കോയമ്പത്തൂരിലെ ജ്യോഗ്രഫി വിദ്യാർത്ഥികൾക്ക് ഐ ആര്‍ ടി സിയില്‍ പരിശീലനം
പാലക്കാട്: കോയമ്പത്തൂര്‍ നിർമ്മല വിമന്‍സ് കോളേജിലെ ജ്യോഗ്രഫി ഡിപ്പാർട്ട്മെന്റിൽ നിന്നെത്തിയ ബിരുദ വിദ്യാർത്ഥികൾക്ക് ഐ.ആർ.ടി.സിയില്‍ പരിശീലനം നൽകി. ഡിസംബർ 3 മുതൽ 5 വരെ നടന്ന പരിപാടിയിൽ റീമോട്ട് സെന്‍സിംഗിന്റെ അടിസ്ഥാനവും പ്രയോഗവും, സാറ്റലൈറ്റ് ഇമേജ് പ്രോസസിംഗ്, ഭൂഉപയോഗവും തരംതിരിക്കലും, റിസോഴ്‍സ് മാപ്പ് തയ്യാറാക്കല്‍, ഗൂഗിള്‍ എര്‍ത്ത്, ജിപിഎസ് സാങ്കേതിക വിദ്യ പ്രായോഗിക പഠനത്തിലുടെ എന്നീ സെഷനുകളാണ് പ്രധാനമായും നടന്നത്. പ്രൊജക്ട് സയന്റിസ്റ്റുമാരായ ആനന്ദ് സെബാസ്റ്റ്യൻ, രാജൻ എം, ജിഐഎസ് അനലിസ്റ്റ് വിവേക് അശോകൻ, പ്രൊജക്ട് അസിസ്റ്റന്റ് രാഗേന്ദു എൻ.ആർ എന്നിവര്‍ സെഷനുകൾ നയിച്ചു.
പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഐ.ആർ.ടി.സി ഡയറക്ടറും പ്രമുഖ ഭൗമശാസ്ത്രജ്ഞനുമായ ഡോ.എസ്.ശ്രീകുമാർ നിർവഹിച്ചു. ജിഐഎസ്, റീമോട്ട് സെന്‍സിംഗ് എന്നീ സാങ്കേതികവിദ്യകളുടെ ആഗോളതലത്തിലുള്ള പ്രയോഗവും അവയുടെ പ്രസക്തിയും അദ്ദേഹം വിശദീകരിച്ചു. മാറിവരുന്ന കാലാവസ്ഥയുടെയും നിരന്തരമുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെയും പശ്ചാത്തലം കൂടി പരിഗണിച്ചു വേണം ഇത്തരം സാങ്കേതികവിദ്യകളുടെ പ്രാധാന്യം മനസ്സിലാക്കാൻ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ.ആർ.ടി.സി നാച്യുറല്‍ റിസോഴ്‍സ് മാനേജ്മെന്റ് ഡിവിഷന്‍ മേധാവി ആർ സതീഷ്, രജിസ്ട്രാർ കെ കെ ജനാർദ്ദനൻ എന്നിവർ സംസാരിച്ചു. ഐ.ആർ.ടി.സി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എം രാമചന്ദ്രൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പരിശീലനം മികച്ച നിലവാരം പുലർത്തിയെന്നും തങ്ങളുടെ ബിരുദപഠനത്തിന് സഹായകമാണെന്നും വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.