തൃശ്ശൂർ പൂരം ഇത്തവണ പ്രതീകാത്മകമാക്കണം
കോവിഡ് രണ്ടാം തരംഗത്തിൽ രോഗവ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിൽ തൃശ്ശൂർ പൂരം ഉൾപ്പെടെ മുഴുവൻ ആൾക്കൂട്ട സാഹചര്യങ്ങളും ഒഴിവാക്കപ്പെടേണ്ടതാണെന്ന് തൃശൂർ ജില്ലാകമ്മിറ്റി സർക്കാരിനോടാവശ്യപ്പെട്ടു.
തൃശ്ശൂർ: കോവിഡ് രണ്ടാം തരംഗത്തിൽ രോഗവ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിൽ തൃശ്ശൂർ പൂരം ഉൾപ്പെടെ മുഴുവൻ ആൾക്കൂട്ട സാഹചര്യങ്ങളും ഒഴിവാക്കപ്പെടേണ്ടതാണെന്ന് തൃശൂർ ജില്ലാകമ്മിറ്റി സർക്കാരിനോടാവശ്യപ്പെട്ടു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് തൃശ്ശൂർ പൂരം കഴിഞ്ഞ വർഷത്തെ പോലെ ചടങ്ങ് മാത്രമാക്കി നടത്തിയാൽ മതി. കഴിഞ്ഞ വർഷത്തേക്കാൾ ഗുരുതര സാഹചര്യമാണ് നിലവിലുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,08,898 സാമ്പിൾ പരിശോധിച്ചപ്പോൾ 18,257 പേർക്ക് രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.04 ആയി കുതിച്ചുയർന്നു. മുമ്പ് പരിശോധന നടത്തിയതില്‍ 5 ൽ ഒരാൾക്ക് കോവിഡ് എന്ന ഭീതിദസാഹചര്യം നിലനിൽക്കുന്നു. ജനിതകവ്യതിയാനം സംഭവിച്ച വ്യാപനശേഷി കൂടുതലുള്ള പുതിയ ഇനം വൈറസാണ് രണ്ടാം തരംഗത്തിലെന്നാണ് വിദഗ്ദാഭിപ്രായം. സ്ക്കൂൾ,സർവകലാശാല പരീക്ഷകളെല്ലാം മാറ്റിവെച്ചു. പലയിടങ്ങളിലും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു.
ഈ സമയത്ത് പൂരം പോലുള്ള ആഘോഷപരിപാടികൾക്ക് അനു മതി നല്കുന്നത് മനുഷ്യത്വ വിരുദ്ധമാണ്. തെരഞ്ഞെടുപ്പോ, പരീക്ഷകളോ പോലെ നിയന്ത്രണങ്ങൾ പാലിച്ച് നടത്തേണ്ട ഒരു അത്യാവശ്യ പരിപാടിയല്ല പൂരം പോലുള്ള ഉത്സവങ്ങൾ. ആളുകൾ സന്തോഷത്തോടെയും ഭയരഹിതരായും ആസ്വദിച്ച് പങ്കെടുക്കേണ്ട ആഘോഷമാണ്. ഈ സാഹചര്യം അതിന് യോജിച്ചതല്ല എന്ന് ഏവർക്കും ബോധ്യമുള്ളതുമാണ്.
മാത്രവുമല്ല ആന പാപ്പാൻമാർ അടക്കമുള്ളവർ രണ്ട് ഡോസ് വാക്സിനെടുത്തിരിക്കണം, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയിരിക്കണം എന്ന് തുടങ്ങിയ നിബന്ധനകൾ അപ്രായോഗികവുമാണ്. ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പ് ജില്ലാഅധികൃതർ (DMO) നൽകിയിട്ടുള്ള മുന്നറിയിപ്പുകളേയും നമ്മൾ അവഗണിക്കരുത്. പരമാവധി പേർക്ക് വാക്സിൻ ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങൾക്കും ജനങ്ങളുടെ സുരക്ഷയ്ക്കുമാണ് ഇപ്പോൾ മുന്തിയ പരിഗണന നൽകേണ്ടത്.
ഈ സാഹചര്യത്തിൽ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് പൂരാഘോഷങ്ങൾ നടത്താൻ അനുമതി നൽകിയ തീരുമാനത്തിൽ നിന്നും പിൻമാറാൻ ജില്ലാഭരണകൂടം തയ്യാറാകണമെന്നും സർക്കാർ അതിന് നിർദ്ദേശം നൽകണമെന്നും ജനങ്ങൾ അതിനോട് സർവ്വാത്മനാ സഹകരിക്കണമെന്നും ജില്ലാസെക്രട്ടറി ടി സത്യനാരായണനും ജില്ലാപ്രസിഡണ്ട് കെ എസ് ജയയും ആവശ്യപ്പെട്ടു.