ഇത് വെളിച്ചെണ്ണയോ?

1

(കൊടകര മേഖല നടത്തിയ ഇടപെടലിന്റെ സംഗ്രഹിച്ച റിപ്പോര്‍ട്ട്)

 

വെളിച്ചെണ്ണയിൽ മിനറൽ ഓയിൽ, പാമോയിൽ, പനങ്കുരു എണ്ണ എന്നിവ കലർത്തി കുറഞ്ഞവിലക്ക് വില്പന നടത്തുന്നതുസംബന്ധിച്ച് 2014 ഡിസംബർ 31 ന് നാളികേരവികസന ബോർഡ് ആരോഗ്യകുടുംബക്ഷേമ സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതെത്തുടര്‍ന്ന് സംസ്ഥാനത്തെ ഫുഡ് സേഫ്റ്റി ഓഫീസർമാർ വിവിധ സ്ഥലങ്ങളിൽനിന്ന് 200-ൽപരം സാമ്പിളുകൾ ശേഖരിച്ച് ഫുഡ് ടെസ്റ്റിംഗ് ലാബുകളിൽ പരിശോധിച്ച് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനാല്‍ 14 വെളിച്ചെണ്ണ ബ്രാന്റുകളുടെ ഉല്പാദനം, സംഭരണം, വിപണനം എന്നിവ 2016 മെയ് 7 ലെ ഉത്തരവിനാൽ (ഓർഡർ നമ്പർ A424/15/CFS Dated7-5-2016) നിരോധിക്കുകയും ചെയ്തു.

ഇത്തരത്തിൽ നിരോധിച്ച ഒരു ബ്രാന്റാണ് തൃശ്ശൂര്‍ ജില്ലയിലെ ചെങ്ങാലൂർ അൽഫോൺസ് ഓയിൽമില്ലിന്റെ പരിശുദ്ധി ബ്രാന്റ്. 2016 ഫെബ്രുവരി, മാർച്ച്, എപ്രിൽ മാസങ്ങളിലായി മൂന്നു തവണ ഈ വെളിച്ചെണ്ണ സാമ്പിളെടുത്ത് ഫുഡ് ടെസ്റ്റിംഗ് ലാബിൽ പരിശോധിച്ചിരുന്നു. ആദ്യതവണ പരിശോധിച്ചപ്പോൾ വെളിച്ചെണ്ണയുടെ ഗുണനിലവാര സൂചകങ്ങളിൽ ഒന്നാമത്തേതായ അയോഡിൻ മൂല്യം 8 മുതൽ 10 വരെ എന്ന പരിധിക്കു പകരം 55.13 ആയിരുന്നു. സപോണിഫിക്കേഷൻ മൂല്യം 248-265 എന്ന പരിധിയേക്കാൾ വളരെ താഴ്സന്ന 200.45 mg’g ആയിരുന്നു. ഇത് രണ്ടാം തവണ യഥാക്രമം 17.2, 202.8 എന്നിങ്ങനെയും മൂന്നാം തവണ യഥാക്രമം 54.28, 202.14 എന്നിങ്ങനെയുമായിരുന്നു.

നിരോധിച്ച വെളിച്ചെണ്ണ ഉല്പാദിപ്പിക്കുന്ന കമ്പനിയിലേക്ക് 2016 ഏപ്രിൽ 22ന് വ്യാജ എണ്ണയുമായി എത്തിയ ഒരു ടാങ്കർ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു. ഭക്ഷ്യസുരക്ഷാ (Food safety) ഉദ്യോഗസ്ഥർ സാമ്പിളെടുത്തശേഷം ടാങ്കർ പോലീസ് കസ്റ്റഡിയിലായിരുന്നു. ഒരു മാസത്തിനുശേഷം ഈ എണ്ണ ഭക്ഷ്യയോഗ്യമല്ലെന്നും ഇവിടെ സുരക്ഷിതമായി നശിപ്പിക്കാൻ സാഹചര്യമില്ലാത്തതിനാൽ ഫൈൻ അടച്ച് തിരിച്ചയക്കുകയാണെന്നുമാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചത്.

2016 ജൂലൈ 5ന് പുലർച്ചെ വെളിച്ചെണ്ണ ഇറക്കിയശേഷം ടാങ്കർ തിരിച്ചുപോകുമ്പോൾ വീണ്ടും നാട്ടുകാർ പിടികൂടി. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ വ്യാജ എണ്ണയുടെ സാമ്പിളെടുത്തു. കമ്പനി പരിശോധിച്ചപ്പോള്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് കമ്പനി പ്രവർത്തിക്കുന്നതെന്നും ബോധ്യമായി. ഭക്ഷ്യഎണ്ണ സംസ്കരിക്കുന്ന കമ്പനിയിൽ ഭക്ഷ്യേതരമായ വിളക്കെണ്ണയും മറ്റ് എണ്ണകളും സംസ്കരിക്കുന്നതായും ബോധ്യപ്പെട്ടു. മറ്റൊരു പ്രധാനപ്പെട്ട കണ്ടെത്തൽ നിരോധിതമായ പരിശുദ്ധി ബ്രാന്റ് വെളിച്ചെണ്ണ പായ്ക്കറ്റുകൾ നിലവിലെ എണ്ണ പാട്ടകളിലേക്ക് പൊട്ടിച്ചൊഴിക്കുന്നതായിരുന്നു. നിരോധിതമായ പരിശുദ്ധി ബ്രാന്റ് മറ്റൊരു ബ്രാന്റായി ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുന്നു.

ഈ പശ്ചാത്തലത്തിലാണ് നമ്മുടെ പ്രദേശത്തെ വെളിച്ചെണ്ണ കമ്പനികളിൽ നിന്നും വിപണിയിലിറക്കുന്ന മറ്റ് ബ്രാന്റുകളിൽനിന്നും 18 സാമ്പിളുകൾ ശേഖരിച്ച ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വിദഗ്ദ്ധർ നേരിട്ട് പരിശോധിച്ചത്. ഇവയിൽ 3 സാമ്പിളുകൾ മാത്രമാണ് കൃത്യമായ ഗുണനിലവാര സൂചികയിൽ ഉൾപ്പെടുന്നതായി കണ്ടത്. സപോണിഫിക്കേഷൻ മൂല്യം മൂന്നെണ്ണമൊഴികെ എല്ലാത്തിനും തന്നെ 248-265 പരിധിയേക്കാൾ വളരെയേറെ താഴ്സന്നിരിക്കുന്നു. അയോഡിൻ മൂല്യം 8-10 പരിധിയേക്കാൾ കൂടിയിരിക്കുന്നതിനോടൊപ്പം 2.5 വരെ താഴ്സന്നിരിക്കുന്ന അവസ്ഥയും കാണാനാകുന്നു.

നാം വാങ്ങി കഴിക്കുന്ന വെളിച്ചെണ്ണ, വെളിച്ചെണ്ണയല്ലെന്ന ബോധ്യം ശക്തമാവുകയാണ്. എന്നാൽ പിന്നെ ഉപഭോക്താവെന്ന നിലയിൽ നാം വഞ്ചിക്കപ്പെടുകയാണ്. എന്നാൽ ഇതിനേക്കാൾ പ്രധാനമല്ലേ ഒരു ആഹാരപദാർത്ഥമെന്ന നിലയിൽ നാമിതു കഴിക്കുന്നതും നമ്മുടെ ആരോഗ്യവും ജീവിതവും തന്നെ അപായപ്പെടുന്നതും.

മിനറൽ ഓയിൽ മായമായി കലർത്തുന്നുവെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ സ്വന്തം ഫേസ്ബുക്ക് പോസ്റ്റിൽ ഇട്ടിരിക്കുന്നു. മിനറൽ ഓയിൽ മിക്കവാറും പാരാഫിൻ ഓയിൽ എന്ന പെട്രോളിയം ഉല്പന്നമാണ്. ഇതിൽ 20 മുതൽ 40 വരെ കാർബണുള്ള ഹൈഡ്രോകാർബൺ തന്മാത്രകളാണുള്ളത്. തിളനില 270 ഡിഗ്രി സെൽഷ്യസ് ആണ്. ഇത് ജലരൂപത്തിൽ ലഭിക്കുന്നതല്ല. ജൈവ ലായനികളിലാണ് ലയിക്കുക. ഇതിൽ സുഗന്ധദ്രവ്യങ്ങൾ ചേർത്ത് തൊലിപ്പുറമെ ഉപയോഗിക്കുന്ന ബേബി ഓയിൽ ആയും വിവിധയിനം കുഴമ്പുകളായും ഉപയോഗങ്ങളുണ്ട്. വ്യവസായ യന്ത്രങ്ങളിൽ ലൂബ്രിക്കന്റ്സ് ആയി ഉപയോഗിക്കുന്നുണ്ട്. യൂറോപ്പിൽ ഫുഡ് ഗ്രേഡ് മിനറൽ ഓയിൽ എന്ന പേരിൽ ലഭിക്കുന്ന ശുദ്ധീകരിച്ച പരാഫിൻ എണ്ണ (Refined Parafin Oil) ഭക്ഷണസാധനങ്ങളിലല്ല ചേർക്കുന്നത്. മറിച്ച് അടുക്കളയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളിലും പലകകളിലും സൂക്ഷ്മജീവികളിൽനിന്നുള്ള (Anti bacterial) സംരക്ഷണത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഭക്ഷ്യപദാർത്ഥങ്ങളിൽ കലരാൻ സാധ്യതയുള്ള മറ്റൊരു സ്ഥലം ഭക്ഷ്യോലപാദകയന്ത്രങ്ങളിൽ ഉപയോഗിക്കുന്ന ലൂബ്രിക്കന്റ്സ് വഴിയാണ്.

ഇത് ശരീരത്തിനകത്ത് ഊർജ്ജമോ മറ്റേതെങ്കിലും ഗുണമോ തരുന്നതല്ല. മറിച്ച് ജീവജാലങ്ങൾക്കുണ്ടാകുന്ന ദോഷങ്ങളുമായി ബന്ധപ്പെട്ട പഠനങ്ങൾ ഇന്ന് ലഭ്യമാണ്. സൂക്ഷ്മജീവികളിലും, പായലുകൾ, മീനുകൾ, പക്ഷികൾ, സസ്തനികൾ എന്നിവയിലും കോശങ്ങൾക്ക് ദോഷം ചെയ്യുന്നതായി തെളിഞ്ഞിട്ടുണ്ട്. ലിറ്ററിൽ 50 മുതൽ 100 മി. ഗ്രാം എന്ന തോതിൽപോലും ഇത് ദോഷകരമാണ്. ചിലതരം ജലപ്രാണികളിൽ ഇത് വംശവർദ്ധനവിനെ തടയുന്നതായി തെളിഞ്ഞിട്ടുണ്ട്. (വോങ്ങ് – 1981). മനുഷ്യരിൽ കോശങ്ങൾക്കുള്ളിൽ ചെന്നാൽ സോഡിയം, പൊട്ടാസ്യം പോലുള്ള അയോണുകൾ നീക്കം ചെയ്യുന്നതിൽ പങ്കുണ്ടെന്ന് ശാസ്ത്രീയ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

ഈ എണ്ണ ഇന്ന് ശരീരത്തിനകത്തേക്ക് നേരിട്ട് കഴിക്കുന്ന വെളിച്ചെണ്ണയെന്ന ലേബലിൽ വിപണിയിലിറങ്ങുന്നു. ഇതു കൂടാതെ ഭക്ഷ്യയോഗ്യമല്ലാത്ത്വിലകുറഞ്ഞ പനങ്കുരു എണ്ണ തവിടെണ്ണ, പാമോയിൽ എന്നിവ മായമായി കലർത്തി വെളിച്ചെണ്ണ എന്ന ലേബലിൽ വിപണിയിലെത്തുന്നു. ഇത് മനുഷ്യന്റെ ആരോഗ്യത്തിനും നിലനിൽപിനും ഗുരുതരമായ പ്രതിസന്ധിയാണ്.

വെളിച്ചെണ്ണ കമ്പനികളും, ഇടനിലക്കാരും വൻ സാമ്പത്തികനേട്ടം കൊയ്യുമ്പോൾ പ്രതിസന്ധിയിലാകുന്നത് നമ്മുടെ ആരോഗ്യവും ജീവൽസുരക്ഷയുമാണ്. നമ്മുടെ നാളികേര കർഷകരും കടുത്ത പ്രതിസന്ധിയിലാണ്. 2014-15ലെ ഇക്കണോമിക്സ് റിവ്യൂ പ്രകാരം നാളികേരത്തിന്റെ ഉൽപാദനം ഗണ്യമായി കുറഞ്ഞിരിക്കുന്നു. എന്നാൽ വെളിച്ചെണ്ണയുടെ വിലയും കുറയുകയാണ്. പിണ്ണാക്കിന്റെ വില ഗണ്യമായി ഉയർന്നിരിക്കുന്നു. കൊപ്രയിൽ നിന്നല്ലാതെ വെളിച്ചെണ്ണ ഉല്പാദിപ്പിക്കാമെന്ന സാധ്യതയാണ് മിനറൽ എണ്ണയും, തവിടെണ്ണയും, പനങ്കുരു എണ്ണയും, പാമോയിലുമൊക്കെ ശുദ്ധമായ വെളിച്ചെണ്ണയായി അവതരിക്കുന്നതിലൂടെ സംഭവിക്കുന്നത്.

നാട്ടിലെ മുഴുവൻ ജനങ്ങളുടെ ആരോഗ്യത്തെയും നാട്ടിലെ കേരകർഷകരുടെ വരുമാനത്തെയും അവതാളത്തിലാക്കുന്ന ഈ പ്രവൃത്തി ഇനിയും തുടർന്നുകൂടാ.

നിയമം നടപ്പിലാക്കേണ്ട ഭരണാധികാരികൾ ഉണർന്നു പ്രവർത്തിക്കണം ജനസേവകരായ ഉദ്യോഗസ്ഥർ തങ്ങളുടെ ചുമതലകൾ നിറവേറ്റാൻ തയ്യാറാകണം.

1 thought on “ഇത് വെളിച്ചെണ്ണയോ?

  1. പരിഷത് വാർത്ത ഓൺലൈനായി കിട്ടിയത് നന്നായി. മാറിയ സാഹചരൃത്തിലെ ആദൃ ചൂവടു വെയ്പ്പ്പിന്ആശംസകൾ.

Leave a Reply

Your email address will not be published. Required fields are marked *

You may have missed