കായലിലെ ആമ്പൽപ്പടർപ്പ്: ശാസ്ത്രീയപഠനം വേണം

0

കോട്ടയം: വിനോദ സഞ്ചാര ഗ്രാമമായ കുമരകത്തിന് സമീപം ചീപ്പുങ്കൽ പ്രദേശത്താണ് ഏകദേശം നൂറ് ഏക്കർ കായൽ ഭാഗത്ത് നിഫിയ റൂബ്ര എന്ന ചുവന്ന ആമ്പൽ വളർന്ന് വിടർന്നിട്ടുള്ളത്. ഈ ആമ്പലിന്റെ തണ്ടിന് സാധാരണ മൂന്ന് മീറ്ററിൽ താഴെയാണ് നീളം. ഇത് വ്യാപകമായി വളർന്നിരിക്കുന്നതിന്റെ അർത്ഥം ഈ ഭാഗത്ത് കായലിന്റെ ആഴം മൂന്ന് മീറ്ററിലും കുറഞ്ഞിരിക്കുന്നു എന്നാണ്. ആഴം കുറഞ്ഞ പ്രദേശത്ത് കൂടുതൽ വിസ്തൃതിയിൽ ആമ്പൽ തിങ്ങി വളരുന്നത് ഇവിടെ എക്കൽ അടിഞ്ഞ് കൂടി ക്രമേണ കായൽ ചതുപ്പായി മാറുന്നതിന് കാരണമാകും.
കഴിഞ്ഞ വർഷം മത്സ്യ സമുദ്ര പഠന സർവ്വകലാശാല നടത്തിയ പഠനത്തിൽ തണ്ണീർമുക്കം ബണ്ടിന് തെക്ക് വശത്ത് കായലിന്റെ ആഴം പല സ്ഥലങ്ങളിലും ഒന്ന് മുതൽ മൂന്ന് വരെ മീറ്ററായി കുറഞ്ഞിരിക്കുന്നതായി കണ്ടെത്തിയത് ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്. തൊണ്ണൂറുകൾ മുതൽ പരിഷത്ത് നടത്തുന്ന വിവിധ പഠന പരിപാടികളിലും ഇതേ വിഷയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളത്തിന്റെ മൂന്നിലൊന്നോളം ഭാഗം വരുന്ന വലിയൊരു നീർത്തടത്തിന്റെ ജലസംഭരണിയാണ് വേമ്പനാട്ട് കായൽ. ഈ മേഖലയുടെ പാരിസ്ഥിതിക നിലനിൽപ്പിന് കായൽ ആരോഗ്യത്തോടെ നിലനിൽക്കേണ്ടത് അനിവാര്യമാണ്.
കായലിലെ മത്സ്യോത്പ്പാദനം ഗണ്യമായി കുറയുന്നതും ആഴം കുറയുന്നതിന്റെ പ്രത്യാഘാതം തന്നെ. കുളങ്ങളും തോടുകളും വയലുകളും അടങ്ങുന്ന ഉൾനാടൻ മേഖലകളിൽ ആമ്പൽ വിടരുന്ന പ്രതിഭാസം വ്യാപകമായുണ്ട്. ഇതിൽ നിന്ന് വ്യത്യസ്തമായാണ് കായലിലെ ആമ്പൽപ്പടർപ്പിനെ കാണേണ്ടത്. കായലിലെ ആമ്പൽപ്പടർപ്പ് കായൽ ചതുപ്പാകുന്നതിന്റെ സൂചനയായി കണ്ട് അതിന്റെ കാരണങ്ങളും പ്രത്യാഘാതങ്ങളും സംബന്ധിച്ച ശാസ്ത്രീയപഠനം നടത്തുകയും പരിഹരനടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് കോട്ടയം ജില്ലാ പ്രസിഡന്റ് കെ എ രാജനും സെക്രട്ടറി ഡോ. എസ് എം പ്രമീളയും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *