ജില്ലാ ഭരണകൂടം യാഥാര്‍ഥ്യം മനസ്സിലാക്കണം : പരിഷത്ത് കൺവെൻഷൻ

0

tcr-convension-abharanam

 

തൃശ്ശൂർ: ഭരണകൂടവും രാഷ്ട്രീയ പാർട്ടികളും സത്യത്തിനും ജനങ്ങൾക്കുമൊപ്പം നിൽക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് സാഹിത്യ അക്കാദമി ഹാളിൽ സംഘടിപ്പിച്ച ജല ജാഗ്രതാ കൺവെൻഷൻ ആവശ്യപ്പെട്ടു.
ചെറുവത്തേരി, മരിയാപുരം, എടക്കുന്നി എന്നിവിടങ്ങളിൽ സ്വർണ്ണാഭരണ നിർമാണശാലകൾ ആസിഡ് കലർത്തി കുടിവെള്ളം മലിനീകരിക്കുന്നതിനെതിരെ സമരം ചെയ്യുന്ന ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ് പരിഷത്ത് ജില്ലാ കമ്മിറ്റി കൺവെൻഷൻ സംഘടിപ്പിച്ചത്.
പരിഷത്ത് കേന്ദ്ര നിര്‍വാഹക സമിതി അംഗം പ്രൊഫ.വി.ആർ.രഘുനന്ദനൻ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. വിവിധ ലാബറട്ടറികളും ഏജൻസികളും നടത്തിയ ജലപരിശോധനാ ഫലങ്ങൾ അപ്രസക്തമാക്കുകയും ജനങ്ങളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുകയുമാണ് ജില്ലാ ഭരണകൂടമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചെറുവത്തേരിയിലെ ജനങ്ങൾ 140 ദിവസമായി സമരത്തിലാണ്. സമ്മർദ്ദങ്ങൾക്കും പ്രലോഭനങ്ങൾക്കും വഴങ്ങിക്കൊണ്ട്, ജില്ലാഭരണകൂടം സത്യങ്ങൾ വളച്ചൊടിക്കുകയും മലിനീകരണം നടത്തുന്ന ഫാക്ടറികൾക്കൊപ്പം നിൽക്കുകയുമാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കൊപ്പമാണ് ഭരണാധികാരികളും രാഷ്ടീയ പാർട്ടികളും നിൽക്കേണ്ടത്. നിസ്സഹായരായ ജനങ്ങളെ സാങ്കേതികത്വത്തിന്റെ ചരടിൽ കെട്ടിയിടരുത്. ജനകീയ പ്രതിരോധം ശക്തമാക്കുകയും സാങ്കേതികമായ പരിശോധനാ ഫലങ്ങൾ ജനകീയമാക്കുകയും വേണം. അദ്ദേഹം കൂട്ടിച്ചേർത്തു.
തെക്കെ ഗോപുരനടയിൽ നിന്ന് ആരംഭിച്ച പ്രതിഷേധപ്രകടനം സ്വരാജ് റൗണ്ട് ചുറ്റിയാണ് അക്കാദമി ഹാളിൽ എത്തിച്ചേർന്നത്.
പരിഷത്ത് ജില്ലാ പ്രസിണ്ട് എം.എ. മണി അധ്യക്ഷത വഹിച്ചു. ഡോ.കെ വിദ്യാസാഗർ, കെ.എസ്.സുധീർ, കെ.കെ.അനീഷ് കുമാർ, ടി. സത്യനാരായണൻ, സമരസമിതി നേതാക്കളായ ടി.വി.ചന്ദ്രൻ, പി.എൽ.ഡേവീസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *