എം.കെ.പി യോടൊത്തൊരു സായാഹ്നം

0

മുതിർന്ന പ്രവർത്തകനും ശാസ്ത്രഗതിയുടെ മുൻ പത്രാധിപരും പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും സൈലന്റ് വാലി പ്രക്ഷോഭനായകനും കോഴിക്കോട് സർവകലാശാലയുടെ മുൻ പ്രൊ. വി.സിയുമാണ് പ്രൊഫ. എം കെ പ്രസാദ്

പ്രൊഫ. എം കെ പ്രസാദിനെ തൃശ്ശൂരിലെ പരിഷദ് പ്രവർത്തകർ അദ്ദേഹത്തിന്റെ കടവന്ത്രയിലുള്ള വീട്ടിലെത്തി കണ്ടപ്പോള്‍.

തൃശ്ശൂർ: മുതിർന്ന പ്രവർത്തകനും ശാസ്ത്രഗതിയുടെ മുൻ പത്രാധിപരും പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും സൈലന്റ് വാലി പ്രക്ഷോഭനായകനും കോഴിക്കോട് സർവകലാശാലയുടെ മുൻ പ്രൊ. വി.സിയുമായ പ്രൊഫ. എം കെ പ്രസാദിനെ തൃശ്ശൂരിലെ പരിഷദ് പ്രവർത്തകർ അദ്ദേഹത്തിന്റെ കടവന്ത്രയിലുള്ള വീട്ടിലെത്തി കണ്ടു. രണ്ടു മണിക്കൂറോളം നേരം അദ്ദേഹവുമായി സംസാരിച്ചു.
സൈലന്റ് വാലി സമരവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ അദ്ദേഹം പരിഷദ് സംഘത്തോട് പങ്കു വച്ചു. സേവ് സൈലന്റ് വാലി കാമ്പയിന്റെ ഭാഗമായി 1800 ൽ അധികം യോഗങ്ങൾ കേരളത്തിലെമ്പാടും സംഘടിപ്പിച്ചു. സൈലന്റ് വാലിയെ സംരക്ഷിക്കുക എന്ന തലക്കെട്ടിൽ എം.കെ.പിയുടെ ലേഖനം മാതൃഭൂമിയിൽ അച്ചടിച്ച് വന്നതിനെ തുടർന്ന് അന്നത്തെ പത്രാധിപരായ എൻ വി കൃഷ്ണവാര്യരെ തൽസ്ഥാനത്ത് നിന്ന് നീക്കിയത്, അന്നത്തെ മുഖ്യമന്ത്രി സി അച്ചുതമേനോനെയും പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെയും കണ്ട് സംസാരിക്കാൻ ഡോ. എം പി പരമേശ്വരൻ, എൻ സി നായർ, കെ കെ കൃഷ്ണകുമാർ എന്നിവരോടൊപ്പം പോയത് തുടങ്ങി നിരവധി കാര്യങ്ങൾ അദ്ദേഹം ഓർത്തെടുത്തു.
ഒരു പരിസ്ഥിതി ശാസ്തജ്ഞൻ എന്ന നിലയിൽ കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പ്രായോഗിക നിർദ്ദേശങ്ങൾ അദ്ദേഹം നൽകി. ഒരു പിടി മണ്ണിൽ നിന്ന് കുട്ടികൾക്ക് മനസ്സിലാക്കാൻ ഒരായിരം കാര്യങ്ങളുണ്ടെന്നും മണ്ണെടുത്ത് ഒരു ട്രേയിലെടുത്ത് ചിക്കിപ്പരത്തി നിരീക്ഷിക്കാൻ അധ്യാപകർ കുട്ടികൾക്ക് പ്രേരണയും പ്രചോദനവുമാകണമെന്ന് അദ്ദേഹം പറഞ്ഞു.
എം സി നമ്പൂതിരിപ്പാട് ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് കേരളത്തിലെ വിഖ്യാതരായ ശാസ്ത്രസാഹിത്യകാരന്മാരെ തൃശ്ശൂരിൽ വെച്ച് ആദരിച്ചപ്പോൾ എം കെ പിയ്ക്ക് അന്ന് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന് അന്ന് നൽകേണ്ടിയിരുന്ന ആദരപത്രവും ഫലകവും ഉപഹാരവും പരിഷദ്സംഘം അദ്ദേഹത്തിന് കൈമാറി.
പരിഷത്ത് പ്രസിദ്ധീകരണ സമിതി ചെയർമാൻ ഡോ. കാവുമ്പായി ബാലകൃഷ്ണൻ, യുറീക്ക പത്രാധിപ ടി കെ മീരാഭായ്, എം സി നമ്പൂതിരിപ്പാട് ജന്മശതാബ്ദി ആഘോഷ സമിതി കൺവീനർ സി ബാലചന്ദ്രൻ, ജില്ലാ സാമ്പത്തിക സമിതി ചെയർമാൻ എ പി ശങ്കരനാരായണൻ, ജില്ലാ സെകട്ടറി ടി സത്യനാരായണൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *