കലാലയ മാഗസിനുകള്‍ നാട്ടുഭാഷയെയും പരിഗണിക്കണം – കുരീപ്പുഴ ശ്രീകുമാര്‍
സാമൂഹ്യവിഷയങ്ങളിൽ നേരിന്റെ പക്ഷം പിടിക്കുന്നതിനോടൊപ്പം തന്നെ നാട്ടുഭാഷയും പ്രാദേശികചരിത്രവും അടയാളപ്പെടുത്തുക എന്നതും കോളേജ് മാഗസിനുകളുടെ മുഖ്യ അജണ്ടയായി വരേണ്ടതാണെന്ന് കവി കുരീപ്പുഴ ശ്രീകുമാർ അഭിപ്രായപ്പെട്ടു. മാഗസിൻ സൃഷ്ടികൾക്കായി വിഷയങ്ങൾ തേടി അലയേണ്ടതില്ല. നമ്മുടെ നാടിന്റെ എഴുതപ്പെടാത്ത ചരിത്രത്തെ വീണ്ടെടുക്കാനുള്ള ഏറ്റവും ഫലപ്രദമായ മാധ്യമം കോളേജ് മാഗസിനാണ്. ഇത്തരത്തിൽ കീഴാളരുടേതും പണിയെടുക്കുന്നവരുടേതുമായ അറിവുകളെ അവരുടെ പക്ഷത്തുനിന്നുകൊണ്ട് രേഖപ്പെടുത്താൻ കോളേജ് മാഗസിനുകൾക്കേ കഴിയൂ – അദ്ദേഹം പറഞ്ഞു. ശാസ്ത്രസാഹിത്യ പരിഷത്ത് – യുവസമിതിയാണ് ‘എഴുത്താളി‘ എന്ന പേരില്‍ മാഗസിൻ ശില്പശാല സംഘടിപ്പിച്ചത്. ആലപ്പുഴ ജില്ലയിലെ വിവിധ കോളേജുകളിലെ മാഗസിൻ എഡിറ്റര്‍മാരും എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളുമാണ് ക്യാമ്പിൽ പങ്കെടുത്തത്.
ക്യാമ്പംഗങ്ങള്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് മാഗസിന്റെ ഉള്ളടക്കം, ലേ ഔട്ട് എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ പങ്കെടുത്തു. ഉളളടക്കത്തെക്കുറിച്ചുള്ള ചർച്ച നയിച്ചത് പ്രമുഖ കഥാകൃത്തും ആക്റ്റിവിസ്റ്റുമായ ലാസർ ഷൈനാണ്. ലേ ഔട്ടിനെക്കുറിച്ച് വൈഡർസ്റ്റാന്റ് എഡിറ്റോറിയൽ അംഗം നിധിൻനാഥ് ദളിതൻ, പരിഷത്ത് ജില്ലാകമ്മിറ്റി അംഗം എൻ. സാനു, അനന്തു എന്നിവർ സംസാരിച്ചു. വിവിധ കോളേജുകളില്‍ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന മാഗസിനുകളുടെ തീമുകളും അവതരണ രീതികളും ക്യാമ്പ് വിശദമായി ചര്‍ച്ച ചെയ്തു. ചർച്ചകള്‍ ക്രോഡീകരിച്ചുകൊണ്ട് കവയിത്രിയും യുവസമിതി പ്രവർത്തകയുമായ ആദില കബീർ സംസാരിച്ചു.
ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി ബി. കൃഷ്ണകുമാർ, ചേർത്തല മേഖലാ സെക്രട്ടറി എൻ.ആർ. ബാലകൃഷ്ണൻ, ചേർത്തല എസ്.എൻ. കോളേജ് ഫിസിക്സ് വിഭാഗം മേധാവി ഡോ. ടി. പ്രദീപ്, ഇജാസ് എം.എ, ബായി കൃഷ്ണന്‍, അഭിവാദ് എന്നിവർ സംസാരിച്ചു.