയമഭേദഗതികളും നടപടികളും നമ്മുടെ ഭക്ഷ്യസുരക്ഷയുൾപ്പെടെ പലതിനെയും അപകടത്തിലാക്കുന്നതാണ്. ആ സാഹചര്യത്തിൽ ‘എഥനോൾ ഫാക്ടറി ഉണർത്തുന്ന ആശങ്കകൾ’ പ്രൊഫ. പി കെ രവീന്ദ്രൻ പങ്കുവയ്ക്കുന്നതാണ് ഗൗരവമുള്ള മറ്റൊരു ലേഖനം.
സുജിത് കുമാർ കെ എഴുതിയ ‘സൈബർ ക്രൈമിന്റെ കാണാപ്പുറങ്ങൾ’, ടി രാധാമണി എഴുതിയ ‘ആർത്തവകാല ആകുലതകൾ’ എന്നീ ലേഖനങ്ങളും ‘പുസ്തകപരിചയ’ത്തിൽ ജോസ് ചാത്തുകുളവും കിങ്സ്‌ലി എസ് അഗൊമറും മാനസി ജോസഫും ചേർന്ന് എഡിറ്റ് ചെയ്ത ‘Batho Pele Principles, Peoples’ Planning – A Study from South Africa and India’ എന്ന ഗ്രന്ഥം പരിചയപ്പെടുത്തി പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ എഴുതിയ ‘വികേന്ദ്രീകൃതാസൂത്രണം: ദക്ഷിണാഫ്രിക്കയിലും കേരളത്തിലും’ എന്ന ലേഖനവും ഈ ലക്കം ‘ശാസ്ത്രഗതി’യെ സമ്പന്നമാക്കുന്നു.
എൻ ഇ ചിത്രസേനന്റെ ‘വായനയ്ക്ക്’, ഡോ. ദീപ കെ ജി യുടെ ‘ശാസ്ത്രവാർത്ത’ കെ സതീഷിന്റെ കാർട്ടൂണായ ‘ഹരണഫലം’ എന്നീ പംക്തികളുമുണ്ട്.
ശാസ്ത്രവിദ്യാർഥികളും അധ്യാപകരും ഗവേഷകരും മറ്റു ശാസ്ത്രകുതുകികളുമെല്ലാം അവശ്യം വായിച്ചിരിക്കേണ്ടതാണ് ജൂലൈ ലക്കം ശാസ്ത്രഗതി. മാശതാബ്ദിയാഘോഷിക്കുന്ന ‘ക്വാണ്ടം സയൻസി’നു സമർപ്പിച്ചിരിക്കുകയാണ് അടുത്തലക്കം.