കുഞ്ഞാലിപ്പാറ ക്വാറി – ക്രഷർ പ്രവർത്തനം നിർത്തണം

0

തൃശ്ശൂർ: പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്ന കുഞ്ഞാലിപ്പാറയിലെ കരിങ്കൽ ക്വാറി- ക്രഷർ യൂണിറ്റ് പ്രവർത്തനം നിർത്തിവെക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തൃശ്ശൂർ ജില്ലാ കമ്മിറ്റി, ജില്ലാ കളക്ടർ എസ് ഷാനവാസിന് നിവേദനം നൽകി.
പരിഷത്ത് നടത്തിയ പഠനമനുസരിച്ച്, നിബന്ധനകൾ പാലിക്കാതെ നടത്തുന്ന ക്വാറി- ക്രഷർ യൂണിറ്റ് പ്രദേശത്ത് ഗുരുതരമായ പരിസ്ഥിതി- ആരോഗ്യ- കാർഷിക പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് ഭാരവാഹികൾ കളക്ടറോട് പറഞ്ഞു. ഉഗ്രസ്ഫോടനങ്ങൾ ഇടക്കിടെ നടക്കുന്നതിനാൽ പ്രദേശത്തെ 180 ഓളം വീടുകൾക്ക് കേടുപാടും വിള്ളലുകളുമുണ്ടായി. തുടർച്ചയായ പൊടിയും മലിനീകരണവും ജനങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു. കിണറുകളിലെ ജലനിരപ്പ് താഴാനും കാർഷിക രംഗത്ത് ഉൽപാദനം കുറയാനും ഇടയാക്കി. വനത്തിലെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചതിനെ തുർന്ന്, വനത്തിനോട് ചേർന്ന പ്രദേശത്ത് വന്യമൃഗങ്ങൾ ഇറങ്ങി വന്ന് കൃഷി നശിപ്പിക്കുന്നു തുടങ്ങിയ വിവരങ്ങളും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി.ഉചിതമായ നടപടി ഉടൻ ഉണ്ടാകുമെന്ന് കളക്ടർ നിവേദക സംഘത്തെ അറിയിച്ചു.
പരിസര വിഷയ സമിതി ചെയർമാൻ ഡോ. കെ വിദ്യാസാഗർ, കൺവീനർ ടി.വി.വിശ്വംഭരൻ, ജില്ലാ സെക്രട്ടറി ടി സത്യനാരായണൻ, കെ കെ അനീഷ് കുമാർ, സമരസമിതി കൺവീനർ രാജ്കുമാർ രഘുരാജ്, സി എസ് സുരേന്ദ്രൻ എന്നിവർ നിവേദകസംഘത്തിലുണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *