ജനറല്‍ സെക്രട്ടറിയുടെ കത്ത്
പ്രിയ സുഹൃത്തേ,
മെയ് 17, 18, 19 തീയതികളിലായി പത്തനംതിട്ട ജില്ലയിലെ പ്രമാടത്ത് നേതാജി ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച് നടന്ന 56-ാം വാര്‍ഷികസമ്മേളനം മികച്ച സംഘാടനം, ഗൗരവപൂര്‍ണമായ ഉള്ളടക്കം, ആവേശകരമായ പങ്കാളിത്തം എന്നിവകൊണ്ട് മികച്ചതായിരുന്നു.
വിപുലമായ അനുബന്ധപരിപാടികളാണ് സമ്മേളനത്തിന്റെ ഭാഗമായി നടന്നത്. ശാസ്ത്രബോധവും സാമാന്യബോധവും, നവോത്ഥാനവും ഭരണഘടനയിലെ തുല്യതാ സങ്കല്പവും, പരിസ്ഥിതിയും വികസനവും, വായന വളര്‍ത്തുന്ന കുട്ടി, കുട്ടികള്‍ പഠിക്കട്ടെ, ഒപ്പം ചേരാം എന്നിങ്ങനെ അഞ്ച് വിഷയങ്ങളിലായി ഇരുന്നൂറോളം ക്ലാസുകള്‍, സായാഹ്ന പ്രഭാഷണങ്ങള്‍, കിലയും ഐ.ആര്‍.ടി.സിയുമായി ചേര്‍ന്ന് നടത്തിയ സെമിനാറുകള്‍, വിളംബര ജാഥ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. പ്രളയക്കെടുതികളും സംഘടനാപരമായ പരിമിതികളും ഉണ്ടായിരുന്നിട്ടും സമ്മേളനം വിജയിപ്പിച്ച പത്തനംതിട്ട ജില്ലക്ക് പ്രത്യേകം അഭിനന്ദനങ്ങള്‍.
വാര്‍ഷിക സമ്മേളനത്തിന് ശേഷമാണ് ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ ഹിന്ദുത്വവാദികള്‍ പൂര്‍വാധികം ശക്തിയോടെ അധികാരത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഇന്ത്യയുടെ ബഹുസ്വരതയ്ക്കും പുകള്‍പെറ്റ മതേതരത്വത്തിനും ഏറ്റ കനത്ത പ്രഹരമായിട്ടേ ഇതിനെ വിലയിരുത്താന്‍ കഴിയൂ. ഒരു മതേതര ജനാധിപത്യ ഇന്ത്യ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ഗാന്ധിജിയും നെഹ്റുവും ശ്രമിച്ചതും അംബേദ്ക്കറുടെ നേതൃത്വത്തില്‍ ഭരണഘടന രൂപപ്പെടുത്തിയെടുത്തതും. എന്നാല്‍ സ്വാതന്ത്ര്യം കിട്ടി 60 വര്‍ഷങ്ങള്‍ക്ക് ശേഷവും ഒരു ഹിന്ദുത്വ ഇന്ത്യ രൂപപ്പെടുത്താനുള്ള ഊര്‍ജിത ശ്രമം നടക്കുന്നുവെന്ന തോന്നലുകളാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. മതവും ജാതിയും, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും യുക്തിരാഹിത്യവും, സവര്‍ണബോധവും ചരിത്രനിഷേധങ്ങളും കൂടുതല്‍ ശക്തിയോടെ തിരിച്ചുവരുന്നു. വിദ്വേഷത്തിനും വെറുപ്പിനും ജനാധിപത്യത്തില്‍ സ്ഥാനം ലഭിച്ചിരിക്കുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. പൊതുതെരഞ്ഞെടുപ്പില്‍ ജനാധിപത്യം സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധരായ രാഷ്ട്രീയ നേതൃത്വങ്ങളും പാര്‍ട്ടികളും അവര്‍ക്ക് പറ്റിയ വീഴ്ചകള്‍ വിശകലനം ചെയ്യട്ടെ. നമ്മള്‍ എത്രമാത്രം ജനകീയമാണ്, വിദ്യാസമ്പന്നരായ ജനങ്ങളെ പോലും സ്വാധീനിക്കാന്‍ നമുക്ക് എത്രമാത്രം കഴിയുന്നുണ്ട്, ശാസ്ത്രബോധം ജനങ്ങളുടെ പൊതുബോധമാക്കുന്നതിനുള്ള നമ്മുടെ പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം ഫലപ്രദമാകുന്നുണ്ട് തുടങ്ങിയ കാര്യങ്ങളില്‍ ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനമായ നമ്മളും ആത്മപരിശോധന നടത്തേണ്ട സമയമാണിത്. അതിനനുസരിച്ച് നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ വേണ്ടിവരും.
ജൂണ്‍ 8, 9 തീയതികളില്‍ നടക്കുന്ന സംയുക്ത കേന്ദ്രനിര്‍വാഹകസമിതി യോഗത്തോടെ വരും വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയാണ്. യുക്തിചിന്തയിലും ശാസ്ത്രബോധത്തിലും അധിഷ്ഠിതമായ നവകേരളം പടുത്തുയര്‍ത്തുക എന്ന 56-ാം വാര്‍ഷികത്തിന്റെ സന്ദേശം പ്രാവര്‍ത്തികമാക്കുന്നതിന് നാം കൂടുതല്‍ കര്‍മോത്സുകരാകേണ്ടതുണ്ട്.
ഒട്ടേറെ പ്രതിസന്ധികളും വെല്ലുവിളികളും നേരിടേണ്ടിവന്ന ഒരു പ്രവര്‍ത്തനവര്‍ഷമാണ് കഴിഞ്ഞുപോയത്. ഈ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം സംഘബോധത്തോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ നമുക്കായിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ നിര്‍ദേശങ്ങളും പിന്തുണയും നല്‍കി കൂടെ നിന്ന് പ്രവര്‍ത്തിച്ച മുഴുവന്‍ പ്രവര്‍ത്തകരോടുമുള്ള നന്ദിയും സ്നേഹവും അറിയിക്കാന്‍ ഈ അവസരം ഉപയോഗിക്കട്ടെ.
പാരിഷത്തികാഭിവാദ്യങ്ങളോടെ,
ടി.കെ മീരാഭായ്
ജനറല്‍ സെക്രട്ടറി