തൃശൂർ കോർപ്പറേഷൻപരിധിയിലെ പൊതു ശൗചാലയങ്ങളുടെ തത്സ്ഥിതി പഠനം
14/07/23
തൃശൂർ: നഗരത്തിൽ ദിനം പ്രതി വന്നു പോകുന്നവരുടെ എണ്ണവുമായി താരതമ്യ പെടുത്തിയാൽ പൊതു ശൗചാലയങ്ങളുടെ എണ്ണത്തിൽ കാര്യമായ കുറവ് ഇല്ലെങ്കിലും ഭൂരിഭാഗം ശൗചാലയങ്ങളും ജനങ്ങൾ കയറാൻ മടിക്കുന്ന വിധം വൃത്തിഹീനമാണെന്ന് പരിഷത്ത് പഠന റിപ്പോർട്ട്. ആസിയാൻ പബ്ലിക് ടോയ്‌ലറ്റ് സ്റ്റാൻഡേർഡ് അനുസരിച്ചുള്ള മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നഗരത്തിലെ ശുചി മുറികൾ നിർമ്മിച്ചിട്ടുള്ളതെന്ന്റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു. പൊതു ശൗചാലയങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള പൊതു ബോധം വളരണമെന്നും ശൗചാലയങ്ങളുടെ പരിപാലനത്തിനും അറ്റകുറ്റപ്പണികൾക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഫണ്ട് വകയിരുത്തണമെന്നും ഭാരവാഹികൾ പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പരിഷത്തിന്റെ വജ്ര ജൂബിലി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് പഠനം നടത്തിയത്. കോർപ്പറേഷൻ പരിധിയിലെ 21 കേന്ദ്രങ്ങളിൽ നിന്നുമായി 1205 പേരെ നിശ്ചിത ചോദ്യാവലി ഉപയോഗിച്ച് കേരള വർമ്മ കോളേജിലെ വിദ്യാർഥികളുടെ സഹകരണത്തോടെയാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയത്. പഠന റിപ്പോർട്ട് കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പി കെ ഷാജന് കൈമാറി. വാർത്താ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി പി എസ് ജൂന, പ്രസിഡന്റ് പ്രൊഫ സി വിമല, എം ജി ജയശ്രീ, ശശികുമാർ പള്ളിയിൽ, എം എൻ ലീലാമ്മ എന്നിവർ പങ്കെടുത്തു