നമ്മള്‍, ഇന്ത്യയിലെ ജനങ്ങള്‍ We, The People of India – ആര്‍ രാധാകൃഷ്ണന്‍
സമാനതകളില്ലാത്ത, ഐതിഹാസികമായ സമരത്തിലൂടെ, രാഷ്ട്രീയസ്വാതന്ത്ര്യം നേടിയെടുത്ത നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്ക് സഹായകമായ ഒരു ഭരണസംവിധാനത്തിന് രൂപംകൊടുത്തുകൊണ്ട് അറുപത്തിയേഴ് വര്‍ഷം മുമ്പ് നമ്മള്‍, ഇന്ത്യയിലെ ജനങ്ങള്‍ ഒരു ഭരണഘടനക്ക് ജന്മം നല്‍കി. അത് ഏറ്റവും ദൈര്‍ഘ്യമേറിയ ഒരു ലിഖിത ഭരണഘടനയാണെന്നും വിലയിരുത്തപ്പെട്ടു. മുന്നൂറ്റിത്തൊണ്ണൂറ്റിയഞ്ച് വകുപ്പുകളിലും പന്ത്രണ്ട് പട്ടികകളിലുമായി ഉള്‍പ്പെടുത്തിയിരിക്കുന്ന അതിന്റെ ഉള്ളടക്കം അതിവിശിഷ്ടമായ അനേകം ആശയങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഭരണഘടനയുടെ ഉള്ളടക്കത്തിന്റെ അന്തഃസത്ത കൃത്യമായി ഊറ്റിയെടുത്ത് അതിമനോഹരമായ രീതിയില്‍ 58 വാക്കുകളുള്ള ഒരു വാചകത്തില്‍ അതിന്റെ ആമുഖമായി ഇങ്ങനെ ചേര്‍ത്തിരിക്കുന്നു.
ഇന്ത്യയിലെ ജനങ്ങളായ നാം ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതിസമത്വ, മതേതര, ജനാധിപത്യ, റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാനും, അതിലെ പൗരന്മാര്‍ക്കെല്ലാം സാമ്പത്തികവും, രാഷ്ട്രീയവും ആയ നീതിയും; ചിന്തയ്ക്കും, ആശയപ്രകടനത്തിനും, വിശ്വാസത്തിനും, മതനിഷ്ഠക്കും, ആരാധനക്കും ഉള്ള സ്വാതന്ത്ര്യവും പദവിയിലും അവസരത്തിലും സമത്വവും സംപ്രാപ്തമാക്കുവാനും, അവക്കെല്ലാമിടയില്‍, വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തിക്കൊണ്ട് സാഹോദര്യം പുലര്‍ത്തുവാനും, സഗൗരവം തീരുമാനിച്ചിരിക്കയാല്‍, നമ്മുടെ ഭരണഘടനാനിര്‍മാണ സഭയില്‍ ഈ 1949 നവംബര്‍ ഇരുപത്തിയാറാം ദിവസം ഇതിനാല്‍ ഈ ഭരണഘടനയെ സ്വീകരിക്കുകയും നിയമമാക്കുകയും നമുക്ക് തന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു.
