തിരൂരങ്ങാടി മേഖലാസമ്മേളനം പൂർത്തിയാക്കി ഇനി ബാലശാസ്ത്ര കോൺഗ്രസിലേക്ക്
തിരൂരങ്ങാടി മേഖലാസമ്മേളനം പൂർത്തിയായി. പലതുകൊണ്ടും ആവേശകരമായിരുന്നു ഇത്തവണത്തെ സമ്മേളനം. യുവസമിതി പ്രവർത്തകർ പ്രധാന രണ്ടു സെഷനുകൾക്ക് നേതൃത്വം നൽകിയതാണ് അതിൽ മുഖ്യം. ഒന്നാം ദിവസം വൈകുന്നേരത്തെ പരിഷദ് വർത്തമാനത്തിൽ റിസ്വാൻ അവതരിപ്പിച്ച പുതുചിന്തകൾ സംഘടനയിൽ പുതുവാതിലുകളാണ് തുറന്നിട്ടത്. രാത്രി വൈകിയും 40 പേർ ചർച്ചക്കായി ഇരുന്നത് ആ തുറസ്സിന്റെ വെളിച്ചത്തിൽ മാത്രമായിരുന്നു. രണ്ടാംദിനം സമ്മേളനം ഉദ്ഘാടനം ചെയ്തത് യുവസമിതി പ്രവർത്തക അപർണ മാർകോസാണ്. ശാസ്ത്രബോധമായിരുന്നു വിഷയം. മണികണ്ഠൻ മാഷ് ജലസുരക്ഷ വിഷയം അവതരിപ്പിച്ചു. പൊതുയോഗം, റിപ്പോർട്ടിലും സംഘടനാരേഖയിലും നടന്ന ഗ്രൂപ്പ് ചർച്ച എന്നിവ സംഘടനാ ചിട്ടയുടെ നേർസാക്ഷ്യമായി. തിരൂരിൽ നിന്ന് ‘പഴയ കൂട്ടരെയെല്ലാം കാണാൻ മാത്രമായി’ കബീർക്ക വന്നത് ഹൃദ്യമായി. ജിജിമാഷും വിലാസിനി ചേച്ചിയും സജീവ സാന്നിധ്യമായി. ക്ലാസ് മുറിയിലല്ലാതെ ഉങ്ങ് മരച്ചുവട്ടിൽ കൂടിയിരുന്ന് നിലാവറിഞ്ഞതും കാറ്റേറ്റതും മറ്റൊരു അനുഭവം. സംശയം വേണ്ട, പങ്കെടുക്കാനാവാത്തത് നഷ്ടം തന്നെയാണ്.
സെക്രട്ടറിയായി കെ.കെ ശശിധരൻ, പ്രസിഡന്റായി എസ്. സദാനന്ദൻ എന്നിവരെ തിരഞ്ഞെടുത്തു. ഏഴ് യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തിയാക്കിയാണ് മേഖലാ സമ്മേളനം നടത്തിയത്.
ഏപ്രിൽ മാസം നടക്കുന്ന സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ് ഗംഭീരമാക്കാൻ തീരുമാനമെടുത്താണ് സമ്മേളനം പിരിഞ്ഞത്.