ശാസ്ത്രകേരളത്തില്‍ എന്തെല്ലാം….

0

 

കൗമാരക്കാർക്കു വേണ്ടിയുള്ള കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ ശാസ്ത്ര മാസികമായ ശാസ്ത്രകേരളത്തിൻ്റെ 2024 ജൂലൈ ലക്കത്തിൻ്റെ ഉള്ളടക്കത്തെക്കുറിച്ച് ശാസ്ത്ര കേരളത്തിൻ്റെ അസോസിയേറ്റ് എഡിറ്റർ  സി . എൻ . സുനിൽ എഴുതുന്നു

ശാസ്ത്രമെന്നാല്‍ അന്വേഷണമാണ്. പാഠപുസ്തകങ്ങള്‍ക്കു പുറത്തേക്ക് അന്വേഷണം നീളുമ്പോഴാണ് അറിവ് പൂര്‍ണമാകുന്നത്  അറിഞ്ഞതിനപ്പുറത്തേക്ക് ചിന്തകളെ വളര്‍ത്തുന്നതിലൂടെ പുതിയ അറിവുകളിലേക്കും പതിയെ തിരിച്ചറിവുകളിലേക്കും എത്തിച്ചേരുന്നു.

കൗമാരക്കാര്‍ക്ക് അറിവിന്റെ പൂര്‍ണത തേടാന്‍ വഴിയൊരുക്കുന്ന മലയാളത്തിലെ ശാസ്ത്രമാസികയാണ് ശാസ്ത്രകേരളം . കഴിഞ്ഞ അമ്പത്തിയഞ്ചു വര്‍ഷമായി മുടങ്ങാതെ അത് പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു.

ശാസ്ത്രകേരളത്തില്‍ എന്തെല്ലാം….

ശാസ്ത്രകേരളം താളുകള്‍ മറിക്കുമ്പോള്‍ എന്തെല്ലാം വിഭവങ്ങളുണ്ട് ? 2024 ജൂലൈ ലക്കത്തെ പരിചയപ്പെടുത്തുകയാണ് ഇവിടെ.

വ്യത്യസ്തതകളുള്ള പതിവു പംക്തികള്‍, പുതിയ ധാരണകള്‍ നല്‍കുന്ന കുറിപ്പുകള്‍, അഭിമുഖം, നീണ്ടകഥ, പദപ്രശ്നം, ക്വിസ്… വൈവിധ്യമുള്ളതും എന്നാല്‍ ആഴത്തില്‍ സ്പര്‍ശിക്കുന്നതുമായ ഒരുപിടി വിഭവങ്ങളാണ് ശാസ്ത്രകേരളത്തിലുള്ളത്.

അമ്പിളിമാമന്റെ അങ്ങേഭാഗത്തെന്താണ്എന്ന ആകര്‍ഷകമായ തലക്കെട്ടോടു കൂടി ചാന്ദ്രഗവേഷണത്തിന്റെ പുതിയ മേഖലകളിലേക്ക് വിരല്‍ചൂണ്ടുന്ന എഡിറ്റോറിയല്‍, ജൂലൈ മാസത്തിലാണ് ചാന്ദ്രദിനമെന്ന പൊതുവിജ്ഞാനത്തെ കേവലമായി ഓര്‍മിപ്പിച്ചുപോകാതെ പുത്തനറിവിന്റെ അടയാളപ്പെടുത്തലായി വായനക്കാരോട് സംവദിക്കുന്നു. ശാസ്ത്രം അന്വേഷണമാണ് എന്ന അറിവനുഭവം തന്നെയാണ് അത് പകരുന്നത്.

ഇന്ത്യയിലെ ശാസ്ത്രപഠനത്തിന്റെ വര്‍ത്തമാനകാല അവസ്ഥയെ വിലയിരുത്തിയും ശാസ്ത്രജ്ഞാനം (Science Knowledge), ശാസ്ത്രാവബോധം (Scientific Temper) എന്നിവ തമ്മിലുള്ള വിടവിനെ ചൂണ്ടിക്കാട്ടിയും കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലറും സയന്റിസ്റ്റുമായ ഡോ. എം.കെ.ജയരാജുമായി നടത്തുന്ന സംഭാഷണം സയന്‍സ് പഠനം എന്നത് ഒരു ഫാഷന്‍ എന്നതിനപ്പുറം ഒരു പാഷന്‍ എന്ന നിലയിലേക്ക് വികസിപ്പിക്കാന്‍ ‍നടത്തേണ്ട മുന്നൊരുക്കങ്ങളെപ്പറ്റി വിദ്യാര്‍ത്ഥികള്‍ക്ക് ധാരണ പകരുന്നതാണ്. സയന്‍സ് ലാബുകളില്‍ നിന്ന് ജീലിതത്തിലേക്ക് പടരട്ടെ എന്ന് പറഞ്ഞുവെക്കുന്ന അത്, ഇപ്പോള്‍ നടപ്പിലാക്കുന്ന നാലു വര്‍ഷ ബിരുദം പോലുള്ള പരിഷ്കാരങ്ങള്‍ ശാസ്ത്രപഠനത്തില്‍ എന്തുതരം മാറ്റങ്ങളാണ് ഉണ്ടാക്കുക എന്ന വര്‍ത്തമാനകാല അറിവും പങ്കുവെക്കുന്നു.

അതിപുരാതന മനുഷ്യജീവിതത്തിന്റെ സ്നാപ് ഷോട്ടുകള്‍ കൈമാറുന്ന ആര്‍കിയോ മാഗ്നെറ്റിക് പഠനങ്ങളെയാണ് ശാസ്ത്രജാലക ത്തില്‍ സരസമായി പരിചയപ്പെടുത്തുന്നത്.

നിങ്ങളാവണം പാഠപുസ്തകം, മറ്റുള്ളവര്‍ വായിക്കട്ടെ എന്ന് ആവേശപ്പെടുത്തുന്ന ലേഖനമാകട്ടെ, ഭരണഘടനയേയും ശാസ്ത്രബോധത്തേയും സംഘപ്രവര്‍ത്തനത്തേയും സുസ്ഥിരവികസനത്തേയും സൂചനകളാക്കിക്കൊണ്ട് വിദ്യാഭ്യാസമെന്നത് കേവല അറിവു നേടലല്ല എന്നും ചോദനകളുണ്ടാക്കി പ്രചോദിപ്പിക്കുന്ന തലത്തിലേക്ക് വികസിക്കലാണെന്നും ഓര്‍മിപ്പിക്കുന്നു. ഒരു നെല്ലിക്കയേയും കല്ലിനേയും ഉദാഹരിച്ചുകൊണ്ട് ഗുരുത്വാകര്‍ഷണബലം എന്ന ഇമ്മിണി ബല്യ കാര്യത്തെ ലളിതമായി അവതരിപ്പിക്കുന്നതാണ് ഭൂമിക്ക് പക്ഷപാതിത്വമുണ്ടോ_എന്ന ലേഖനം. ജപ്പാന്‍കാര്‍ യാമാത്തോ-ഹി എന്നു അരുമയായി വിളിക്കുന്ന രജതാനുപാതമൂല്യത്തെക്കുറിച്ചാണ് മറ്റൊരു കുറിപ്പ്.

സാംബിയയിലെ രത്നക്കല്ലുകളേയും പുല്ലാനി എന്ന സസ്യത്തിന്റെ സവിശേഷതകളേയും കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂര്‍ പ്രദേശത്ത് കാണപ്പെടുന്ന ടെര്‍ഷ്യറി കാലഘട്ടത്തിലെ അവസാദശിലകളേയും പരിചയപ്പെടുത്തുന്ന ലേഖനങ്ങളുള്ള ഈ ലക്കം ശാസ്ത്രകേരളത്തില്‍ മാച്ചു പിച്ചുവിലേക്കുള്ള യാത്രാനുഭവത്തിന്റെ രസകരമായ വിവരണവുമുണ്ട്. 

വാക്കിന്റെ വര്‍ത്തമാനം എന്ന പംക്തിയാകട്ടെ പുത്തന്‍കാലത്തിന്റെ പുതിയ വാക്കുകളെ, അവയുടെ ആശയത്തെ പരിചയപ്പെടുത്തുന്നു. നാനോ ആര്‍കിടെക്റ്റോണിക്സ് എന്ന പദത്തിന്റെ വര്‍ത്തമാനമാണ് ജൂലൈ ലക്കത്തിലുള്ളത്. കെ പൗതോവ്സ്കിയുടെ കാനസ് വേനാറ്റിസി എന്ന കഥയുടെ സ്വതന്ത്ര വിവര്‍ത്തനം വേട്ടനായക്കള്‍ എന്ന പേരില്‍ നീണ്ടകഥയായി പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നു. സ്കൂള്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ ലക്കത്തില്‍ പരിചയപ്പെടുത്തുന്നത് മലപ്പുറം തിരൂര്‍ ഗവ.ബോയ്സ് ഹൈസ്കൂളിലെ മിടുക്കരാണ്. 

രസതന്ത്രത്തിലെ രാസബന്ധത്തെ സൂചിപ്പിക്കുന്ന മഞ്ഞുമ്മല്‍ ബോണ്ട്സ് എന്ന കുറിപ്പും ആത്മഹത്യയല്ല പരിഹാരം എന്ന് ബോധ്യപ്പെടുത്തിത്തരുന്ന മധുരമാണെനിക്കെന്നുമീ ജീവിതം

എന്ന ലേഖനവും മികച്ച വായനാനുഭവങ്ങള്‍ കൂടിയായി ജൂലൈ ലക്കത്തിലുണ്ട്. 

കണ്ടുശീലിച്ചവയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ അറിവനുഭവം പകരുന്ന പദപ്രശ്നം, ക്വിസ് കോര്‍ണര്‍, ഗണിതസൂത്രങ്ങള്‍ രസകരമായി പരിചയപ്പെടുത്തുന്ന ഗണിതലീല, ആര്‍ക്കും ചെയ്യാവുന്ന ലളിത ശാസ്ത്രപരീക്ഷണങ്ങള്‍ പഠിപ്പിച്ചു തരുന്ന ഹോം ലാബ്, വായനക്കാരെ ഉത്തരം തേടാന്‍ പ്രാപ്തരാക്കുന്ന ഒറ്റച്ചോദ്യം, വര്‍ണക്കുപ്പായക്കാരായ ചിത്രശലഭങ്ങളെ ഓരോന്നായി പരിചയപ്പെടുത്തല്‍, ഏറ്റവും പുതിയ ശാസ്ത്രവാര്‍ത്തയെ സമഗ്രതയോടെ അവതരിപ്പിക്കുന്ന ചെറുകുറിപ്പ്…. ശാസ്ത്രകേരളത്തിലെ ഓരോ പംക്തിയും വിദ്യാര്‍ത്ഥികളിലേക്ക് അറിവിന്റെ പുതുവാതായനങ്ങള്‍ തുറക്കുന്നവ തന്നെയാണ്.

എഴുത്തിനു മാത്രമല്ല ആശയസംവേദനശേഷി എന്ന് ഓര്‍മിപ്പിച്ചുകൊണ്ടുള്ള കാര്‍ട്ടൂണ്‍ ചിത്രങ്ങളും മനോഹരമായ ലേ-ഔട്ടും ആകര്‍ഷകമായ കവറും ശാസ്ത്രകേരളത്തെ ഓജസ്സുറ്റതായി നിലനിര്‍ത്തുന്നുണ്ട് എന്നതു കൂടി പറയാതെ വയ്യ.

Leave a Reply

Your email address will not be published. Required fields are marked *