പാട്ടും ഘോഷവുമായി ശ്രീചിത്ര ഹോം നെഹ്രു യുറീക്കാ ബാലവേദിയുടെ സർഗ്ഗമാസിക ‘ചിറകുകൾ’ പ്രകാശനം ചെയ്തു
ശ്രീ ചിത്ര ഹോമിലെ വിദ്യാർത്ഥികൾ അംഗമായ നെഹ്രു യുറീക്ക ബാലവേദിയിലെ കുരുന്നുകളുടെ രചനകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ‘ചിറകുകൾ’ സർഗ്ഗമാസിക കൊച്ചുകൂട്ടുകാർക്കു നല്കി കവി ഗിരീഷ് പുലിയൂർ പ്രകാശനം ചെയ്യുന്നു. ഹോം സൂപ്രണ്ട് വി. ബിന്ദു, അനന്തപദ്മനാഭൻ എം., അനുപമ എം., പി. ജയകുമാർ, സി. റോജ എന്നിവർ.
തിരുവനന്തപുരം: ശ്രീ ചിത്ര ഹോമിലെ വിദ്യാർത്ഥികൾ അംഗമായ നെഹ്രു യുറീക്ക ബാലവേദിയിലെ കുരുന്നുകളുടെ രചനകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ‘ചിറകുകൾ’ സർഗ്ഗമാസിക കവി ഗിരീഷ് പുലിയൂർ പ്രകാശനം ചെയ്തു. തുടർന്ന്, നൂറ്റമ്പതിൽപ്പരം കുട്ടികളിലേക്ക് ഇറങ്ങിച്ചെന്ന് അവരെ ഇളക്കിമറിച്ച കവിക്കൊപ്പം കവിതകളും പാട്ടുകളും ഏറ്റുപാടിയും കൈകൊട്ടിയും ചിരിച്ചും കുട്ടികളും ചടങ്ങു കൊഴുപ്പിച്ചു.
രാജ്യം ഉപേക്ഷിച്ച് ഒന്നുമില്ലാത്തവനായ ഗൗതമബുദ്ധനും കൽപ്പണിക്കാരന്റെ മകനായ സോക്രട്ടീസും മരപ്പണിക്കാരന്റെ മകനായ യേശു ക്രിസ്തുവും അനാഥനായി വളർന്ന മുഹമ്മദ് നബിയും ചെരുപ്പുകുത്തിയുടെ മകനായിരുന്ന ഗുരു നാനാക്കും ചങ്ങാടം തുഴയുന്ന തൊഴിലാളിയുടെ മകനായി പിറന്ന എപിജെ അബ്ദുൾകലാമും ലോകത്തോളം വളർന്ന കഥകൾ കവി ഗിരീഷ് പുലിയൂർ പറഞ്ഞുകൊടുത്തു. അവരെല്ലാം ലോകത്തിനു നല്കിയ ‘കൊല്ലരുത്! കൊല്ലപ്പെടരുത്!’ എന്ന സ്നേഹസന്ദേശം ആവർത്തിച്ചുപറയിച്ച് ഉറപ്പിച്ചു. കുന്നോളം, കടലോളം സ്വപ്നം കണ്ട് അതിനായി കഠിനാദ്ധ്വാനം ചെയ്യാൻ ആഹ്വാനം ചെയ്യുന്ന കവിത ചൊല്ലിപ്പഠിപ്പിച്ചു.
‘ചിറകുകൾ’ സർഗ്ഗമാസികയുടെ 58 താളുകളെ സമ്പന്നമാക്കുന്ന കുട്ടികളുടെ ഭാവനയും കാഴ്ചപ്പാടുകളും അനുഭവങ്ങളും വിജ്ഞാനങ്ങളുമെല്ലാം ഒന്നിനൊന്നു മികചതാണെന്നു കേരള ശാസ്ത്രസാഹിത്യപരിഷത്ത് മുൻ സംസ്ഥാനപ്രസിഡന്റ് കെ കെ. കൃഷ്ണകുമാർ പറഞ്ഞു. ആദ്യലക്കത്തിൽ എഴുതുകയും വരയ്ക്കുകയുംചെയ്യാത്തവർകൂടി ഇനി എഴുതണമെന്നും അതെല്ലാം ചേർത്ത് കൂടുതൽ മികച്ച ലക്കങ്ങൾ ഇനിയും ഉണ്ടാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മാസിക കുട്ടികൾക്കു വായിക്കാനായി ഹോമിലെ ലൈബ്രറിയിൽ വരുംദിവസങ്ങളിൽ ലഭ്യ്യമാക്കുമെന്ന് സൂപ്രണ്ട് വി. ബിന്ദു അറിയിച്ചു.
ബാലവേദിയംഗം അനുപമ എം. അധ്യക്ഷയായ ചടങ്ങിൽ പരിഷത്ത് ജില്ലാക്കമ്മിറ്റിയംഗം ടി. പി. സുധാകരൻ, തിരുവനന്തപുരം മേഖലാപ്രസിഡന്റ് സി. റോജ, പരിഷദ്ഭവൻ യൂണിറ്റ് പ്രസിഡന്റ് പി. ജയകുമാർ തുടങ്ങിയവർ സംബന്ധിച്ചു. ബാലവേദി അംഗങ്ങളായ അനന്തപദ്മനാഭൻ എം. സ്വാഗതവും വൈഗ എസ്. എസ്. നന്ദിയും പറഞ്ഞു.