‘ആരോഗ്യരംഗത്ത് അശാസ്ത്രീയ പ്രചാരണം വര്‍ധിക്കുന്നു’ : ഡോ.ബി.ഇക്ബാല്‍ 10000 ആരോഗ്യക്ലാസ്സുകള്‍ : ബഹുജന കാമ്പയിനുമായി പരിഷത്ത്
തൃശ്ശൂര്‍: നിരവധി മാതൃകകള്‍ സൃഷ്ടിച്ച കേരളത്തിലെ ആരോഗ്യരംഗം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി അശാസ്ത്രീയ പ്രചാരണങ്ങളും വ്യാജ ചികിത്സകളുമാണെന്ന് ആസൂത്രണ കമ്മീഷന്‍ അംഗവും ജനകീയാരോഗ്യ പ്രവര്‍ത്തകനുമായ ഡോ.ബി.ഇക്ബാല്‍ പറഞ്ഞു. സംസ്ഥാനത്ത് പതിനായിരം ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തുന്നതിന് മുന്നോടിയായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച സംസ്ഥാന പരിശീലന പരിപാടി ജൂലൈ 8 ന് ശ്രീ കേരളവര്‍മ കോളേജില്‍വച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാം പ്രാഥമികാരോഗ്യ സേവന വിപ്ലവം എന്ന നിലയിലാണ് കേരള സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. എന്നാലത് ഫലപ്രദമായി നടപ്പിലാക്കാന്‍ ജനപങ്കാളിത്തം കൂടിയെ തീരൂ. ഈ ദിശയിലാണ് പരിഷത്ത് സംഘടിപ്പിക്കുന്ന ആരോഗ്യ ക്ലാസ്സുകളെ കാണേണ്ടത് എന്നദ്ദേഹം ചൂണ്ടിക്കാട്ടി.
നിപാ രോഗത്തെ ശാസ്ത്രീയമായി നേരിട്ടതുള്‍പ്പെടെ നിരവധി മാതൃകകള്‍ ലോകത്തിന് കാട്ടിക്കൊടുത്ത കേരളത്തില്‍, പക്ഷെ അശാസ്ത്രീയ ചികിത്സകളും അത് മൂലമുള്ള മരണങ്ങളും പെരുകുന്നു എന്നത് വൈരുധ്യമാണ്. കാന്‍സര്‍ രോഗം മൂലം മരിക്കുന്നവരില്‍ 40% പേരും അശാസ്ത്രീയ ചികിത്സയ്ക്ക് വിധേയരായവരാണ്. രോഗപ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കുന്ന കാര്യത്തില്‍ ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയായിരുന്ന കേരളം ഇപ്പോള്‍ പിന്നിലേക്ക് പോയിരിക്കുന്നു. സമ്പൂര്‍ണ്ണ സാക്ഷരത നേടിയ, അഭ്യസ്തവിദ്യര്‍ കൂടുതലുള്ള കേരളത്തില്‍ ആരോഗ്യ വിദ്യാഭ്യാസത്തിന്റെയും ശാസ്ത്രബോധത്തിന്റെയും അഭാവമാണ് കപട ചികിത്സകരും മറ്റും ഇവിടെ പെരുകുന്നതിന്റെ അടിസ്ഥാന കാരണം. രോഗികളുടെ ഭീതിയും നിസ്സഹായാവസ്ഥയും ചൂഷണം ചെയ്യപ്പെടുന്നു. ഇവിടെ ആയുര്‍ദൈര്‍ഘ്യം കൂടുതലാണെങ്കിലും രോഗാതുരതയും കൂടുതലാണ് (Low Mortality High Morbidity Syndrome). പകര്‍ച്ചവ്യാധികളും പകര്‍ച്ചേതരവ്യാധികളും