ഇതിലൂടെ നമ്മള്‍, ഇന്ത്യയിലെ ജനങ്ങള്‍ സ്വതന്ത്രമനസ്സോടെ പ്രഖ്യാപിച്ച ഒരു ദൃഢപ്രതിജ്ഞയാണ് ലോകത്തെ അറിയിക്കുന്നത്. ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതിസമത്വ, മതേതര, ജനാധിപത്യ, റിപ്പബ്ലിക്കാക്കി സംവിധാനം ചെയ്യണമെന്ന് തീരുമാനിച്ചിരിക്കുന്നു. അതിലെ എല്ലാ ജനങ്ങള്‍ക്കും നീതി, സ്വാതന്ത്യ്രം, സമത്വം എന്നിവ ഉറപ്പാക്കാനും അവരുടെ ഇടയിലുള്ള സാഹോദര്യം വര്‍ധിപ്പിക്കാനും പ്രതിജ്ഞചെയ്യുന്നു. നീതിയെ, സാമൂഹിക – രാഷ്ട്രീയ സാമ്പത്തിക നീതിയെന്ന് അര്‍ത്ഥശശങ്കയില്ലാതെ നിര്‍വചിച്ചിരിക്കുന്നു. അതുപോലെ സ്വാതന്ത്ര്യം എന്നത് ചിന്തയ്ക്കും, ആശയപ്രകാശനത്തിനും, വിശ്വാസത്തിനും, മതനിഷ്ഠക്കും, ആരാധനക്കും ഉള്ള സ്വാതന്ത്യ്രം എന്ന് വ്യക്തമാക്കിയിരിക്കുന്നു. സമത്വമെന്നത് അവസരത്തിലും പദവിയിലും ഉള്ള സമത്വമാണെന്നും വിശദീകരിക്കുന്നു. യഥാര്‍ത്ഥത്തില്‍ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നതാണ് ഒരു ജനാധിപത്യവ്യവസ്ഥയുടെ അടിത്തറ. നമ്മുടെ പരമലക്ഷ്യമായി പ്രഖ്യാപിച്ചിരിക്കുന്നത് വ്യക്തിയുടെ അന്തസ്സും, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നേടിയെടുക്കുക എന്നതുതന്നെയാണ്. ഈ പ്രതിജ്ഞ എടുത്തിരിക്കുന്നത് ഇന്ത്യയിലെ ജനങ്ങളായ നാം തന്നെയാണ്. ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യ സ്രോതസ്സ് ഇന്ത്യയിലെ ഇന്ത്യയിലെ ജനങ്ങള്‍ തന്നെയാണ് എന്ന് ചരിത്രപ്രധാനമായ ഈ ആമുഖം ലോകത്തോടു വിളിച്ചു പറയുന്നു. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഭരണഘടനയുടെ താഴെപറയുന്ന കാഴ്ചപ്പാടുകള്‍ ആണ് ഭരണഘടനയുടെ മൗലികമായ മൂല്യങ്ങള്‍ എന്ന് കാണാവുന്നതാണ്.
പരമാധികാരം, സ്ഥിതിസമത്വം, മതനിരപേക്ഷത
ജനാധിപത്യം, റിപ്പബ്ലിക്കന്‍ സ്വഭാവം, നീതി
സ്വാതന്ത്ര്യം, സാഹോദര്യം, വ്യക്തിയുടെ അന്തസ്സ്
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും.
ഈ കാഴ്ച്ചപ്പാടുകളുടെ വിശദീകരണവും അവ നടപ്പില്‍ വരുത്തുന്നതിനാവശ്യമായ വിശദാംശങ്ങളുമാണ് ഭരണഘടനയുടെ ഉള്ളടക്കത്തില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇന്നത്തെ വര്‍ത്തമാന ഇന്ത്യന്‍ സമൂഹത്തില്‍ മേല്‍ സൂചിപ്പിച്ച മിക്ക കാഴ്ചപ്പാടുകള്‍ക്കെതിരെയും വെല്ലുവിളികള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നതായിട്ടാണു കാണുന്നത്. ഇന്ത്യയുടെ ബഹുസ്വരത, മതനിരപേക്ഷത, ജനാധിപത്യം, സ്വാതന്ത്ര്യം ഇതിനുവേണ്ടിയെല്ലാം വാദിക്കുന്നവരെ കൊലചെയ്യാനും, ഭീഷണിപ്പെടുത്താനുമൊക്കെ തയ്യാറായി നില്‍ക്കുന്ന ഫാസിസ്റ്റ് ശക്തികളുടെ നഗ്നതാണ്ഡവം ഇന്ത്യയുടെ പലഭാഗത്തും കണ്ടുതുടങ്ങിയിരിക്കുന്നു. അധികാരം കയ്യാളുന്നവരില്‍ ചിലരും അവരോടൊപ്പം ഒത്തുചേരുന്നു. ഈ ആപത്ഘട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങളായ നാം ഒന്നിച്ചു നിന്നുകൊണ്ട് ഭരണഘടനയുടെ ആമുഖത്തില്‍ പ്രഖ്യാപിച്ച എല്ലാ ജനാധിപത്യ മൂല്യങ്ങളേയും എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന് വീണ്ടും ശക്തമായി പ്രതിജ്ഞയെടുക്കാന്‍ സമയമായിരിക്കുന്നു