നവീന സർഗ്ഗാവിഷ്കാരങ്ങൾ തേടാനുള്ള ആഹ്വാനത്തോടെ വികെഎസ് ശാസ്ത്രസാംസ്കാരികോത്സവത്തിനു സമാപനം

0

*ഇന്നു വേണ്ടത് ‘ക്രോധത്തിൻ്റെ കല’: പ്രമോദനവും പ്രബോധനവുമല്ല, പ്രകോപനമാകണം ഇന്നു കലയുടെ ധർമ്മം. വ്യവസ്ഥിതിയെ ചൊടിപ്പിക്കുന്ന ക്രോധത്തിൻ്റെ നാടകം (Theatre of wrath) ആണ് രൂപപ്പെടേണ്ടത്”    –    എം. എം. നാരായണൻ

 

വികെഎസ് ശാസ്ത്രസാംസ്കാരികോത്സവത്തിൽ ‘കല: പ്രതിബദ്ധത, പ്രചാരണം’ എന്ന വിഷയത്തിൽ എം.എം. നാരായണൻ പ്രഭാഷണം നടത്തുന്നു.

കോട്ടക്കല്‍: പ്രമോദനവും പ്രബോധനവുമല്ല,   പ്രകോപനമാകണം ഇന്നു കലയുടെ ധർമ്മമെന്ന് പ്രൊഫ. എം. എം. നാരായണൻ അഭിപ്രായപ്പെട്ടു. വ്യവസ്ഥിതിയെ ചൊടിപ്പിക്കുന്ന ക്രോധത്തിൻ്റെ നാടകം (Theatre of wrath) ആണ് രൂപപ്പെടേണ്ടതെന്നും കേരള ശാസ്ത്രസാഹിത്യപരിഷത്ത് സംഘടിപ്പിച്ച ‘വികെഎസ് ശാസ്ത്രസാംസ്കാരികോത്സവത്തിൽ ‘കല: പ്രതിബദ്ധത, പ്രചാരണം’ എന്ന വിഷയത്തിലെ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. തെരുവിൽ കളിച്ചാൽ തെരുവുനാടകമാകില്ല. നാടകം തെരുവിൽ ഉണ്ടായി വികസിച്ച് ഇല്ലാതാകണം.

തനതുസംസ്കൃതിയിലെ അടിസ്ഥാനബിംബങ്ങളിലൂടെ, കടംകഥപോലുള്ള കാവ്യഭാഷയിലൂടെ, ചിമിഴിലൊതുക്കി അവതരിപ്പിക്കണം. അമൂർത്തമായതിനെ മൂർത്താനുഭവമാക്കാൻ കലയ്ക്കു കഴിയണമെന്നും എം. എം. നാരായണൻ പറഞ്ഞു. പരിഷത്ത് മുൻ ജനറൽ സെക്രട്ടറി വി. വിനോദ് അധ്യക്ഷനായി. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ. ടി. എസ്. മാധവൻകുട്ടി സ്വാഗതവും ജില്ലാക്കമ്മിറ്റിയംഗം ഒ. സത്യഭാമ നന്ദിയും പറഞ്ഞു.

 

കലാസാംസ്കാരിക മേഖലയിലെ സ്ത്രീപക്ഷരാഷട്രീയം’ എന്ന പാനൽ ചർച്ചയിൽ എഴുത്തുകാരി ഇ. എൻ. ഷീജ, ഡോ. സംഗീത ചേനംപുല്ലി, ബി. രമേശ് എന്നിവർ സംസരിച്ചു. ശ്രീജ ആറങ്ങോട്ടുകര മോഡറേറ്ററായി.   ഇ. വിലാസിനി സ്വാഗതവും എ. പി. രാമചന്ദ്രൻ നന്ദിയും പറഞ്ഞു.

 

 

