അധ്യാപകര്‍ക്കായി ശാസ്ത്രാവബോധ ശില്പശാല
വയനാട് : ആവർത്തനപ്പട്ടികയുടെ 150ാം വാർഷികത്തിന്റെയും ഡിസംബറിൽ നടക്കുന്ന വലയ സൂര്യഗ്രഹണത്തിന്റെയും പശ്ചാത്തലത്തിൽ പരിഷത്ത്, ആസ്ട്രോ വയനാട്, ശാസ്ത്രരംഗം, ജില്ല സയൻസ് ക്ലബ്ബ്, കുടുംബശ്രീ, ലൈബ്രറി കൗൺസിൽ തുടങ്ങിയ പ്രസ്ഥാനങ്ങൾ ചേർന്നു രൂപീകരിച്ച ശാസ്ത്രാവബോധ പ്രചാരണ സമിതിയുടെ ആഭിമുഖ്യത്തിൽ അധ്യാപക ശിൽപശാല സംഘടിപ്പിച്ചു.
കൽപ്പറ്റ ഗവ. എൽ.പി. സ്കൂളിൽ നടന്ന ശിൽപശാല കോഴിക്കോട് സർവ്വകലാശാല രസതന്ത്ര വിഭാഗം മുൻ മേധാവി ഡോ. പി മുഹമ്മദ് ഷാഫി രസതന്ത്രം നിത്യ ജീവിതത്തിൽ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. ബത്തേരി സെന്റ് മേരീസ് കോളേജ് രസതന്ത്ര വിഭാഗം മുൻ തലവന്‍ ഡോ. തോമസ് തേവര ആവർത്തനപ്പട്ടികയുടെ 150 വർഷങ്ങൾ എന്ന വിഷയം അവതരിപ്പിച്ചു. കീമോഫോബിയ എന്ന പുതുമയാർന്ന വിഷയമാണ് ആസ്ട്രോ വയനാട് ചെർമാൻ ആയ കെ പി ഏലിയാസ് അവതരിപ്പിച്ചത്.
ദാരിദ്യ നിർമ്മാർജനത്തിനും ആരോഗ്യ സുരക്ഷയ്ക്കും കാർഷിക മേഖലയ്ക്കും രസതന്ത്രം നൽകിയ സംഭാവനകൾ വിശദീകരിച്ചു. കാൻസർ, ജൈവകൃഷി, മരുന്നുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട അശാസ്ത്രീയമായ കാഴ്ചപ്പാടുകൾ തുറന്നു കാട്ടിയ ക്ലാസ്സ് പല മിഥ്യാധാരണകളേയും തിരുത്തുന്നതായിരുന്നു.
2019 ഡിസംബറിൽ നടക്കുന്ന വലയ സൂര്യഗ്രഹണത്തെ സംബന്ധിച്ച് മാനന്തവാടി ഗവ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ മുൻഹെഡ് മാസ്റ്റർ ജോൺ മാത്യൂ അവതരിപ്പിച്ച ക്ലാസ്, ഗ്രഹണത്തിന്റെ ശാസ്ത്രം, ഗ്രഹണവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങൾ, തെറ്റിദ്ധാരണകൾ, സുരക്ഷിതമായി ഗ്രഹണം കാണുന്നതിനുള്ള മാർഗ്ഗങ്ങൾ തുടങ്ങിയവ വിശദീകരിച്ചു.
സയൻസ് ക്ളബ് സെക്രട്ടറി എം സുനിൽകുമാർ, ശാസ്ത്രരംഗം ജില്ലാ കൺവീനർ സി ജയരാജൻ, സാബു ജോസ് മേപ്പാടി, ഗവ. എൽ.പി. സ്കൂള്‍ കൽപ്പറ്റ ഹെസ് മാസ്റ്റർ ജനാർദ്ദനൻ എന്നിവർ ആശംസകളർപ്പിച്ചു. നിർവാഹക സമിതി അംഗം പ്രൊഫ. കെ ബാലഗോപാലൻ, ജില്ലാ പ്രസിഡന്റ് മാഗി വിൻസന്റ്, സെക്രട്ടറി എം കെ ദേവസ്യ തുടങ്ങിയവർ നേതൃത്വം നല്‍കി. ജനറൽ കൺവീനർ ടി പി സന്തോഷ് സ്വാഗതവും കോർഡിനേറ്റർ കെ ടി ശ്രീവത്സൻ നന്ദിയും പറഞ്ഞു.