തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ഒരു സുസ്ഥിര വികസന മാർഗ്ഗരേഖ പുറത്തിറക്കി

0

വയനാട്: ഐക്യരാഷ്ട്ര സഭ മുന്നോട്ട് വച്ചിട്ടുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങൾ അതീവ പ്രാധാന്യം നൽകണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞ 25 വർഷത്തെ പഞ്ചായത്തുകളുടെ പ്രവർത്തന പുരോഗതി വിലയിരുത്തിയതിന്റെ വെളിച്ചത്തിൽ “തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ഒരു സുസ്ഥിര വികസന മാർഗ്ഗരേഖ” എന്ന ലഘുലേഖ പുറത്തിറക്കി കൊണ്ട് ആണ് പരിഷത്ത് ഈ നിർദേശം മുന്നോട്ട് വച്ചത്.
പ്രകൃതി ദുരന്തങ്ങൾക്കും മഹാമാരിക്കും ശേഷം വികസന പ്രവർത്തനങ്ങൾ മനുഷ്യരാശിയുടെ നിലനിൽപ്പിനേയാണ് ആധാരമാക്കേണ്ടത്. ഭാവിതലമുറയുടെ വികസനാവശ്യങ്ങൾക്ക് തടസ്സമാകാത്ത വിധത്തിൽ ഇന്നത്തെ വികസന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുക എന്നതാണ് സുസ്ഥിര വികസനം കൊണ്ട് അർത്ഥമാക്കുന്നത്.
എല്ലായിടത്തും എല്ലാ രൂപത്തിലുമുള്ള ദാരിദ്ര്യം അവസാനിപ്പിക്കുക; വിശപ്പിന് അറുതി വരുത്തുക, ഭക്ഷ്യ സുരക്ഷയും മെച്ചപ്പെട്ട പോഷണവും നേടുക, സുസ്ഥിര കൃഷി പ്രോത്സാഹിപ്പിക്കുക; ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുകയും എല്ലാ പ്രായത്തിലുമുള്ളവർക്ക് സ്വാസ്ഥ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക; എല്ലാവരേയും ഉൾക്കൊള്ളുന്നതും സമത്വാധിഷ്ഠിതവുമായ മികച്ച വിദ്യാഭ്യാസം ഉറപ്പു വരുത്തുക ; ലിംഗ സമത്വം നേടുക; എല്ലാവർക്കും വെള്ളവും ശുചിത്വവും ലഭ്യമാണെന്നും വെള്ളത്തിന്റെ സുസ്ഥിര മാനേജ്മെന്റ് സാധിക്കുന്നുവെന്നും ഉറപ്പു വരുത്തുക ; വിശ്വാസ്യവും സുസ്ഥിരവും താങ്ങാവുന്ന ചെലവിലുള്ളതുമായ ആധുനിക ഊർജ്‌ജം എല്ലാവർക്കും ലഭ്യമാണെന്ന് ഉറപ്പു വരുത്തുക ; സുസ്ഥിരവും എല്ലാവരേയും ഉൾക്കൊള്ളുന്നതും തുടർന്നുകൊണ്ട് പോകുന്നതുമായ സാമ്പത്തിക വളർച്ചയും എല്ലാവർക്കും വരുമാനദായകവും അന്തസ്സുറ്റതുമായ തൊഴിലും ഉറപ്പു വരുത്തുക; കാര്യക്ഷമമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, എല്ലാവരേയും ഉൾക്കൊള്ളുന്ന സുസ്ഥിര വ്യവസായവൽക്കരണം പ്രോത്സാഹിപ്പിക്കുക, പുതുമയെ പരിപോഷിപ്പിക്കുക തുടങ്ങി പതിനേഴ് സുസ്ഥിര വികസന ലക്ഷ്യങളാണ് 2030 ൽ നേടണമെന്ന് യു എൻ ഡി പി ആഗ്രഹിക്കുന്നത്.
നാനാ മേഖലകളിലുള്ള വിദഗ്ധരുടെ നേതൃത്വത്തിൽ പൊഴുതന ഗ്രാമ പഞ്ചായത്തിനെ വിലയിരുത്തിയാണ് ഈ രേഖ തയ്യാറാക്കിയിട്ടുള്ളത്. വയനാട്ടിലെ പ്രധാന വിഷയമേഖലകളായ ഉല്പാദനം, ആരോഗ്യം, വിദ്യാഭ്യാസം, ലിംഗ സമത്വം, പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങൾ എന്നീ മേഖലകളിൽ അനുവർത്തിക്കേണ്ടതായ വികസന നയസമീപനമാണ് ഈ ലഘുലേഖയിൽ ഊന്നുന്നത്. പുതിയതായി ചുമതലയേറ്റെടുക്കുന്ന ജനപ്രതിനിധികൾക്ക് സുസ്ഥിര വികസന കാഴ്ചപ്പാടിൽ പരിപാടികൾ തയ്യാറാക്കുന്നതിന് സംഘടന തയ്യാറെടുത്തു കഴിഞ്ഞു. ഇതിന്റെ ഭാഗമായി പരിഷത്തിന്റെ ഗവേഷണ സ്ഥാപനമായ ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്ററിന്റെ ആഭിമുഖ്യത്തിൽ പരിശീലനം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
യോഗത്തിൽ ജില്ലാ പ്രസിഡണ്ട് പി ആർ മധുസൂദനൻ അധ്യക്ഷനായി. കെ ബാലഗോപാലൻ, സുമ വിഷ്ണുദാസ്, എം കെ ദേവസ്യ, പിസി മാത്യു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *