കോട്ടയത്ത് പുസ്തക ചര്‍ച്ച
ശാസ്ത്ര സാഹിത്യ പരിഷത്ത് 2019ല്‍ പ്രസിദ്ധീകരിച്ച മുകളില്‍ നിന്നുള്ള വിപ്ലവം സോവിയറ്റ് തകര്‍ച്ചയുടെ അന്തര്‍ധാരകള്‍ എന്ന പുസ്തകത്തിന്റെ ചര്‍ച്ച വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ നടന്നു. ശ്രി ശിവദാസ് പാലമിറ്റത്തിന്റെ 20ാമത് അനുസ്മരണ പരിപാടിയോട് അനുബന്ധമായി ആണ് കോട്ടയം ജില്ലയിലെ വൈക്കം മേഖലയില്‍ പുസ്തക ചര്‍ച്ച നടന്നത്.പരിഷത്തിന്റെ പ്രസിദ്ധീകരണ വിഭാഗം കണ്‍വിനര്‍ ശ്രി.പി. മുരളീധരന്‍ വിഷയം അവതരിപ്പിച്ചു. സോവിയറ്റ് ഭരണകൂടത്തിന്റെ തകര്‍ച്ചയില്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ട മുതലാളിത്ത ശക്തികളുടെ ഇടപെടലുകള്‍, ആഭ്യന്തരമായി ഉണ്ടായ പാര്‍ട്ടി അധികാരസ്ഥാപനത്തിനായുള്ള കുഴപ്പ ങ്ങള്‍ എന്നിവയെല്ലാം എത്രമാത്രം അടിസ്ഥാന രഹിതമായിരുന്നു എന്ന ഗ്രന്ഥ കര്‍ത്താക്കളുടെ നിഗമനങ്ങള്‍ അവതരിപ്പിച്ചു. തകര്‍ച്ചയുടെ സമയം വരെ ലോകത്താകെ വിവധ രംഗങ്ങളില്‍ നിലനിന്നിരുന്ന സോവിയറ്റ് അപ്രമാദിത്വം, തകര്‍ച്ചയുടെ സമയം വരെ നിലവിലുണ്ടായിരുന്ന സോവിയറ്റ് റഷ്യയിലെ ഉയർന്ന ജീവിത നിലവാരം, തൊഴില്‍ പങ്കാളിത്തം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുണ്ടായിരുന്ന പ്രത്യേക കരുതലുകള്‍, സമകാലിക ലോക സാഹചര്യത്തില്‍ സോവിയറ്റു യൂണിയന്‍ പോലുള്ള ഒരു ഭരണകൂടത്തിന്റെ സാന്നിദ്ധ്യം എത്രമാത്രം ആവശ്യമുള്ളതാണ് എന്നും പരാമര്‍ശിക്കപ്പെട്ടു. പിന്നീടു നടന്ന ചര്‍ച്ചയില്‍ ജനയുഗത്തിന്റെ ചീഫ് എഡിറ്റര്‍ ശ്രി. രാജാജി മാത്യു തോമസ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ശ്രീമതി. ലതികാ സുഭാഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇന്ത്യയില്‍ ഉണ്ടാകുന്ന ഇടതുപക്ഷത്തിന്റെ അപചയത്തെ ഈ പുസ്തകത്തിന്റെ പശ്ചാത്തലത്തില്‍ പുനര്‍ ചര്‍ച്ചക്കു വിധേയമാക്കേണ്ടതുണ്ട് എന്ന അഭിപ്രായം പൊതുവില്‍ ഉണ്ടായി. പൊതു രാഷ്ട്രീയ പ്രവര്‍ത്തനത്തെ ഗൗരവപൂര്‍വം കാണുന്ന വൈക്കത്തെ 150തോളം വരുന്ന പൗര സമൂഹം ഈ പരിപാടിയില്‍ സന്നിഹിതമായിരുന്നു. ടി ഗംഗാധരന്‍, ശിവദാസ് പാലമറ്റം അനുസ്മരണ പ്രഭാഷണം നടത്തി. മേഖലാ പ്രസിഡന്റ് ശ്രി. അജിത്കുമാര്‍ അദ്ധ്യക്ഷത വഹിച്ച വേദിയില്‍ മേഖലാ സെക്രട്ടറി കെ. രാജന്‍ സ്വാഗതവും യൂണീറ്റ് സെക്രട്ടറി ശ്രി.എന്‍ ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.