ഡെങ്കിപ്പനി: അനാവശ്യ ഭീതി പരത്തരുത് – ഡോ.കെ.പി.അരവിന്ദൻ

0

sangadanavidya-camp-tcr

കണിമംഗലം (തൃശ്ശൂർ): പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ചിലർ ജനങ്ങൾക്കിടയിൽ അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കുകയാണെന്ന് കോഴിക്കോട് മെഡി.കോളേജിലെ പാതോളജി എമിരറ്റസ് പ്രൊഫസറും ശാസ്‌ത്രസാഹിത്യ പരിഷത്ത് കേന്ദ്രനിർവാഹക സമിതി അംഗവുമായ ഡോ.കെ.പി.അരവിന്ദൻ ചൂണ്ടിക്കാട്ടി. ഡെങ്കിപ്പനിയിൽ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുന്നതിന് അമിത പ്രാധാന്യവും ഗൗരവവും നൽകേണ്ടതില്ല. പപ്പായ നീര് ഉൾപ്പെടെ നിരവധി അശാസ്‌ത്രീയ ചികിത്സകൾ പ്രചാരത്തിലുണ്ട്. ഇവ സ്ഥിതി വഷളാക്കാനേ ഉപകരിക്കൂ. ശാസ്‌ത്രീയമായ ചികിത്സ തക്കസമയത്ത് ലഭ്യമാക്കുന്നതിലൂടെ ഏതാനും ദിവസങ്ങൾക്കുള്ളിൽ രോഗിയുടെ രക്തത്തിൽ പ്ലേറ്റ്‌ലെറ്റുകള്‍ സ്വാഭാവികമായി വർദ്ധിക്കും. എന്നാൽ, ചില നിക്ഷിപ്ത താൽപര്യക്കാരുടെ അസംബന്ധ പ്രചരണങ്ങളിൽ വശംവദരായി ശാസ്‌ത്രീയ ചികിത്സ കൃത്യസമയത്ത് തേടാത്തതാണ് പനിമരണങ്ങൾക്ക് കാരണം. നൂതന സാങ്കേതികവിദ്യകൾ വഴി ഈഡിസ് കൊതുകകളെ നശിപ്പിക്കാനും അവയുടെ പെരുകൽ തടയുന്നതിനും ആണ് അടിയന്തിര പ്രാധാന്യം നൽകേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാനതല സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് കണിമംഗലം എസ്. എൻ. ഹൈസ്ക്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ.അരവിന്ദൻ.
പരിഷത്ത് പ്രസിദ്ധീകരണ സമിതി ചെയർമാൻ ഡോ.കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.കെ. മീരാഭായ്, സംസ്ഥാന കൺവീനർമാരായ എ.പി.മുരളീധരൻ, പി.മുരളീധരൻ, ജില്ലാ പ്രസിഡണ്ട് എം.എ.മണി, സെക്രട്ടറി കെ.എസ്.സുധീർ, ഇ.സുനിൽകുമാർ, സി.എൻ.അജയകുമാർ ,
രാജൻ നെല്ലായി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *