പരിണാമസിദ്ധാന്തത്തിന് അനുകൂലമായി കൂടുതൽ തെളിവുകൾ
തൃശ്ശൂർ : ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിന് അനുകൂലമായി പുതിയ തെളിവുകൾ ലഭിച്ചു കൊണ്ടിരിക്കുന്നതായി പ്രമുഖ സസ്യശാസ്ത്രജ്ഞൻ ഡോ. പി എൻ ഗണേഷ് പറഞ്ഞു. തൃശ്ശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിമാസ ശാസ്ത്രപ്രഭാഷണ പരമ്പരയിൽ ‘പരിണാമം: നവചിന്തകൾ’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിനിർധാരണമാണ് (Natural Selection) പരിണാമ സിദ്ധാന്തത്തിന്റെ അന്ത:സത്ത. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഗ്രിഗർ മെൻഡൽ ചില പുതിയ ചിന്തകൾ മുന്നോട്ടുവെച്ചു. ജീൻ, മ്യൂട്ടേഷൻ എന്നീ പദങ്ങൾ അദ്ദേഹമാണ് ആദ്യമായി (1920) അവതരിപ്പിച്ചത്. മെൻഡലിന്റ സിദ്ധാന്തം പിന്നീട് ഡിവ്റീസ് പുനരാവിഷ്കരിച്ചു. ജീനിനെക്കുറിച്ചുള്ള അറിവുകൂടി പ്രകൃതി നിർധാരണത്തിൽ ഉൾപ്പെടുത്തിയാണ് നിയോഡാർവിനിസം അവതരിപ്പിക്കപ്പെട്ടതെന്ന് ഡോ. ഗണേഷ് ചൂണ്ടിക്കാട്ടി.
വെളുത്ത ചിറകുകളുള്ള നിശാശലഭങ്ങളെ രാത്രിയിൽ ഇരപിടിയന്മാർക്ക് എളുപ്പത്തിൽ കണ്ടെത്താനാകുമെന്നതിനാലാണ് അവയുടെ ചിറകുകൾക്ക് ക്രമേണ കറുത്ത നിറം കൈവന്നത്. മനുഷ്യരുടെ DNA യിലെ പതിനാറാം ക്രോമസോമിലെ ഒരു ന്യൂക്ലിയോടൈഡിൽ വന്ന ചെറിയ മാറ്റം, ശരീരത്തിൽ അധിക കൊഴുപ്പ് സംഭരിച്ചു വെക്കാൻ അവന് ശേഷി നൽകി. ഇങ്ങനെ സംഭരിച്ചു വെക്കുന്ന കൊഴുപ്പ് പട്ടിണിയാകുമ്പോൾ എടുത്തുപയോഗിക്കാനും ജീവസന്ധാരണത്തിനും സഹായിച്ചു. എന്നാലിന്ന്, പ്രസ്തുത ജീനിനെ പൊണ്ണത്തടി ജീൻ (obesity gene) എന്നാണ് വിളിക്കുന്നത്! അദ്ദേഹം ചൂണ്ടിക്കാട്ടി.
ശാസ്ത്രാവബോധ സമിതി ജില്ലാചെയർമാൻ പ്രൊഫ. കെ ആർ ജനാർദനൻ അധ്യക്ഷത വഹിച്ചു. കൺവീനർ ടി വി രാജു, ജില്ലാസെക്രട്ടറി ടി സത്യനാരായണൻ , എ പ്രേമകുമാരി, ശശികുമാർ പള്ളിയിൽ എന്നിവർ സംസാരിച്ചു.