വിദ്യാസമ്പന്നർ അന്ധവിശ്വാസങ്ങളുടെ പിടിയിൽ – ഡോ. സുനിൽ പി ഇളയിടം
ശാസ്ത്ര സാംസ്ക്കാരികോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോ. സുനിൽ പി ഇളയിടം സംസാരിക്കുന്നു.
എറണാകുളം: കേരളത്തിലെ യുവാക്കൾ വിദ്യാസമ്പന്നരാണെങ്കിലും ബഹുഭൂരിപക്ഷവും ശാസ്ത്രാവബോധമില്ലാതെ മന്ത്രവാദമടക്കമുള്ള അന്ധവിശ്വാസങ്ങളുടെ പിടിയിലമർന്നിരിക്കുകയാണെന്ന് വാവക്കാട് എസ്.എന്‍.ഡി.പി. മൈതാനിയിൽ ശാസ്ത്ര സാംസ്ക്കാരികോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോ. സുനിൽ പി ഇളയിടം അഭിപ്രായപ്പെട്ടു.
ശാസ്ത്ര ബോധത്തെ ജനകീയവൽക്കരിക്കാനും കീഴ്തട്ടിലെ ജനാധിപത്യവൽക്കരണ പ്രക്രിയയിൽ അതിനെ കൂട്ടിയിണക്കാനും വേണ്ടിയുള്ള അതിവിപുലമായ ഒരു പരിശ്രമമുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എസ് സനീഷ് അധ്യക്ഷനായ ഉദ്ഘാടന യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് എ പി മുരളീധരൻ ആമുഖ പ്രഭാഷണം നടത്തി.
വടക്കേക്കര ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി എസ് സന്തോഷ്, ജില്ലാ സെക്രട്ടറി കെ ആര്‍ ശാന്തീദേവി, പറവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാബു തമ്പുരാട്ടി, ടി ഡി രാജപ്പൻ എന്നിവർ സംസാരിച്ചു.
പറവൂർ മേഖലയുടേയും വാവക്കാട് ഗുരുദേവ മെമ്മോറിയൽ വായനശാലയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ജനാധിപത്യം, ശാസ്ത്രബോധം, മതേതരത്വം മുതലായ മൂല്യങ്ങളിലൂന്നിയാണ് ഫെബ്രുവരി – മാർച്ച് മാസക്കാലങ്ങളിൽ ശാസ്ത്ര സാംസ്കാരികോത്സവം അരങ്ങേറുന്നത്.