കണ്ണൂര്‍ ജില്ലയില്‍ പ്രളയ സുരക്ഷാ ക്യാമ്പയിൻ സമാപിച്ചു
കണ്ണൂർ: ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രളയ സുരക്ഷാ ബോധവൽക്കരണ ക്യാമ്പയിൻ കണ്ണൂരിൽ സമാപിച്ചു. പ്രളയ സുരക്ഷാ പ്രവർത്തനങ്ങൾ, പ്രളയം അതിജീവിക്കുവാനുള്ള തയ്യാറെടുപ്പു പദ്ധതികൾ, ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾ, ആഗോള താപനം, കാലാവസ്ഥാ മാറ്റം എന്നിവയായിരുന്നു ക്യാമ്പയിന്റെ ഉള്ളടക്കം. ബോധവൽക്കരണ ക്ലാസ്സുകൾ, പ്രചാരണ ജാഥകൾ, ലഘുലേഖാ പ്രചാരണം, ലഘു നാടകങ്ങൾ എന്നിവ ക്യാമ്പയിന്റെ ഭാഗമായി നടന്നു. ഒക്ടോബർ 5 ന് പയ്യന്നൂരിൽ നിന്നും പാനൂരിൽ നിന്നുമായി ആരംഭിച്ച രണ്ട് പ്രചാരണ ജാഥകൾ ഒക്ടോബർ 6, 7, 8 തീയ്യതികളിലായി ജില്ലയിലെ 40 കേന്ദ്രങ്ങളിൽ ബോധവൽക്കരണ കലാപരിപാടികളും സംവാദങ്ങളും സംഘടിപ്പിച്ചു. ടി ഗംഗാധരൻ പയ്യനൂർ ജാഥയിലും പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ പാനൂർ ജാഥയിലും മുഖ്യപ്രഭാഷണം നടത്തി.
പ്രളയം നമ്മോട് പറയുന്നത് എന്ന ലഘുലേഖയുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് നിര്‍വഹിച്ചു.
ജില്ലാ പ്രസിഡണ്ട് പി വി ദിവാകരൻ അധ്യക്ഷത വഹിച്ചു. ശാസ്ത്രകേരളം എഡിറ്റർ ഒ എം ശങ്കരൻ, ഒ സി ബേബി ലത, എം ദിവാകരൻ, കെ വി ജാനകി ടീച്ചർ എന്നിവർ പ്രസംഗിച്ചു എം സുജിത്ത് സ്വാഗതവും കെ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.ജില്ലയിലെ 40 കേന്ദ്രങ്ങളിലൂടെ കടന്നു പോയ യാത്ര കേളകത്ത് സമാപിച്ചു.