വര്‍ധിക്കുന്നു. പഴയ പല പകര്‍ച്ചവ്യാധികളും തിരിച്ചു വരുന്നതോടൊപ്പം പുതിയവ പൊട്ടിപ്പുറപ്പെടുന്നു. വ്യക്തിശുചിത്വം താരതമ്യേന മെച്ചമാണെങ്കിലും സാമൂഹിക ശുചിത്വത്തില്‍ മലയാളി വളരെ പിന്നിലാണ്. കുടിവെള്ള സംരക്ഷണത്തിനും മാലിന്യ സംസ്‌കരണത്തിലും തീരെ വില കല്‍പ്പിക്കുന്നില്ല. ഈയൊരു സാഹചര്യത്തിലാണ് ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സുകളുമായി പൊതുജനങ്ങളെ സമീപിക്കാന്‍ പരിഷത്ത് തീരുമാനിച്ചിരിക്കുന്നത്. വായനശാലകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, വിവിധ സംഘടനകള്‍, ക്ലബ്ബുകള്‍ എന്നിവയുമായി സഹകരിച്ച് കേരളത്തില്‍ വ്യാപകമായി ക്ലാസുകള്‍ സംഘടിപ്പിക്കും. മഴക്കാല രോഗങ്ങള്‍, കാന്‍സര്‍: അറിയേണ്ടതും തഴയേണ്ടതും, പൊതുജനാരോഗ്യം – ജനകീയാരോഗ്യം എന്നീ മൂന്ന് വിഷയങ്ങളിലാണ് ക്ലാസ്സുകള്‍. ഒഴിവുദിവസങ്ങളിലും പ്രവൃത്തി ദിവസങ്ങളില്‍ വൈകുന്നേരങ്ങളിലും വീട്ടുമുറ്റ ക്ലാസുകള്‍ നടത്തും. വീട്ടമ്മമാരെയും കുട്ടികളെയും യുവാക്കളെയും പങ്കെടുപ്പിക്കും. ചര്‍ച്ചാക്ലാസുകള്‍ ആയിട്ടായിരിക്കും സംഘടിപ്പിക്കുന്നത്. എല്ലാവര്‍ക്കും ചര്‍ച്ചയില്‍ പങ്കെടുക്കാനും സംശയങ്ങള്‍ ഉന്നയിക്കാനും അവസരം നല്‍കും. വിഷയങ്ങളുമായി ബന്ധപ്പെട്ട മൊഡ്യൂള്‍, സി.ഡി. എന്നിവ സംസ്ഥാനതലത്തില്‍ തയ്യാറാക്കി എത്തിക്കും. ജില്ലാതലത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ കൂടിയിരുന്ന് ക്ലാസ്സുകള്‍ വ്യാപകമായി സംഘടിപ്പിക്കുന്നതിന് പരിപാടി തയ്യാറാക്കണം.
ക്ലാസുകള്‍ക്ക് മുന്നോടിയായി നടന്ന സംസ്ഥാന പരിശീലനപരിപാടിയില്‍ ഡോക്ടര്‍മാര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടെ 170 പേര്‍ പങ്കെടുത്തു. പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ.മീരാഭായ് അധ്യക്ഷത വഹിച്ചു. ഡോ.കെ.പി.അരവിന്ദന്‍, ഡോ.കെ.വിജയകുമാര്‍, ഡോ.എസ്.എം.സരിന്‍, ഡോ. ദിവ്യ ബി. രഞ്ജിത്, ഡോ.കെ.കെ.പുരുഷോത്തമന്‍, ഡോ.ഷൈജു ഹമീദ്, ഡോ.കെ.ആര്‍ വാസുദേവന്‍, സംസ്ഥാന ആരോഗ്യ വിഷയ സമിതി കണ്‍വീനര്‍ ഡോ.എസ്.മിഥുന്‍, പരിഷത്ത് ജില്ലാ സെക്രട്ടറി ടി. സത്യനാരായണന്‍ എന്നിവര്‍ സംസാരിച്ചു.