പരീക്ഷാപരിഷ്‌കാരം സാമൂഹ്യ പിന്നോക്കവിഭാഗങ്ങളിലെ വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിക്കും

0

പരീക്ഷാപരിഷ്‌കാരം സാമൂഹ്യ പിന്നോക്കവിഭാഗങ്ങളിലെ വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിക്കും

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

പത്താംക്ലാസ് എഴുത്തുപരീക്ഷ വിജയിക്കുന്നതിന് എല്ലാ വിഷയത്തിലും 30% മാര്‍ക്ക് നേടണമെന്ന നിബന്ധന കൊണ്ടുവരുമെന്ന് സംസ്ഥാന വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചുവല്ലോ. നിരന്തര വിലയിരുത്തല്‍ മാര്‍ക്കിനെതിരെയുള്ള വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം എന്നറിയുന്നു.
എസ്.എസ്.എല്‍.സി പരീക്ഷ വിജയിക്കുന്നതിന് ഡി പ്ലസ് ഗ്രേഡ് എങ്കിലും നേടണം. സംസ്ഥാനത്ത് 2015ല്‍ ഡി പ്ലസ് മാത്രം വാങ്ങി വിജയിച്ചവര്‍ 27.96% ആയിരുന്നത് 2024ല്‍ 9.44 ശതമാനമായി കുറഞ്ഞു. പട്ടികജാതിവിഭാഗത്തില്‍ 2024ല്‍ ഡി പ്ലസ് മാത്രം നേടി വിജയിച്ചവര്‍ 18.34%വും പട്ടികവര്‍ഗവിഭാഗത്തില്‍ അത് 26.75%വുമാണ്. ജനറല്‍ വിഭാഗത്തില്‍ ഇത് 4.3% മാത്രമേ വരൂ.
അതായത് ഡി പ്ലസ് മാത്രം വാങ്ങി വിജയിക്കുന്ന പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തെയാണ് ഈ പരീക്ഷാപരിഷ്‌കാരം മുഖ്യമായും തകര്‍ത്തെറിയുക.
സാമൂഹികവും സാമ്പത്തികവുമായ പ്രതികൂലസാഹചര്യങ്ങളോട് മല്ലടിച്ച് പത്തുവര്‍ഷം പൊതു വിദ്യാഭ്യാസധാരയില്‍ പഠിച്ചവര്‍ താഴ്ന്ന ഗ്രേഡില്‍ വിജയിക്കേണ്ടി വരുന്നതിന്റെ കാരണം സര്‍ക്കാര്‍ പരിശോധിച്ച് പരിഹരിക്കുകയാണ് വേണ്ടത് എന്ന് മേല്‍വിവരിച്ച വസ്തുതകള്‍ ശരിവെക്കുന്നു.
ജനറല്‍വിഭാഗത്തില്‍ എ പ്ലസ് നേടുന്നവര്‍ 28.15 ശതമാനവും പട്ടികജാതിവിഭാഗത്തില്‍ 6.65 ശതമാനവും പട്ടികവര്‍ഗവിഭാഗത്തില്‍ 2.47 ശതമാനവുമാണ്. പാര്‍ശ്വവത്കൃത വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന ഗ്രേഡുകള്‍ ലഭിക്കാത്തത് ബൗദ്ധികശേഷി കുറവായതുകൊണ്ടല്ല. അവരെ ഉയര്‍ന്ന ഗ്രേഡില്‍ എത്തിക്കുന്നതിന് ഇന്നത്തെ സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗത്തുനിന്നുള്ള നടപടികള്‍ ഫലപ്രദമല്ല. സാമൂഹികനീതിയുടെ നഗ്‌നമായ ലംഘനം വിദ്യാഭ്യാസരംഗത്ത് തുടരുന്നു എന്നാണിത് സൂചിപ്പിക്കുന്നത്. നിരന്തരവിലയിരുത്തല്‍ കുറ്റമറ്റതാക്കാനുള്ള ഒരു നടപടിയും നിലവിലില്ല. ഇതും സര്‍ക്കാര്‍ തിരുത്തണം. ക്ലാസില്‍ കുട്ടികള്‍ നേരിടുന്ന പഠനപ്രയാസങ്ങള്‍ പരിഹരിക്കുകയാണ് നിരന്തര വിലയിരുത്തലിന്റെ ദൗത്യം.
