വാക്സിനേഷൻ നമ്മുടെ നാടിന്റെ ആരോഗ്യത്തിന് ; വാക്സിനേഷൻ കാമ്പയിന്‍ ആരംഭിച്ചു
‘വാക്സിനേഷൻ നമ്മുടെ നാടിന്റെ ആരോഗ്യത്തിന്’ എന്ന ആശയം മുന്‍നിർത്തി താനാളൂർ പഞ്ചായത്തിന്റെയും താനാളൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സഹകരണത്തോടെ പഞ്ചായത്തിലെ 14 വേദികളിലായി ആരോഗ്യ ക്ലാസുകൾ സംഘടിപ്പിച്ചു. സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജ് വിദ്യാർഥികളുടെ കൂട്ടായ്മ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാമ്പസ് ശാസ്ത്രസമിതി എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഡിഫ്ത്തീരിയ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് കാമ്പയിന്‍.
പകര എ.എം.എൽ.പി സ്കൂളിൽ വെച്ച് വി.അബ്ദുള്‍ റഹിമാൻ എം.എൽ.എ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക് പ്രസിഡണ്ട് സി.കെ.എം. ബാപ്പുഹാജി, പഞ്ചായത്ത് പ്രസിഡണ്ട് വി.അബ്ദുൽ റസാഖ്, ഡോ.അരുൺ എൻ.എം, ഡോ സൈറു ഫിലിപ്, ഡോ. ബിനൂപ് തുടങ്ങിയവർ സംസാരിച്ചു. താനാളൂർ, പാണ്ടിയാട്ട്, മീനടത്തൂർ, തറയിൽ, പുതുക്കുളങ്ങര, കോരങ്കാവ് , പട്ടർപറമ്പ് കേന്ദ്രങ്ങളിലായി മൂവായിരത്തോളം പേർ ക്ലാസുകളിലും സംവാദങ്ങളിലും പങ്കെടുത്തു. ആശാ പ്രവർത്തകർ, സ്കൂൾ പി.ടി.എ.കൾ, അയൽക്കൂട്ടങ്ങൾ, പഞ്ചായത്ത് ഗ്രാമസഭകൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ ജനകീയ പ്രചാരണ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി നടന്നു.