നാഗരികത മുന്നോട്ടു പോകുന്നത് തലമുറകളിലൂടെയുള്ള വൈജ്ഞാനിക, സാംസ്കാരിക വിനിമയത്തിലൂടെയാണെന്നും അതു മുറിയുന്നത് പൊതുമണ്ഡലത്തെ ഗുരുതരമായി ബാധിക്കുകയാണെന്നും ‘ശാസ്ത്രകലാജാഥ പുതുലോകക്രമത്തിൽ’ എന്ന പാനൽ ചർച്ചയിൽ ഡോ. കെ. എം. അനിൽ പറഞ്ഞു. ‘നൗ ടൈമി’നെ മറികടക്കാൻ ഇന്നത്തെ കുട്ടികൾക്കു കഴിയുന്നില്ല. സയൻസിനെ സംശയത്തോടെ കാണുന്ന, ചിന്തയുടെയും ഭാവനയുടെയും ലോകത്തു സയൻസിനു മേൽക്കോയ്മ നഷ്ടപ്പെടുന്ന, വ്യാജശാസ്ത്രങ്ങൾ സ്വീകാര്യത നേടുന്ന ‘റിസ്ക് സമൂഹ’മായി കേരളം മാറിയിരിക്കുന്നു. ഈ സാംസ്കാരികഘട്ടത്തിലാണു പുതിയ തലമുറ വളരുന്നത്. ആധുനികതയുടെയും പാരമ്പര്യത്തിൻ്റെയും കൂടിക്കലരലടക്കം പല പിൻനടത്തങ്ങൾ സംഭവിക്കുന്ന പൊതുമണ്ഡലത്തെ മനസിലാക്കി ഇടപെട്ടുകൊണ്ടല്ലാതെ ഇന്നത്തെ പ്രതിസന്ധി മറികടക്കാനാവില്ലെന്നും ഡോ. കെഎം. അനിൽ ചൂണ്ടിക്കാട്ടി. സെഷനിൽ കാവുമ്പായി ബാലകൃഷ്ണൻ അദ്ധ്യക്ഷനായി.  ടി. വി. വേണു ഗോപാലൻ സംസാരിച്ചു. കോട്ടയ്ക്കൽ മുരളി സ്വാഗതവും സജിൻ പി. നന്ദിയും പറഞ്ഞു.

ജാതിവ്യവസ്ഥയെ എന്നപോലെ തിരസ്കരിക്കേണ്ടതാണു വൃത്തങ്ങളെന്ന് ‘പാട്ടും താളവും’ എന്ന പ്രഭാഷണത്തിൽ എം. എം. സചീന്ദ്രൻ പറഞ്ഞു. “ജീവിതവും സംസ്കാരവുമായി ഇണങ്ങി രൂപപ്പെട്ടുവന്ന താളങ്ങളാകണം കാവ്യാനുശീലനത്തിൻ്റെ അടിസ്ഥാനം. ഭാവത്തിനും സന്ദർഭത്തിനും അനുസൃതമായി വ്യത്യസ്തകാലങ്ങളിൽ അവ ആലപിക്കാനാകും.” നിരവധി ഈണതാളങ്ങളുടെ ഉദാഹരണങ്ങളിലൂടെ എം. എം.സചീന്ദ്രൻ കാഴ്ചപ്പാടു വ്യക്തമാക്കി. സ്മിത മേലേടത്ത് സ്വാഗതവും വി. ആർ. പ്രമോദ് നന്ദിയും പറഞ്ഞു.

സമാപനസമ്മേളനത്തിൽ പരിഷത്ത് മുൻ ജനറൽ സെക്രട്ടറി വി. വി. ശ്രീനിവാസൻ്റെ അദ്ധ്യക്ഷനായി. പരിഷത്ത് ജനറൽ സെക്രട്ടറി പി. വി. ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി.പ്രാദേശികപ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.  ജില്ലാ സെക്രട്ടറി വി. രാജലക്ഷ്മി,  ജില്ലാ പ്രസിഡൻ്റ് സി. പി. സുരേഷ് ബാബു, കഥകളി സംഗീതജ്ഞൻ കോട്ടക്കൽ നാരായണൻ, സംസ്ഥാന കൺവീനർ എസ്.ജയകുമാർ , ചെയർമാൻ ജി രാജശേഖരൻ, സംഘാടകസമിതി ചെയർമാൻ പത്മനാഭൻ മാസ്റ്റർ, ജനറൽ കൺവീനർ എസ് ജയശങ്കർപ്രസാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. എം. എസ്. മോഹനൻ സ്വാഗതവും വി. വി. മണികണ്ഠൻ നന്ദിയും പറഞ്ഞു.

കോട്ടക്കൽ രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വി കെ എസ് ശാസ്ത്ര സാംസ്കാരികോത്സവത്തിൽ മികച്ച നടിക്കുള്ള ചലച്ചിത്ര അവാർഡ് ജേതാവ് ബീന ആർ. ചന്ദ്രൻ ഏകപാത്രനാടകം ‘ഒറ്റഞാവൽമരം’ അവതരിപ്പിക്കുന്നു.

മികച്ച നടിക്കുള്ള ചലച്ചിത്ര അവാർഡ് ജേതാവ് ബീന ആർ. ചന്ദ്രൻ്റെ ഏകപാത്രനാടകം ‘ഒറ്റഞാവൽമരം’, ഷീലാമണിയുടെ ഏകപാത്രനാടകം ‘മാത്തിരിയുടെ സുവിശേഷം’, ലഘുനാടകങ്ങൾ, ശാസ്ത്രകലാജാഥാഗാനങ്ങൾ, വികെഎസ് ഈണമിട്ട മറ്റു ഗാനങ്ങൾ എന്നിവ  രണ്ടുദിവസത്തെ ശാസ്ത്രസാംസ്കാരികോത്സവത്തിൽ അവതരിപ്പിച്ചു. ഷബീർ അലി ഗസൽ സന്ധ്യ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed