ജനകീയ ശാസ്ത്രസംവാദ സദസ്സുകളിൽ അണിചേരുക

0

ജനറൽ സെക്രട്ടറിയുടെ കത്ത്

ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കുക,ശാസ്ത്രബോധം വളർത്തുക എന്നീ ആശയങ്ങളുമായി ബന്ധപ്പെടുത്തി വിപുലമായ ജനകീയ വിദ്യാഭ്യാസ ക്യാമ്പയിനാണ് ജനകീയ ശാസ്ത്ര സംവാദങ്ങളിലൂടെ ശാസ്ത്ര സാഹിത്യ പരിഷത്ത് ലക്ഷ്യം വയ്ക്കുന്നത്. കഴിഞ്ഞ പത്തുവർഷമായി വിവിധ ക്യാമ്പയിനുകളിലൂടെ പരിഷത്ത്പൊതുസമൂഹത്തിൽ സംവദിക്കാൻ ശ്രമിക്കുന്ന ആശയത്തിന്റെ തുടർച്ചയാണിത്. അറുപതാം വാർഷികവുമായി ബന്ധപ്പെട്ട് ” പുത്തനിന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം ” എന്ന മുദ്രാവാക്യം ഉയർത്തി നടത്തിയ പദയാത്രകൾ ഇതിൻറെ തുടർച്ചയും വളർച്ചയുമായിരുന്നു. ഒരു സ്വതന്ത്ര പരമാധികാര ജനാധിപത്യ രാഷ്ട്രം എന്ന നിലയിലുള്ള ഇന്ത്യയുടെ കരുത്ത് അതിൻറെ ഭരണഘടനയാണ്. മതനിരപേക്ഷതയും ഫെഡറലിസവും സ്ഥിതി സമത്വവും ജനാധിപത്യവും സോഷ്യലിസവും അത് ഉറപ്പു നൽകുന്നു. ഇന്ത്യയുടെ വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്നതും എല്ലാ വൈവിധ്യങ്ങൾക്കും അതീതമായി ഇന്ത്യ എന്ന സങ്കല്പത്തെ വൈകാരികമായി ശക്തിപ്പെടുത്തുന്നതുമാണ് ഭരണഘടനാ സമീപനം. ശാസ്ത്രാവബോധവും മാനവികതയും അന്വേഷണാത്മകതയും പരിഷ്കരണ മനോഭാവവും പൗരന്റെ ഉത്തരവാദിത്വമാണെന്ന് ആർട്ടിക്കിൾ 51 ( എ എച്ച് ) വിഭാവനം ചെയ്യുന്നു. ജനങ്ങളാണ് പരമാധികാരികൾ എന്ന സന്ദേശം നൽകുന്ന നമ്മുടെ ഭരണഘടന സമീപകാലത്തായി വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുന്നു. ഇതിനെതിരെ ഉയർന്നു വരേണ്ട ചെറുത്തുനിൽപ്പ് ഓരോ പൗരന്റെയും കടമയാണ് .’ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് ‘ , ‘ശാസ്ത്രം ജനനൻമയ്ക്ക്’ എന്നതാണ് പരിഷത്തിന്റെ മുദ്രാവാക്യം. ശാസ്ത്രവും സാങ്കേതികവിദ്യകളും അനുദിനം വികസിച്ചു കൊണ്ടിരിക്കുകയാണ്. സാങ്കേതിക മേഖലയിലെ വളർച്ച പ്രവചനാതീതമായി തുടരുന്നു. കൃത്രിമ ബുദ്ധിയുടെ വരവുകൂടിയായപ്പോൾ സാങ്കേതികവിദ്യകളുടെ ഉപയോഗത്തിലുള്ള
ആശങ്കകളും കൂടി വരികയാണ്.എന്നാൽ സാങ്കേതികവിദ്യകളെ സ്വീകരിക്കുകയും അതിൻറെ അടിസ്ഥാനമായ ശാസ്ത്രത്തെ നിരാകരിക്കുകയും ചെയ്യുന്ന പ്രവണത രാജ്യത്ത് വളർന്നുവരുന്നു . ഭരണകൂടം തന്നെ അതിനെ പ്രോൽസാഹിപ്പിക്കുന്നു പരിണാമ സിദ്ധാന്തവും ആവർത്തന പട്ടികയും പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കപ്പെടുകയും പകരം ഭഗവത്ഗീതയും മതപരമായ ആചാരങ്ങളും പാഠഭാഗങ്ങളാവുകയും ചെയ്യുന്നു. ശാസ്ത്ര സാങ്കേതികരംഗത്തെ പുരോഗതിയാണ് രാഷ്ട്ര പുരോഗതിക്ക് അടിസ്ഥാനം. ഉൽപാദനക്ഷമത വർധിപ്പിച്ചും ജനജീവിതത്തിന്റെ സമസ്ത മേഖലകളെയും മെച്ചപ്പെടുത്തിയും പാരിസ്ഥിതിക ആഘാതങ്ങൾ കുറച്ചും രാഷ്ട്രത്തിന് മുന്നേറണമെങ്കിൽ അടിസ്ഥാന ശാസ്ത്ര ഗവേഷണ മേഖലകളിൽ മുന്നേറ്റം സൃഷ്ടിക്കേണ്ടതുണ്ട്. ശാസ്ത്ര ഗവേഷണ മേഖലയിൽ ഏറ്റവും കുറഞ്ഞ പണം ചെലവിടുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. അതുതന്നെ പുരാണങ്ങളിലും ഇതിഹാസങ്ങളിലുമുള്ള മിത്തുകളെ സാധൂകരിക്കുന്നതിനും പശുവിന്റെയും പശുജന്യ ഉൽപന്നങ്ങളുടെയും മഹത്വം തെളിയിക്കുന്നതിനുമുള്ള മുൻഗണനയായി മാറുന്നു. അടിസ്ഥാന ശാസ്ത്ര ഗവേഷണ മേഖലയിൽ നിന്നും പിന്നാക്കം പോകുന്നതോടൊപ്പം ഗവേഷണ പ്രവർത്തനങ്ങൾ കുത്തകകളുടെ താൽപര്യ സംരക്ഷണത്തിനുള്ള വേദികളായി മാറുകയും ചെയ്തിരിക്കുന്നു. 2023 ൽ പാർലമെൻ്റ് പാസാക്കിയ ‘അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ’ ബില്ലിലൂടെ  പ്രാവർത്തികമാക്കിയിരിക്കുകയാണ്. സങ്കീർണമായ നിരവധി പ്രശ്നങ്ങളിലൂടെയാണ് രാജ്യത്തിൻറെ ജനാധിപത്യഭാവി കടന്നുപോകുന്നത് ഭരണഘടനയും ഫെഡറലിസവും ശാസ്ത്ര ചിന്തയും സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. മതനിരപേക്ഷമായ സാഹചര്യത്തിൽ മാത്രമേ ശാസ്ത്ര സംഘടനയ്ക്ക് പ്രവർത്തിക്കാൻ കഴിയൂ. ശാസ്ത്രബോധത്തെ സാമാന്യബോധമാക്കുകയെന്ന അടിസ്ഥാന പ്രവർത്തന തലത്തിലേക്ക് ജനകീയ ശാസ്ത്രസംവാദ സദസ്സുകൾ മാറേണ്ടതുണ്ട്. സംഘടനയുടെ മുഖ്യപ്രവർത്തനയിടമായ യൂണിറ്റുകളുടെ ശാക്തീകരണവും ആശയ പ്രചരണതലമായ ശാസ്ത്ര സംവാദങ്ങളും വിജയിപ്പിക്കാൻ മുഴുവൻ പരിഷത്ത് പ്രവർത്തകരുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.

സ്നേഹത്തോടെ
പി വി ദിവാകരൻ (ജനറൽ സെക്രട്ടറി)

Leave a Reply

Your email address will not be published. Required fields are marked *

You may have missed