വി.മനോജ് സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ദേശീയ റിവ്യു മിഷന്‍ അംഗം
രാജ്യത്ത് നടക്കുന്ന സ്‌കൂള്‍ ഉച്ചഭക്ഷണ-ആരോഗ്യ പരിപാടികള്‍ റിവ്യു ചെയ്യുന്നതിനുള്ള 9-ാം ദേശീയ റിവ്യു മിഷന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം രൂപം നല്‍കി. ബീഹാര്‍, മിസോറാം, ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഈ വര്‍ഷം ‘മിഷന്റെ’ നേതൃത്വത്തില്‍ പദ്ധതി വിലയിരുത്തല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുക.
കര്‍ണാടകത്തില്‍നിന്നുള്ള സീനിയര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ചിരഞ്ജീവ് സിംഗ് ആണ് 9-ാം മിഷന്റെ ലീഡര്‍. സംഘത്തില്‍ 12 പേര്‍ അംഗങ്ങളാണ്. ഈ സംഘത്തിലേക്ക് കൊടുങ്ങല്ലൂര്‍ സ്വദേശിയും വിദ്യാഭ്യാസ പ്രവര്‍ത്തകനും നാരായണമംഗലം യൂണിയന്‍ എല്‍.പി. സ്‌കൂള്‍ അധ്യാപകനുമായ വി.മനോജും തെരഞ്ഞെടുക്കപ്പെട്ടു. പരിഷത്ത് തൃശ്ശൂര്‍ ജില്ലാ കമ്മറ്റി അംഗമാണ്. നേരത്തെ കേരളത്തിലെ സ്‌കൂള്‍ ഉച്ചഭക്ഷണ-ആരോഗ്യ പരിപാടികളുടെ വിലയിരുത്തലിനായി സുപ്രീം കോടതി രൂപീകരിച്ച കമ്മീഷനിലും മനോജ് പ്രവര്‍ത്തിച്ചിട്ടുണ്ട്.