കേരളത്തിന്റെ നിലനില്പിനായി കൈകോര്‍ക്കുക

0

ഒരു മഹാപ്രളയത്തിന്റെ ദുരിതം വിട്ടൊഴിയുന്നതിനു മുമ്പു തന്നെ കേരളം വീണ്ടും‍ പേമാരിയിലും പ്രകൃതിക്ഷോഭത്തിലും അകപ്പെട്ടിരിക്കുകയാണ്. വടക്കന്‍ ജില്ലകളിലെല്ലാം കാലവര്‍ഷം സാരമായി ബാധിച്ചിട്ടുണ്ട്. വന്‍തോതിലുള്ള ഉരുള്‍പൊട്ടലും മലയിടിച്ചിലുമാണ് ഇക്കൊല്ലം കൂടുതല്‍ ജീവന്‍ അപഹരിച്ചത്. രണ്ടു ദിവസത്തില്‍ മാത്രം എണ്‍പതോളം ഉരുള്‍പൊട്ടലാണ് ഉണ്ടായത്. അതില്‍ വയനാട് ജില്ലയിലെ മേപ്പാടി പുത്തുമലയിലും മലപ്പുറം ജില്ലയിലെ കവളപ്പാറ ഭൂദാനം കോളനിയിലും ഉണ്ടായത് ഏവരേയും നടുക്കുന്ന ദുരന്തമാണ്.
രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും മറ്റുള്ളവരോടൊപ്പം നിന്ന് ദുരന്തബാധിതരെ സഹായിക്കാന്‍ ഈ വര്‍ഷവും നമ്മുടെ പ്രവര്‍ത്തകര്‍ മുന്നില്‍ തന്നെയുണ്ടായിരുന്നു. പ്രത്യേകിച്ച് നിര്‍ദ്ദേശങ്ങള്‍ ഒന്നുമില്ലാതെ തന്നെ വയനാട്ടിലേയും മലപ്പുറത്തേയും ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ ഇതര ജില്ലകളിലുള്ളവര്‍ മുന്നിട്ടിറങ്ങിയത് അഭിമാനകരമാണ്.
കാലവര്‍ഷക്കെടുതികള്‍ ആവര്‍ത്തിച്ചും പ്രകൃതി ദുരന്തങ്ങള്‍ തമ്മിലുള്ള ഇടവേള കുറഞ്ഞും കേരളത്തിന്റെ പരിസ്ഥിതിയില്‍ വരുന്ന മാറ്റങ്ങളെ അതിന്റേതായ vഗൗരവത്തോടെ കാണേണ്ട തുണ്ട്. മഴയുടെ അളവിലും സ്വഭാവത്തിലും ദൈര്‍ഘ്യത്തിലുമെല്ലാം പ്രവചിക്കാന്‍ പറ്റാത്ത തരത്തിലുള്ള മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. ഒരു മാസം മൊത്തം ലഭിക്കേണ്ട മഴയാണ് ഒരു മണിക്കൂറില്‍ ചിലയിടങ്ങളില്‍ പെയ്യുന്നത്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും കേവലം പ്രബന്ധാവതരണത്തിനുള്ള വിഷയം മാത്രമല്ലെന്നും നമ്മെ തുറിച്ചു നോക്കുന്ന യാഥാര്‍ഥ്യമാണെന്നുമുള്ള തിരിച്ചറിവുണ്ടാവണം. പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് പറയുന്നത് വികസന വിരുദ്ധമാണെന്ന കാഴ്ചപ്പാടും മാറണം. ഭൂമിയുടെ ഉപയോഗം, കെട്ടിടനിര്‍മാണം, കാര്‍ഷിക രീതികള്‍, വനപരിപാലനം, നഗരവികസനം, അടിസ്ഥാന സൗകര്യമൊരുക്കല്‍ എന്നിവയിലെല്ലാം നമ്മുടെ ശീലങ്ങളിലും രീതികളിലും മാറ്റം വേണ്ടതുണ്ട്. സംസ്ഥാനത്തൊട്ടാകെ പ്രളയത്തെ അതിജീവിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളേ അനുവദിക്കാവൂ.
കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തെ തുടര്‍ന്ന് കേരള പുനർനിർമാണത്തിനായി ഐക്യരാഷ്ട്ര സംഘടനയുടെ വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ് അസസ്സ്മെന്റ് (PDNA) റിപ്പോര്‍ട്ടില്‍ പാരിസ്ഥിതിക പുനഃസ്ഥാപനത്തിന് ഊന്നല്‍ നല്‍കിയാകണം പുനര്‍നിര്‍മാണം എന്ന് ഊന്നിപ്പറഞ്ഞിരുന്നു. പ്രളയത്തിന്റെ ആഘാതം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായ അശാസ്ത്രീയ ഭൂവിനിയോഗം, തണ്ണീര്‍ത്തടങ്ങളിലെ മാറ്റങ്ങള്‍, അനിയന്ത്രിത ഖനനം മുതലായവ പരിസ്ഥിതിക്ക് ഉണ്ടാക്കിയ ആഘാതങ്ങള്‍ പരിഗണിച്ച് ഭൂവിനിയോഗം, ഭൂപരിവര്‍ത്തനം, ജലമാനേജ്മെന്റ് എന്നിവയില്‍ ശാസ്ത്രീയമായ രീതികള്‍ അവലംബിച്ചുകൊണ്ടുള്ള പുനര്‍നിര്‍മാണമാണ് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചത്. ഈ സമീപനമാണ് കേരള പുനര്‍നിര്‍മാണത്തില്‍ പിന്തുടരുക എന്ന മുഖ്യമന്ത്രിയുടെ അന്നത്തെ പ്രഖ്യാപനത്തെ വളരെയേറെ പ്രതീക്ഷയോടെയും സന്തോഷത്തോടെയുമായിരുന്നു കേരളജനത സ്വീകരിച്ചത്. എന്നാല്‍ പ്രസ്തുത റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ പാടേ അവഗണിച്ചുകൊണ്ട് ലോകബേങ്ക്, എഡിബി വായ്പ ലക്ഷ്യം വെച്ചുള്ള കേരള പുനര്‍നിര്‍മാണ വികസന പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളാണ് പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്. ഇത് മുന്‍ തീരുമാനത്തിനും കേരളത്തിന്റെ താത്പ്പര്യത്തിനും വിരുദ്ധമാണ്. ഒരു പ്രളയത്തില്‍ നിന്നും നാം ഒന്നും പഠിച്ചില്ല എന്നത് വളരെ ഖേദകരമാണ്.
അതിതീവ്രമഴയും പ്രളയവും ഉരുള്‍പൊട്ടലും വാര്‍ഷിക സംഭവ വികാസങ്ങളാകുമ്പോള്‍ പുനര്‍നിര്‍മാണത്തിനു പകരം കേരളത്തിന്റെ നിലനില്പിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നത്. കാലാവസ്ഥയിലും ഭൂപ്രകൃതിയിലും വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ കുറിച്ച് വിശദമായ പഠനങ്ങളും‍ ശാസ്ത്രീയമായ വിലയിരുത്തലുകളും അനിവാര്യമാണ്. അങ്ങനെ കണ്ടെത്തുന്ന കാരണങ്ങളും പരിഹാരവും ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ ചര്‍ച്ചയ്ക്ക് വിധേയമാക്കി കാലാവസ്ഥാ മാറ്റത്തിനെ അതിജീവിക്കുന്ന കേരളത്തെ രൂപപ്പെടുത്തുന്നതിന് നമുക്ക് കൈകോര്‍ക്കാം.

പാരിഷത്തികാഭിവാദനങ്ങളോടെ,

രാധന്‍ കെ
ജനറല്‍ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *