യുവസമിതി പാലോട് മേഖലാ ക്യാമ്പ്

0

പരിഷത്ത് യുവസമിതി പാലോട് മേഖലാ ക്യാമ്പ് കിനാവ്സെപ്തംബർ 10, 11 തീയതികളിലായി പാലോട് ഞാറനീലി ട്രൈബൽ യു.പി.സ്കൂളിൽ നടന്നു. പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡണ്ട് സി.ചിത്രകുമാരി ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. സദാശിവൻകാണിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ഡോ. ബഷീർ, പള്ളിവിള സലിം, പരിഷത്ത് മേഖലാ സെക്രട്ടറി ജി.ആർ. ഹരി എന്നിവർ സംസാരിച്ചു. അദ്വൈത് സ്വാഗതവും‌ ചന്ദ്രബാബു നന്ദിയും പറഞ്ഞു. തുടർന്ന് റിയാസ് ലെസ്കയുടെയും ബായി കൃഷ്ണന്റെയും നേതൃത്വത്തിൽ നടന്ന മഞ്ഞുരുക്കൽ ക്യാമ്പ് അംഗങ്ങൾ തമ്മിലുള്ള സൗഹൃദം ദൃഢീകരിക്കാൻ സഹായകമായി.

ബി. രമേഷ് അവതരിപ്പിച്ച സെഷൻ വിശ്വാസം അതല്ല എല്ലാംശാസ്ത്രബോധത്തിന്റെയും യുക്തിചിന്തയുടെയും വെളിച്ചം പകരുന്നതായി. ഉച്ചഭക്ഷണത്തിനുശേഷം കെ.കെ.കൃഷ്ണകുമാർ പരിഷത്തിനെയും യുവസമിതിയെയും പരിചയപ്പെടുത്തി സംസാരിച്ചു. യുവസമിതി കൂട്ടുകാർക്കൊപ്പം അവരിലൊരാളായി മാറിയ അദ്ദേഹത്തിന്റെ വാക്കുകൾ യുവാക്കളിൽ ആവേശം‌ നിറയ്ക്കുന്നതായിരുന്നു. ഡോ. ബാലചന്ദ്രൻ നയിച്ച മ്മടെ നാട്ടാരും മ്മടെ പത്രങ്ങളുംഎന്ന സംവാദം പത്രമാധ്യമങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ചാണ് ചർച്ചചെയ്തത്. തുടർന്ന് നടന്ന ജെന്റർ ചർച്ച ഓനും ഓളുംപി. ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു. ലിംഗനീതി, പൊതുമണ്ഡലത്തിലെ സ്ത്രീ പ്രാതിനിധ്യം‌ എന്നീ വിഷയങ്ങൾ അദ്ദേഹം ചർച്ചയ്ക്ക് വച്ചു. യുവസമിതി കൂട്ടുകാർ ജന്റർ ചർച്ച സജീവമാക്കി. യുവസമിതിയുടെ പാലോട് മേഖലാ കമ്മിറ്റിയെയും‌ ഭാരവാഹികളേയും ക്യാമ്പ് അംഗങ്ങൾ തന്നെ തെരഞ്ഞെടുത്തു. യുവസമിതി പാലോട് മേഖലാ ഭാരവാഹികളായി മുഹമ്മദ് ആഷിക് (പ്രസിഡണ്ട്) ബാലലക്ഷ്മി (സെക്രട്ടറി) പൂജാ മധു (വൈസ്.പ്രസിഡണ്ട്), നിരഞ്ജൻ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍. വൈകുന്നേരം‌ 7 മണിക്ക് കഴക്കൂട്ടത്തുനിന്നും വന്ന സംഘം‌ ഇന്ത്യയുടെ മകൾസംഗീതശിൽപ്പം അവതരിപ്പിച്ചു. രാത്രി ഏറെ വൈകി നടന്ന ക്യാമ്പ്ഫയറിലും കൂട്ടുകാരെല്ലാം ആവേശത്തോടെയാണ് പങ്കെടുത്തത്. ക്യാമ്പിന്റെ രണ്ടാം‌ ദിവസത്തെ മുഖ്യപരിപാടി വനയാത്രയായിരുന്നു. പശ്ചിമഘട്ടത്തിന്റെ ഭാഗമായ വരയാടുമൊട്ടഎന്നറിയപ്പെടുന്ന കുന്നിലേക്ക് യുവസമിതി സംഘം നടത്തിയ സാഹസികയാത്ര എല്ലാവർക്കും വേറിട്ട ഒരനുഭവമായി. വന്യമൃഗങ്ങളുടെ ഭീഷണി, കുത്തനെയുള്ള കയറ്റം‌, ചെങ്കുത്തായ പാറകൾ, ദുർഘടമായ വഴി എന്നിങ്ങനെ ഒട്ടേറെ പ്രതിബന്ധങ്ങൾ ഉണ്ടായിരുന്നെങ്കിലും അവയെയെല്ലാം‌ അതിജീവിക്കാൻ കൂട്ടായപ്രവർത്തനം‌ കൊണ്ട് സാധിച്ചതായി ക്യാമ്പ് അംഗങ്ങൾ പ്രതികരിച്ചു. പ്രകൃതിയെ അടുത്തറിയാനും പ്രതിബന്ധങ്ങളെ കൂട്ടായി തരണം ചെയ്യാനുമുള്ള അനുഭവ പാഠമാണ് ഈ വനയാത്ര അവർക്ക് സമ്മാനിച്ചത്. വരയാടുമൊട്ടയിൽ നിന്നും തിരിച്ചെത്തിയതോടെ ക്യാമ്പ് സമാപിച്ചു. യുവസമിതിയുടെ ഭാവി പരിപാടികളിൽ വീണ്ടും കാണാമെന്ന ഉറപ്പോടെയാണ് എല്ലാവരും പിരിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed