വി കെ എസ് ശാസ്ത്ര സാംസ്കാരികോത്സവത്തിന് മലപ്പുറത്ത് തുടക്കമായി

0

കോട്ടക്കല്‍: നാലാമത് വി കെ എസ് ശാസ്ത്ര സാംസ്കാരികോത്സവത്തിന് മലപ്പുറത്ത് തുടക്കമായി. കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രശസ്ത അഭിനേത്രി സജിത മഠത്തിൽ ശാസ്ത്ര സാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്തു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി വി കെ എസ് അനുസ്മരണ പ്രഭാഷണം നടത്തി.

വി കെ എസ് ഗാനങ്ങളുടെ അവതരണത്തോടെയാണ് പരിപാടി ആരംഭിച്ചത്. കോട്ടക്കൽ മുരളി, ഗൗതം കൃഷ്ണ, രമ ടി മോഹൻ, സുരേഷ് പുല്ലാട്ട് എന്നിവർ ഗാനാവതരണങ്ങൾ നടത്തി.

ഉദ്ഘാടന സെഷനിൽ പരിഷത്ത് സംസ്ഥാന പ്രസിഡൻ്റ് മീരഭായി ടി.കെ. അധ്യക്ഷയായി.  കല- സംസ്കാരം സംസ്ഥാന കൺവീനർ ജയകുമാർ എസ് ആമുഖാവരണം നടത്തി. കോട്ടക്കൽ മുനിസിപ്പൽ ചെയർപേഴ്സൺ ഡോ.ഹനീഷ , വാർഡ് കൗൺസിലർ സനില പ്രവീൺ, പരിഷത്ത് മലപ്പുറം ജില്ലാ സെക്രട്ടറി വി രാജലക്ഷ്മി, സ്കൂൾ പ്രധാനധ്യാപിക വി.ജെ. ബബിത, എം.എസ്. മോഹനൻ, ജി. രാജശേഖരൻ എന്നിവർ സന്നിഹിതരായി. സ്വാഗത സംഘം ചെയർമാൻ കെ. പത്മനാഭൻ മാസ്റ്റർ സ്വാഗതവും ജനറൽ കൺവീനർ എസ്. ജയശങ്കർ പ്രസാദ് നന്ദിയും പറഞ്ഞു.

രണ്ടു ദിവസത്തെ പരിപാടിയിൽ ആദ്യദിനം പാട്ടും പോരാട്ടവും – പ്രഭാഷണം, ശാസ്ത്ര കലാപരിപാടികൾ – പുതുലോക ക്രമത്തിൽ പാനൽ ചർച്ച, ശാസ്ത്ര കലാജാഥയുടെ ചരിത്ര പുസ്തക പ്രകാശനം, മലപ്പുറം ജില്ലയിലെ പഴയ കാല പരിഷത്ത് അംഗങ്ങളെ ആദരിക്കൽ, ലൂക്ക – ക്വാണ്ടം എക്സിബിഷൻ മ്യൂസിക് ബാൻ്റ് , നാടകാവതരണങ്ങൾ, കലാ സന്ധ്യ എന്നിവ ഉണ്ടാകും.

രണ്ടാം ദിനമായ ഞായറാഴ്ച കല സാംസ്കാരിക മേഖലയിലെ സ്ത്രീപക്ഷ രാഷ്ട്രീയം – പാനൽ ചർച്ച, കല : പ്രതിബദ്ധത, പ്രചാരണം – പ്രഭാഷണം, പാട്ടും താളവും, കലാപരിപാടികൾ, സമാപന സമ്മേളനം എന്നിവ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *