കുരീപ്പുഴക്കെതിരെ അക്രമം : പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു
കുരീപ്പുഴ ശ്രീകുമാറിനെതിരെ നടന്ന ഫാസിസ്റ്റ് അക്രമത്തില്‍ പ്രതിഷേധിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിനുമുന്നില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ പ്രൊഫ. രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു.
തിരുവനന്തപുരം: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ സംഘപരിവാര്‍ നടത്തിയ ആക്രമത്തില്‍ പ്രതിഷേധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കാലടി സര്‍വകലാശാല മുന്‍ പ്രൊ വൈസ് ചാന്‍സലര്‍ പ്രൊഫ. രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ മതനിരപേക്ഷതയ്ക്കുമേല്‍ സംഘപരിവാറും കൂട്ടാളികളും നടത്തുന്ന അസഹിഷ്ണുതയുടെ രാഷ്ട്രീയമാണ് കുരീപ്പുഴയ്‌ക്കെതിരെ നടന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വസ്ഥവും ശാന്തവുമായ സാമൂഹ്യജീവിതം നയിക്കുന്ന കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ബോധപൂര്‍വം സൃഷ്ടിക്കപ്പെടുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാസിസത്തിനെതിരെ നിലപാടെടുക്കുന്ന മുഴുവന്‍ ജനാധിപത്യ പ്രസ്ഥാനങ്ങളെയും ഏകോപിപ്പിച്ച് ഫാസിസ്റ്റ് വിരുദ്ധകൂട്ടായ്മ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കൂട്ടവായന നടത്തി. പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ബി. രമേശ്, മേഖലാ സെക്രട്ടറി പി. പ്രദീപ് എന്നിവര്‍ സംസാരിച്ചു. അഡ്വ. വി.കെ. നന്ദനന്‍, ആര്‍. ഗിരീഷ്‌കുമാര്‍, സദീറ ഉദയകുമാര്‍, കെ. ശ്രീകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.