മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ ശാസ്ത്രീയ ഇടപെടലുകൾ ഉണ്ടാവണം: വയനാട് ജില്ലാ സമ്മേളനം
കൽപറ്റ: വർധിച്ചു വരുന്ന മനുഷ്യ വന്യ ജീവി സങ്കർഷ സാഹചര്യങ്ങൾ ലഘൂകരിക്കുന്നതിനും അതുമൂലം മനുഷ്യജീവനും സ്വത്തിനും ഉണ്ടാകുന്ന നഷ്ടങ്ങൾ കുറയ്ക്കുന്നതിനും ശാസ്ത്രീയവും ജനകീയവുമായ ഇടപെടൽ ആവശ്യമാണ്. നിലവിലെ സാഹചര്യത്തിൽ വന്യ ജീവി പരിപാലനത്തിന്റെയും സങ്കർഷ ലഘൂകരണ മാർഗ്ഗങ്ങളുടെയും കാര്യക്ഷമത കൃത്യതയോടെ പഠിക്കുകയും കാലാനുസൃതമായി പരിഷ്കരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ സമ്മേളനം ആവശ്യപെട്ടു.
പുളിയാർമല ഗവ.യു പി സ്കൂളിൽ ഏപ്രിൽ 5, 6 തിയ്യതികളിൽ നടന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ സമ്മേളനം പിരിഷത്ത് സംസ്ഥാന വൈസ് പ്രവിഡൻ്റ് ഡോ.പി യു മൈത്രി “ശാസ്ത്രലോകവും തീവ്രവലതുപക്ഷവും ” എന്ന വിഷയം അവതരിപ്പിച്ച് ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് ടി പി സന്തോഷ് അദ്ധ്യക്ഷനായി പരിഷത്ത് ഉത്തര മേഖലാ സെക്രട്ടറി എൻ ശാന്തകുമാരി സംഘടനാറിപ്പോർട്ട് അവതരിപ്പിച്ചു.
വർധിച്ചു വരുന്ന പ്രകൃതി ദുരന്തങ്ങളുടെ സാഹചര്യത്തിൽ ദുരന്ത സാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്ന മനുഷ്യർക്ക് സുരക്ഷയും മാന്യമായ നഷ്ട പരിഹാരം അവകാശമാക്കി മാറ്റുന്ന നയ സാദ്ധ്യതകൾ പരിഗണിക്കണം എന്ന് ആവശ്യപെടുന്ന പ്രമേയവും സമ്മേളനത്തിൽ അവതരിപ്പിച്ചു.
ജില്ലാ ഭാരവാഹികളായി പി അനിൽകുമാർ ( പ്രസിഡൻ്റ്), ഇ ജി ചന്ദ്രലേഖ, വി കെ മനോജ് ( വൈസ് പ്രസിഡൻ്റുമാർ), കെ പി സുനിൽകുമാർ ( സെക്രട്ടറി), കെ ആർ ചിത്രാവതി, എ ജനാർദ്ധനൻ ( ജോയിൻ്റ് സെക്രട്ടറിമാർ), ടി പി സന്തോഷ് (ട്രഷറർ) എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.