അകലത്തിരിക്കാം, ശാസ്ത്രം ഗ്രഹിക്കാം ശാസ്ത്ര പാഠശാല
കണ്ണൂർ: ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ അകലത്തിരിക്കാം; ശാസ്ത്രം ഗ്രഹിക്കാം കാമ്പയിന്റെ ഭാഗമായി ഓൺലൈൻ ക്ലാസ്സ് പഠന പരിപാടി സംഘടിപ്പിച്ചു. മെയ് 2 ന് ആരംഭിച്ച പരിപാടി മെയ് 13ന് സമാപിച്ചു.
ഹൈസ്കൂൾ ഹയർ സെക്കന്ററി വിദ്യാർഥികൾക്കായി ലോക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് പഠന പരിപാടി സംഘടിപ്പിച്ചത്. 500 വിദ്യാർഥികളെ ഉൾപ്പെടുത്തി ടെലഗ്രാം ഗ്രൂപ്പ് രൂപീകരിച്ചാണ് ക്ലാസ്സ് നടത്തിയത്.
ഐഎസ്ആർഒ റിട്ട. സയന്റിസ്റ്റ് ഡോ. പി എം സിദ്ധാർഥന്റെ നേതൃത്യത്തിൽ ഡോ. സ്വപ്ന ജേക്കബ് (പയ്യന്നൂർ കോളേജ്), പ്രഫ. എൻ കെ ഗോവിന്ദൻ (റിട്ട. പ്രിൻസിപ്പൽ കൃഷ്ണമേനോൻ വനിത കോളേജ്), ഡോ. പി ശ്രീജ (സർ സയ്യദ് കോളേജ് തളിപ്പറമ്പ), ഡോ. എൻ മനോജ് കുമാർ (പയ്യന്നൂർ കോളേജ്), കെ സനൽകുമാർ (മമ്പറം എച്ച്എസ്എസ്) എന്നിവരടങ്ങിയ അക്കാദമിക് സമിതിയാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്.
വലയസൂര്യഗ്രഹണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജനകീയ ശാസ്ത്ര പ്രചരണ പരിപാടിയിൽ പങ്കെടുത്ത വിവിധ കോളേജ് വിദ്യാർഥികൾ ക്ലാസുകൾക്ക് നേതൃത്വം നൽകി.വ്യത്യസ്തമായ 11 വിഷയങ്ങളിൽ നടന്ന ക്ലാസുകളിൽ രക്ഷിതാക്കളും കുട്ടികളും താൽപര്യപൂർവ്വം പങ്കെടുത്തു.
ഈ ഗ്രൂപിൽ തുടർന്ന് ശാസ്ത്രത്തിന് പ്രാധാന്യമുള്ള ദിവസങ്ങളിൽ പ്രസ്തുത വിഷയവുമായി ബന്ധപെട്ട ക്ലാസുകൾ നടക്കും കുട്ടികൾക്ക് ശാസ്ത്ര സംബന്ധിയായ വിഷയങ്ങളിലെ സംശയങ്ങൾ പരിഹരിക്കാനും ഉപരി പഠനത്തിന് സഹായകരമായ നിർദേശങ്ങൾ നൽകാനും അധ്യാപകർ ഗ്രൂപ്പിലൂടെ സഹായിക്കും.