വിദ്യാഭ്യാസവകുപ്പിന്റെ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (QIP) ഗുണനിലവാരകാര്യം മാത്രം ശ്രദ്ധിക്കാന്‍വേണ്ടി രൂപീകരിച്ചിട്ടുള്ളതാണ്. ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ആവിഷ്‌കരിച്ച മറ്റൊരു സംവിധാനമാണ് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (SCERT). സമഗ്രശിക്ഷ കേരള (SSK)വും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ഇടപെടേണ്ടതാണ്. എന്നാല്‍ ഈ സംവിധാനങ്ങളൊന്നും പട്ടികവര്‍ഗ-പട്ടികജാതിവിഭാഗം വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ഫലപ്രദമായി ഇടപെടുന്നില്ല എന്ന ആക്ഷേപത്തെ ശരിവെക്കുന്നതാണ് ഇപ്പോഴത്തെ പരീക്ഷാഫലം.
ചുരുക്കത്തില്‍ പത്തുവര്‍ഷത്തെ സ്‌കൂള്‍വിദ്യാഭ്യാസം നേടിയിട്ടും മികച്ച നിലവാരത്തിലെത്താന്‍ കഴിയാത്തത് കുട്ടികളുടെ കുഴപ്പം കൊണ്ടല്ല, ആവശ്യമായ സാഹചര്യവും പിന്തുണയും ലഭ്യമാ ക്കാത്തതുകൊണ്ടാണ്. ഈ സാമൂഹികപ്രശ്‌നത്തെ ശരിയായി അഭിമുഖീകരിക്കാന്‍ വിദ്യാഭ്യാസ സംവിധാനത്തിന് കഴിയണം. എന്നാല്‍ കുട്ടികളെ പ്രതികളാക്കി യഥാര്‍ഥപ്രശ്‌നങ്ങളില്‍നിന്ന് ഒളി ച്ചോടാനാണ് സര്‍ക്കാര്‍ ശ്രമം.
മറ്റു പരീക്ഷാബോര്‍ഡുകളില്‍നിന്നു വ്യത്യസ്തമായ ചില രീതികള്‍ കേരളത്തിലുണ്ട്. അതും പുനപ്പരിശോ ധിക്കണം. ഐ.സി.എസ്.ഇ സിലബസില്‍ ആറുവിഷയങ്ങളില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥി, വിജയിക്കുന്നതിന് അഞ്ചുവിഷയത്തിലെ മാര്‍ക്ക് മാത്രമേ പരിഗണിക്കുന്നുള്ളു. അതായത് കുറഞ്ഞമാര്‍ക്ക് വാങ്ങുന്ന ഒരു വിഷയം കുട്ടിക്ക് ഒഴിവാക്കാം. എന്നാല്‍ കേരളപാഠ്യപദ്ധതിയില്‍ പത്തുവിഷയം എഴുതുകയും പത്തിലും വിജയിക്കുകയും വേണം.
ഐ.സി.എസ്.ഇ.യില്‍ ശാസ്ത്രവിഷയങ്ങളുടെ ശരാശരിമാര്‍ക്ക് കണക്കുകൂട്ടിയിട്ടാണ് വിജയം തീരുമാനിക്കുന്നത്. എന്നാല്‍ കേരള പാഠ്യപദ്ധതിയില്‍ കെമിസ്ട്രി, ഫിസിക്‌സ്, ബയോളജി എന്നിവയുടെ മാര്‍ക്ക് പ്രത്യേകം പ്രത്യേകമായാണ് കണക്കാക്കുന്നത്. മറ്റു വിഷയങ്ങളുടെ കാര്യത്തിലും ഐ.സി.എസ്.ഇ സംവിധാനത്തില്‍ ശരാശരി പരിഗണിക്കുന്നുണ്ട്. കേരള പാഠ്യപദ്ധതിയില്‍ അങ്ങനെ ശരാശരി കണക്കാക്കുന്നില്ല. ഇത്തരം ബോര്‍ഡുകള്‍ കുട്ടികളെ വിജയിപ്പിക്കുന്നതിനു സഹായകമായ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍, വിദ്യാര്‍ഥികളെ എങ്ങനെയൊക്കെ തോല്‍പ്പിക്കാം എന്നുള്ള ആലോചനയിലാണ് സംസ്ഥാനസര്‍ക്കാര്‍.
സി.ബി.എസ്.ഇ. സിലബസില്‍ നിശ്ചയമായും വിജയിക്കേണ്ട ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം എന്നിവയില്‍, ഏതെങ്കിലും ഒരു വിഷയത്തില്‍ പരാജയപ്പെട്ടാല്‍ ഐച്ഛികമായി എടുത്ത സ്‌കില്‍ സബ്ജക്ടുകളിലൊന്ന് പകരമായി സ്വീകരിച്ച് കുട്ടിയെ ജയിപ്പിക്കാനുള്ള തീരുമാനമുണ്ടായി. ഉദാഹരണമായി, ഗണിതത്തില്‍ മാര്‍ക്കു കുറഞ്ഞാല്‍ യോഗ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ശിശുപരിചരണവും വിദ്യാഭ്യാസവും തുടങ്ങിയ ഏതെങ്കിലും വിഷയം സ്വീകരിച്ച് പരാജയത്തില്‍നിന്ന് വിജയിക്കാന്‍ കഴിയും. ഇങ്ങനെ വിദ്യാര്‍ഥിപക്ഷത്തുനിന്ന് ചിന്തിച്ചുകൊണ്ട് വിജയിപ്പിക്കാന്‍ മറ്റു ബോര്‍ഡുകള്‍ ശ്രമിക്കുമ്പോള്‍ മാര്‍ക്ക് നിബന്ധനവച്ച് വിദ്യാര്‍ഥികളെ വ്യാപകമായി പരാജയപ്പെ ടുത്താനാണ് സംസ്ഥാനം ശ്രമിക്കുന്നത്.
ഓരോരോ ക്ലാസിലും നിര്‍ദിഷ്ട പഠനനേട്ടം ആര്‍ജിച്ചില്ലെങ്കില്‍ കുട്ടികളെ തോല്‍പ്പിച്ച് ഒഴിവാക്കുന്നതിനുള്ള സമീപനം ദേശീയവിദ്യാഭ്യാസനയത്തിന്റെ ഭാഗമായി രൂപപ്പെടുത്തുന്നുണ്ട്. ഇത് കൂടുതലായി ബാധിക്കുക സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവരെയാണ്. ഗുണതയുടെയും തുല്യതയുടെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വിദ്യാഭ്യാസമേഖലയില്‍ ശാസ്ത്രീയവും സമഗ്രവുമായ പരിഷ്‌കാരങ്ങള്‍ക്കാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ഒറ്റമൂലിപ്രയോഗം പോലെ പരിഹരിക്കാവുന്നതല്ല പാര്‍ശ്വവല്‍കൃതരുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ എന്ന കാര്യം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓര്‍മ്മിപ്പിക്കുകയാണ്.
പാര്‍ശ്വവല്‍കൃതരുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയുടെ കാരണങ്ങള്‍ ശാസ്ത്രീയമായി പഠിച്ച് കൃത്യമായ പരിഹാര നിര്‍ദേശങ്ങള്‍ നടപ്പിലാക്കി മികച്ച നിലയിലേക്ക് വിദ്യാര്‍ഥികളെ ഉയര്‍ത്താനുള്ള അടിയന്തിര നടപടിയാണ് കേരളസര്‍ക്കാര്‍ സ്വീകരി ക്കേണ്ടത്.
അതുപോലെ, എല്ലാ വിദ്യാര്‍ഥികളും പഠനലക്ഷ്യങ്ങള്‍ പൂര്‍ണമായും നേടുന്നുവെന്ന് ഉറപ്പാക്കുന്നതിനായി നിരന്തരവിലയിരുത്തല്‍ ഓരോ വിഷയത്തിലും ഓരോ ക്ലാസിലും നടത്തണം. ഒപ്പം തല്‍സമയ പിന്തുണയും പ്രശ്‌നപരിഹാര പ്രവര്‍ത്തനങ്ങളും നടത്താന്‍ നിഷ്‌കര്‍ഷിക്കുകയും വേണം. പുതിയ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും നടപ്പാക്കുന്ന സാഹചര്യത്തില്‍ പരീക്ഷാപരിഷ്‌കാരങ്ങളടക്കമുള്ള കാര്യങ്ങള്‍ ആ പാഠ്യ പദ്ധതിയുടെ അന്തഃസത്തക്കും ശാസ്ത്രീയതക്കും, സാമൂഹികനീതിക്കും നിരക്കുന്നതായിരിക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.

ടി.കെ.മീരാഭായ്
പ്രസിഡണ്ട്

പി.വി.ദിവാകരന്‍
ജനറല്‍സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *