സംസ്ഥാന സമ്മേളനത്തിലേക്ക്

0

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രൂപം കൊണ്ടിട്ട് 57 വർഷങ്ങൾ പൂർത്തിയാവുകയാണ്. 57-ാമത് സംസ്ഥാന സമ്മേളനം ഒക്ടോബർ 24, 25, 26 തീയതികളില്‍ ഓണ്‍ലൈനായി നടക്കും.
പരിഷത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ പ്രസക്തമാകുന്ന കാലഘട്ടമാണിത്. ശാസ്ത്രവും സാങ്കേതികവിദ്യകളും മനുഷ്യന്റെ ജീവിതത്തിൽ അതിവേഗം മാറ്റങ്ങൾ വരുത്തുകയാണ്. അതേസമയം സാങ്കേതികവിദ്യ വ്യാപിക്കുമ്പോഴും ശാസ്ത്രീയ മനോഭാവത്തെയും ശാസ്ത്രബോധത്തെയും കൈയൊഴിയുന്ന വൈരുദ്ധ്യം ദൃശ്യമാണ്. ഇത് സ്വയമേവ സംഭവിക്കുന്ന ഒന്നല്ല. ശാസ്ത്രവും ഒരു ബ്രഹദാഖ്യാനം മാത്രമാണെന്നും ശാസ്ത്രത്തിന് അപ്രമാദിത്വമില്ലെന്നുമുള്ള പോസ്റ്റ്മോഡേണ്‍ സമീപനങ്ങളുൾപ്പെടെയുള്ള ശാസ്ത്രവിരുദ്ധ പ്രവണതകൾ പ്രചരിപ്പിക്കാനുള്ള ബോധപൂർമായി ശ്രമങ്ങൾ വികസിത മുതലാളിത്ത രാജ്യങ്ങളിലുൾപ്പെടെ ലോകത്താകെ നടക്കുന്നുണ്ട്. ജ്യോത്സ്യവും മന്ത്രവാദവും കപടചികിത്സാരീതികളും കപടശാസ്‌ത്രങ്ങളും തുടങ്ങി ശാസ്ത്രീയ അടിസ്ഥാനത്തില്‍ വിശദീകരിക്കാനാവാത്ത പലതിനും പ്രസക്തിയുണ്ടെന്നും ശാസ്‌ത്രത്തിന്റെ രീതിയില്‍ അവയെ വിശകലനം ചെയ്യാനാവില്ലെന്നും ശാസ്‌ത്രവും ഒരുതരം വ്യാഖ്യാനം മാത്രമാണെന്നുമുള്ള വാദങ്ങള്‍ ശക്തിപ്പെടുകയും അതിനനുസൃതമായ ധാരണകള്‍ സമൂഹമനസ്സില്‍ ശക്തിപ്രാപിക്കുകയും ചെയ്യുന്നത്‌ ഇതോടെയാണ്‌.
ഇന്ത്യയിലാകട്ടെ ശാസ്ത്രവിരുദ്ധത ആഘോഷമാക്കുന്ന ഭരണ നയങ്ങളാണ് നടപ്പിലാക്കപ്പെടുന്നത്. ഭാരതത്തിന് ശക്തമായ ശാസ്ത്രപാരമ്പര്യമുണ്ട്. എന്നാൽ അതിൽ നിന്നു വ്യത്യസ്തമായി അന്ധവിശ്വാസങ്ങളെയും അശാസ്ത്രീയ വാദങ്ങളെയും നമ്മുടെ ശാസ്ത്രപാരമ്പര്യമായി അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ കൂടുതൽ ശക്തമാവുകയാണ്. ഓക്സിജൻ ശ്വസിച്ച് ഓക്സിജൻ പുറത്തുവിടുന്ന പശു, കണ്ണീരിൽ നിന്ന് പ്രത്യുത്പാദനം നടത്തുന്ന മയിൽ എന്നു തുടങ്ങി കൊറോണയെ നശിപ്പിക്കാൻ ഗോമൂത്രം മതി എന്നുവരെയുള്ള അസംബന്ധങ്ങളുടെ ഘോഷയാത്രകൾ ഭരണാധികാരികൾ തന്നെ പ്രചരിപ്പിക്കുന്ന സ്ഥിതി. 9000 കൊല്ലം മുമ്പ് ഇന്ത്യയില്‍ വിമാനങ്ങള്‍ നിര്‍മിക്കപ്പെട്ടിരുന്നുവെന്നും പ്ലാസ്റ്റിക് സർജറിയും ടെസ്റ്റ് ട്യൂബ് ശിശുക്കളുമൊക്കെ ഉണ്ടായിരുന്നുവെന്നും ശാസ്ത്രപ്രബന്ധങ്ങൾ വരുന്നു. ഇത്തരം അസംബന്ധങ്ങൾക്കായി ശാസ്ത്രഗവേഷണ സ്ഥാപനങ്ങളുടെ നയങ്ങൾ മാറ്റുന്നു. ശാസ്ത്രീയമനോഭാവവും അന്വേഷണത്വരയും ജനങ്ങളിൽ പ്രചരിപ്പിക്കണമെന്ന് ഭരണഘടനയുടെ 51 എ (എഛ്) അനുഛേദം പറയുന്ന രാജ്യത്താണ് ഈ സ്ഥിതിവിശേഷം.
ഈയൊരവസ്ഥയെ പ്രോത്സാഹിപ്പിക്കുകയാണ്‌ ആഗോള മൂലധന ശക്തികളും ഇന്ത്യന്‍ കുത്തകകളും. ജാതി-മത-പ്രാദേശിക സംഘര്‍ഷങ്ങളാല്‍ കലുഷിതമായിട്ടുള്ള ഒരു ഇന്ത്യയെയാണ്‌ സാമ്രാജ്യത്വ ശക്തികള്‍ക്ക്‌ ആവശ്യം. വാസ്‌തവത്തില്‍ കമ്പോളത്തിനാവശ്യമുള്ള ഒരു വിപണിവത്കൃത സാംസ്‌കാരിക ബോധം ഉത്‌പാദിപ്പിക്കുന്നതിന്‌ അന്ധവിശ്വാസങ്ങളും അശാസ്‌ത്രീയ വീക്ഷണവും അടിത്തറയാക്കിയ മത-വര്‍ഗീയ രാഷ്‌ട്രീയത്തെയും ശാസ്‌ത്രീയ മനോഭാവത്തെ ഒഴിവാക്കിയുള്ള ആധുനിക സാങ്കേതിക വിദ്യകളെയും പരസ്‌പരപൂരകമായി ഉപയോഗപ്പെടുത്താനാണവര്‍ ശ്രമിക്കുന്നത്‌. ഇതിന്റെ ഫലമായി ഭരണഘടന ഉറപ്പുനല്കുന്ന മതേതരത്വവും ജനാധിപത്യവും വെല്ലുവിളി നേരിടുകയാണ്.
അശാസ്ത്രീയമായ വികസന നയങ്ങൾ ഭൂമിയെത്തന്നെ ഇല്ലാതാക്കുകയാണ്. കാലാവസ്ഥാമാറ്റവും ആഗോള താപനവും പോലുള്ള പ്രവണതകൾ അതിന്റെ ലക്ഷണങ്ങളാണ്. പരിസ്ഥിതിയെയും പ്രകൃതിയെയും നശിപ്പിക്കുന്ന ഇത്തരം വികസന സമീപനങ്ങൾക്കനുകൂലമായ വാദങ്ങൾ നമ്മുടെ നാട്ടിലും ശക്തമാണ്. അവയ്ക്കെതിരെ സമൂഹത്തിലും വിവിധ പ്രസ്ഥാനങ്ങളിലും വലിയ അവബോധം സൃഷ്ടിക്കേണ്ടിയിരിക്കുന്നു.
അമിതോപഭോഗത്തിന്റെ അടിസ്ഥാനത്തിലല്ലാതെ മനുഷ്യന്റെ ജീവിത സംതൃപ്തി തുടർച്ചയായി വർധിക്കുന്ന, ഭുമിയെയും പരിസ്ഥിതിയെയും തകരാറിലാക്കാത്ത സുസ്ഥിരവികസനം ഉറപ്പാക്കുന്ന, വിഭവങ്ങളുടെ ഏതാണ്ടെങ്കിലും സമതുലിതമായ വിതരണവും ഉപഭോഗവും ഉറപ്പാക്കുന്ന, വിവിധ ജനവിഭാഗങ്ങൾ തമ്മിൽ അസമത്വങ്ങളില്ലാത്ത, ലിംഗനീതി ഉറപ്പാകുന്ന ഒരു ലോകം ഉണ്ടാവുകയാണ് ഭൂമി നേരിടുന്ന പ്രതിസന്ധികളെ ചെറുക്കാൻ വേണ്ടത്.
ഇവയെല്ലാം സാധ്യമാക്കാൻ ശാസ്ത്രത്തിന്റെ വഴി മാത്രമേ രക്ഷാമാർഗമുള്ളൂവെന്ന് കോവിഡ് കാലം അസന്നിഗ്ധമായി തെളിയിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ജനകീയശാസ്ത്രപ്രസ്ഥാനത്തിന്റെ പ്രസക്തി കൂടുതൽ വർധിച്ചിരിക്കുന്നു. ആ പ്രസക്തി അംഗീകരിക്കുന്ന ചർച്ചകളും തീരുമാനങ്ങളും ഇപ്പോള്‍ നടക്കുന്ന പരിഷത്തിന്റെ സംസ്ഥാന സമ്മേളനത്തെ കൂടുതൽ പ്രസക്തമാക്കും.

പാരിഷത്തികാഭിവാദനങ്ങളോടെ,
രാധന്‍ കെ
ജനറല്‍ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *

You may have missed