ദേശീയ ഹരിത ട്രൈബ്യൂണലിനെ നിര്‍വീര്യമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിക്കുക
ദേശീയ ഹരിത ട്രൈബ്യൂണലിനെ നിര്‍വീര്യമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് ശക്തിയായി പ്രതിഷേധിക്കുന്നു. 2017-ലെ ഫിനാന്‍സ് ആക്ടിന്റെ 184-ാം വകുപ്പുപ്രകാരമുള്ള ചട്ടപ്രകാരം വളഞ്ഞ വഴിയിലൂടെയാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉള്‍പ്പെടെ 19 ട്രൈബ്യൂണലുകളെ വരുതിയിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതുമൂലം ഹരിത ട്രൈബ്യൂണലിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്. പുതിയ ചട്ടപ്രകാരം ട്രൈബ്യൂണല്‍ അംഗങ്ങളെ നിയമിക്കുന്ന സെര്‍ച്ച് കം സെലക്ഷന്‍ കമ്മിറ്റിയില്‍ അഞ്ച് അംഗങ്ങളാണുണ്ടാകുക. ഇതില്‍ നാലുപേരും കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കുന്നതും ഒരാളെ ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് നിയമിക്കുന്നതുമായിരിക്കും. അതായത് ഇനി മുതല്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുന്നവരായിരിക്കും കമ്മിറ്റി അംഗങ്ങളാവുക. അംഗങ്ങളെ നീക്കം ചെയ്യുന്നതിനും മുമ്പുണ്ടായിരുന്ന വ്യവസ്ഥകള്‍ മാറ്റിയിരിക്കുകയാണ്. ഏതെങ്കിലും അംഗത്തിനെതിരെ ആരോപണം ഉണ്ടായാല്‍ കേന്ദ്രസര്‍ക്കാര്‍ പ്രാഥമിക അന്വേഷണം നടത്തി അത് സുപ്രീംകോടതിയുടെ പരിഗണനയ്ക്കു വിടുകയായിരുന്നു നിലവിലുണ്ടായിരുന്നത്. ഭേദഗതി പ്രകാരം കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കുന്ന ഒരു അതോറിറ്റി പരിശോധിച്ച് നടപടിയെടുക്കും. അതായത് ട്രൈബ്യൂണലിന്റെ മുന്നിലുള്ള കേസുകളില്‍ മിക്കവാറും പ്രതിസ്ഥാനത്തു വരുന്ന പരിസ്ഥിതി മന്ത്രാലയം തന്നെ ട്രൈബ്യൂണല്‍ അംഗങ്ങളെ നിരീക്ഷിക്കുന്ന വിചിത്രമായ അവസ്ഥയാണ് ഉണ്ടാകാന്‍ പോകുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മേധാവിത്വമുള്ള തെരഞ്ഞെടുപ്പു സമിതിയിലും ദേശീയ ഹരിത ട്രൈബ്യൂണല്‍ പോലെ രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സംവിധാനങ്ങളിലെ അംഗങ്ങളെ തീരുമാനിക്കുന്നതു അതിന്റെ പ്രവര്‍ത്തനത്തെ നിര്‍വീര്യമാക്കുമെന്ന് പറയേണ്ടതില്ലല്ലോ.
ഇതുകൂടാതെ ട്രൈബ്യൂണല്‍ അംഗങ്ങളുടെ യോഗ്യതയിലും നിര്‍ണായക മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. ഇതനുസരിച്ച് അധ്യക്ഷസ്ഥാനത്തേയ്ക്ക് ഇനി റിട്ടയേര്‍ഡ് സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാര്‍ വേണമെന്നില്ല. നിയമരംഗത്ത് പ്രവര്‍ത്തിപരിചയമുള്ള മറ്റുള്ളവരേയും നിയമിക്കാം. വനംപരിസ്ഥിതി സമിതികളില്‍ അംഗങ്ങളായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ പ്രസ്തുത ഐഎഎസ് ഉദ്യോഗ്‌സഥര്‍ക്കും അഭിഭാഷകര്‍ക്കും ഹരിത ട്രൈബ്യൂണല്‍ അധ്യക്ഷനാകാം. ട്രൈബ്യൂണലിലെ ജുഡീഷ്യല്‍ അംഗം റിട്ട. ഹൈക്കോടതി ജഡ്ജിയാകണമെന്നതും മാറ്റി. 10 വര്‍ഷത്തെ നിയമപരിജ്ഞാനമുള്ള ആരെയും ഇനി നിയമിക്കാം. കാലാവധി അഞ്ചു വര്‍ഷത്തില്‍ നിന്നും മൂന്നുവര്‍ഷമായി കുറയും. ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിക്കുന്നയാളെ അധ്യക്ഷനാക്കണമെന്നതുമാറ്റി അതിനായി വനം പരിസ്ഥിതി മന്ത്രാലയം സെക്രട്ടറിയെ ഉള്‍പ്പെടുത്തി ഒരു സമിതിയുണ്ടാക്കി. ഇതുവരെ ഹരിതട്രൈബ്യൂണല്‍ അധ്യക്ഷസ്ഥാനം രാഷ്ട്രപതിയുടെ കീഴിലായിരുന്നെങ്കില്‍ അത് വനം പരിസ്ഥിതി മന്ത്രാലയം സെക്രട്ടറിയുടെ കീഴിലേക്ക് മാറ്റി. സുപ്രീംകോടതി ജഡ്ജിമാര്‍ക്കുള്ള ആനുകൂല്യത്തിനുപകരം ഇനി ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കുള്ള ആനുകൂല്യമേ ലഭിക്കൂ. സര്‍ക്കാരിന്റെ ഇഷ്ടക്കാര്‍ക്ക് നിയമനം നല്‍കാന്‍ ഇതുവഴിവച്ചിരിക്കുകയാണ്.
ധനമന്ത്രാലയം പുറത്തിറക്കിയ പുതിയ ചട്ടങ്ങള്‍ ഹരിത ട്രൈബ്യൂണല്‍ ഉള്‍പ്പെടെ 19 ട്രൈബ്യൂണലുകളുടെയും സ്വതന്ത്രസ്വഭാവം നശിപ്പിക്കുന്നതാണ്. കുത്തകകള്‍ക്കെതിരെ പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനും വന്‍കിടക്കാരുടെ മലിനീകരണത്തിനെതിരെ സാധാരണക്കാരെ പരിരക്ഷിക്കുന്നതിനും ഏറെ പ്രയോജനപ്പെട്ടിരുന്ന ഹരിത ട്രൈബ്യൂണലിനെ നിര്‍വീര്യമാക്കുന്നതിലൂടെ രാജ്യത്തെ പ്രകൃതിവിഭവങ്ങളെയും ജനങ്ങളെയും ചൂഷണം ചെയ്യാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് അവസരം ലഭിച്ചിരിക്കുകയാണ്. എല്ലാം അധികാരകേന്ദ്രങ്ങളുടെയും സ്വതന്ത്രസ്വഭാവം നശിപ്പിച്ച് കേന്ദ്രസര്‍ക്കാരിനുകീഴിലാക്കുന്നത് ഏകാധിപത്യത്തിലേക്കുള്ള ചുവടുവയ്പ്പായി കണക്കാക്കണം. എല്ലാ ജനാധിപത്യവിശ്വാസികളും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ഥിക്കുന്നു.