ജനറല്‍ സെക്രട്ടറിയുടെ കത്ത്

0

ജനോത്സവങ്ങള്‍ കൊടികയറി
മേരി ക്യൂറി പുറപ്പെട്ടു

നമ്മുടെ സംഘടനയുടെ ഏറ്റവും വലിയ ജനസമ്പര്‍ക്ക പരിപാടിയായ ജനോത്സവങ്ങള്‍ക്ക് കൊടിയേറ്റമായി. ഭരണഘടനയുടെ ആമുഖം കലണ്ടര്‍ രൂപത്തില്‍ അച്ചടിച്ച് വീടുകളില്‍ എത്തിച്ചുകൊണ്ടാണ് ജനോത്സവ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ഇത്തരത്തില്‍ ഒരു ലക്ഷം വീടുകള്‍ സന്ദര്‍ശിക്കുവാനാണ് നാം ലക്ഷ്യമിട്ടിരിക്കുന്നത്. ‘നമ്മള്‍ ഇന്ത്യയിലെ ജനങ്ങള്‍ – ചോദ്യം ചെയ്യാന്‍ ഭയക്കാതിരിക്കുവിന്‍’ എന്ന സന്ദേശം ഇതുവഴി ജനങ്ങളിലെത്തിക്കാന്‍ കഴിയുമെന്നാണ് നാം വിചാരിക്കുന്നത്.
130 കേന്ദ്രങ്ങളില്‍ ഇതിനകം ജനോത്സവത്തിന്റെ ഉദ്ഘാടന പരിപാടികള്‍ നടന്നു കഴിഞ്ഞു. ജില്ലകളില്‍ വ്യത്യസ്തങ്ങളായ പരിപാടികളാണ് ജനോത്സവത്തിന്റെ ഭാഗമായി നടന്നു കൊണ്ടിരിക്കുന്നത്. തിരുവനന്തപുരം, മലപ്പുറം, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. മറ്റ് ജില്ലകളിലും നന്നായി നടക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. കൊല്ലം ജില്ലയിലെ വെട്ടിക്കവലയില്‍ ഒരു വാര്‍ഡ് ഊര്‍ജ്ജഗ്രാമമാക്കി മാറ്റുന്നതിന്റെ ഭാഗമായി 500 ചൂടാറാപ്പെട്ടികള്‍ വീടുകളിലെത്തിക്കഴിഞ്ഞു. തൃശൂര്‍ ജില്ലയിലെ ചാവക്കാട് മേഖലയില്‍ 12 വീട്ടുമുറ്റങ്ങളില്‍ നാടകങ്ങള്‍ അരങ്ങേറി. കണ്ണൂര്‍ ജില്ലയിലെ പെരളശ്ശേരിയില്‍ സ്ത്രീകള്‍ രാത്രിയില്‍ ചെണ്ട കൊട്ടി, പാട്ടുപാടി തെരുവിലിറങ്ങിയത്, കുന്നംകുളം മേഖലയില്‍ (തൃശൂര്‍) ചൂണ്ടല്‍ ഗ്രാമപഞ്ചായത്തില്‍ സ്ത്രീകള്‍ ചൂട്ടുവീശി പാട്ടുപാടിക്കൊണ്ട് ജാഥയായി വന്ന് രാത്രി 11 മണിവരെ കേച്ചേരി സെന്ററില്‍ പൊതുയോഗം നടത്തിയതുമെല്ലാം വേറിട്ട പ്രവര്‍ത്തനങ്ങളാണ്. ആവിഷ്ക്കാര രൂപങ്ങള്‍ ഏതു തന്നെയായാലും നാം മുന്നോട്ട് വയ്ക്കുന്ന ആശയം ജനാധിപത്യവും ശാസ്ത്രബോധവും മാനവികതയും മതേതരത്വവുമാണെന്ന കാര്യം മറന്നു പോകരുത്.
യുവസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാംപസ് കലാജാഥ കണ്ണൂരില്‍ നിന്നും പ്രയാണമാരംഭിച്ചു. മികച്ച പ്രതികരണങ്ങളാണ് നാടകത്തെക്കുറിച്ച് ലഭിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ പ്രവര്‍ത്തകര്‍ നാടകം കാണുകയും പരമാവധി ആളുകളെ നാടകം കാണിക്കുവാനുള്ള ശ്രമം നടത്തുകയും വേണം
നാം ഏറ്റെടുത്തിരിക്കുന്ന ഇത്രയും വൈപുല്യമേറിയ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കണമെങ്കില്‍ മറ്റു സംഘടനകളുമായും പ്രസ്ഥാനങ്ങളുമായുള്ള ബന്ധപ്പെടല്‍ കൂടിയേ തീരൂ. അതോടൊപ്പം ആവശ്യമായ സാമ്പത്തികം കണ്ടെത്തുകയും വേണം. പുസ്തകപ്രചാരണത്തിന്റെ ഇതുവരെയുള്ള സ്ഥിതി ഒട്ടും ആശാവഹമല്ല. നമ്മുടെ എല്ലാ പ്രവര്‍ത്തകയും/നും പുസ്തക പ്രചാരണം ഏറ്റെടുത്താല്‍ മാത്രമേ ഒരു മേഖലയില്‍ ഒരു ലക്ഷം രൂപ എന്ന ലക്ഷ്യത്തിലെത്താന്‍ നമുക്ക് കഴിയുകയുള്ളു.
പിപിസി ഉല്‍പന്നങ്ങളുടെ പ്രചാരണത്തില്‍ അലംഭാവം ഉണ്ടാകരുത്.
ദൃശ്യശ്രവ്യമാധ്യമങ്ങള്‍, പത്രമാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ എന്നിവയുടെ സാധ്യത ഉപയോഗപ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ക്ക് പരമാവധി പ്രചാരണം കൊടുക്കുകയും ഡോക്യുമെന്റ് ചെയ്യുകയും വേണം. നമ്മുടെ സംഘടനയുടെ മുഴുവന്‍ ഊര്‍ജവും ഉപയോഗിച്ചുകൊണ്ടു മാത്രമേ ജനോത്സവ പരിപാടികള്‍ വിജയിപ്പിക്കാന്‍ കഴിയുകയുള്ളു. അത് വിജയിപ്പിക്കേണ്ടത് ഇന്നിന്റെ ആവശ്യവുമാണ്.
ജനോത്സവത്തോടൊപ്പം ഫെബ്രുവരി വരെയുള്ള ദിവസങ്ങളിലാണ് യൂണിറ്റ് വാര്‍ഷികങ്ങള്‍ നടത്തേണ്ടത്. മാര്‍ച്ച് മാസത്തില്‍ മേഖലാ വാര്‍ഷികവും ഏപ്രില്‍ മാസത്തില്‍ ജില്ലാ വാര്‍ഷികവും നടക്കണം. വാര്‍ഷികങ്ങള്‍ ചിട്ടയോടെ നടത്തുന്നതിനും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള ശ്രമവും എല്ലാവരുടെയും ഭാഗത്തുനിന്നും ഉണ്ടാകണം.

സ്നേഹത്തോടെ
ടി.കെ.മീരാഭായ്
ജനറല്‍ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *