ആകാശവിസ്മയം കാണാൻ ആവേശപൂർവ്വം…
തൃശ്ശൂർ: ജില്ലയിൽ 200ഓളം കേന്ദ്രങ്ങളിൽ ഗ്രഹണക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കിയിരുന്നു. തൃശ്ശൂർ നഗരത്തിൽ പ്രധാനമായും രണ്ട് കേന്ദ്രങ്ങളിലാണ് ഗ്രഹണം കാണാൻ സൗകര്യം ഒരുക്കിയത്. രാമവർമ്മപുരം വിജ്ഞാൻസാഗർ ശാസ്ത്രസാങ്കേതിക പാർക്കുമായി സഹകരിച്ചായിരുന്നു അതിലൊന്ന് . മറ്റൊന്ന് , തൃശ്ശൂർ കിഴക്കേ ഗോപുരനടയിൽ എക്സിബിഷൻ ഗ്രൗണ്ടിലും.
വിജ്ഞാൻസാഗർ ഗേറ്റിനു മുന്നിൽ രാവിലെ എട്ടിനു മുമ്പുതന്നെ ജനം തടിച്ചുകൂടി തുടങ്ങിയിരുന്നു. അവിടെ നടന്ന പരിപാടിയിൽ കോർപ്പറേഷൻ മേയർ അജിത വിജയൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ. കെ ഉദയപ്രകാശൻ, ജില്ലാ കളക്ടർ എസ് ഷാനവാസ്, വിജ്ഞാൻസാഗർ ഡയറക്ടർ ഡോ. കെ. ആർ. ഡയസ്, ജില്ലാസെക്രട്ടറി ടി.സത്യനാരായണൻ, ജില്ലാപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എം പദ്മിനി, ജെന്നി ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി ജി ശങ്കരനാരായണൻ, പി ആർ സുരേഷ് ബാബു എന്നിവർ നേതൃത്വം നൽകി.
സംസ്ഥാന കമ്മിറ്റി അംഗം കെ എസ് സുധീർ, വിജ്ഞാൻസാഗർ ഉപദേശകൻ ഡോ. ടി ആർ ഗോവിന്ദൻ കുട്ടി, ടെക്നിക്കൽ ഓഫീസർ വി എസ് ശ്രീജിത്ത് എന്നിവർ വിശദീകരണ ക്ലാസെടുത്തു. വന്നവർക്കെല്ലാം കേക്കും ചായയും നൽകി.
തേക്കിൻകാട് മൈതാനത്തെ കിഴക്കേ ഗോപുരനടയിൽ നടന്ന ഗ്രഹണക്കാഴ്ചയ്ക്ക് പ്രൊഫ. കെ ആർ ജനാർദ്ദനൻ, ഡോ. കാവുമ്പായി ബാലകൃഷ്ണൻ, സി വിമല, പി കെ വിജയൻ, ഇ ഡി ഡേവിസ്, മേഖലാസെക്രട്ടറി ടി കെ സത്യൻ, എ പി സരസ്വതി, ഉഷ എന്നിവർ നേതൃത്വം നൽകി. സൗരക്കണ്ണട വിതരണവും സംശയനിവാരണവും ലഘുഭക്ഷണവും ഉണ്ടായിരുന്നു.
തിരുവനന്തപുരം: പുല്ലൂർമുക്ക് ഗവ.എം.എൽ.പി.എസും ദേശീയ ഗ്രന്ഥശാലയും പരിഷത്തും സംയുക്തമായി ഗ്രഹണ ദിനത്തിലും തൊട്ടടുത്ത ദിവസങ്ങളിലും ‘സൗര 2019 ‘ എന്ന പേരിൽ വൈവിധ്യമാർന്ന പരിപാടികൾസംഘടിപ്പിച്ചു.
ശാസ്ത്രഗതി ചീഫ് എഡിറ്റർ രമേശ് നയിച്ച പഠന ക്ലാസ് ഗ്രഹണത്തെ സംബന്ധിച്ച തെറ്റിദ്ധാരണകളകറ്റാൻ സഹായകമായി. രക്ഷിതാക്കളുടെയും കുട്ടിക കൂടെയും പൊതുജനങ്ങളുടെയും സംശയങ്ങൾക്ക് അദ്ദേഹം മറുപടി നല്കി. അനുബന്ധമായി വീഡിയോ പ്രദർശനവും സൗരക്കണ്ണട നിർമാണ ശില്പശാലയും സംഘടിപ്പിച്ചു. ‘ശാസ്ത്രീയ മനോഭാവം രൂപപ്പെടുത്തുക ‘ എന്ന പാഠ്യപദ്ധതി ലക്ഷ്യം നേടിയെടുക്കാൻ സാമൂഹിക പങ്കാളിത്തത്താൽ സംഘടിപ്പിക്കപ്പെടുന്ന ഇത്തരം ജനകീയ വിദ്യാദ്യാസ പ്രവർത്തനങ്ങൾക്ക് സാധിക്കുമെന്ന് സ്റ്റാഫ് സെക്രട്ടറി ഷഹിൻ.പി.എം പറഞ്ഞു.
ദേശീയ ഗ്രന്ഥശാല സെക്രട്ടറി ഷാജഹാൻ, പരിഷത്ത് പ്രതിനിധി രാജീവ്, നവാസ് തുടങ്ങിയവർ സംസാരിച്ചു.