പരിസ്ഥിതി ജനസഭ – തൃശൂര്‍

0
മാടക്കത്ര പഞ്ചായത്ത് ജനസഭ സംഘാടകസമിതി രൂപീകരണം യോഗം.

ഒല്ലൂക്കര: ഒല്ലൂക്കര മേഖലയിൽ മാടക്കത്തറ പഞ്ചായത്ത് പരിസ്ഥിതിജനസഭ നടന്നു. പ്രളയാനന്തരമുള്ള പഞ്ചായത്തിന്റെ സ്ഥിതി വിലയിരുത്താനും പരിഹാര നിർദേശങ്ങൾ രൂപീകരിക്കാനുമുള്ള ജനകീയ കൂട്ടായ്മയാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആസൂത്രണം ചെയ്ത പരിസ്ഥിതി ജനസഭ. സംഘാടക സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ പ്രളയാനന്തര സ്ഥിതി പഠിച്ചിരുന്നു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഐ.എസ്. ഉമാദേവി ഉദ്ഘാടനം ചെയ്തു. കാർഷിക സർവകലാശാലയിലെ മുൻ ഡീനും ഹോർട്ടിക്കൾച്ചർ കോളേജ് മുൻ പ്രൊഫസറുമായ ഡോ.സി.ജോർജ് തോമസ് , ” ആവർത്തിക്കുന്ന ദുരന്തങ്ങളും കേരളത്തിന്റെ അതിജീവനവും ” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം മിനി സുരേഷ് അധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങളായ സുകന്യ ബൈജു, വി.എസ്.ഗോപി എന്നിവർ സംസാരിച്ചു. പ്രാദേശിക പഠന റിപ്പോർട്ട് മേഖലാ വൈസ് പ്രസിഡണ്ട് ടി.എസ്.രാമകൃഷ്ണൻ അവതരിപ്പിച്ചു. കുടുംബശ്രീ CDS ചെയർപെഴ്സൺ സിമി സുരേഷ്, ADS സ്മിത ഷിബു, ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി ടി. സത്യനാരായണൻ, എം.ഇ.രാജൻ, ടി.വി.ഗോപീഹാസൻ , എ.കെ.ശ്രീകുമാർ എന്നിവർ സംസാരിച്ചു.

എടവിലങ്ങ് ജനസഭ സംഘാടകസമിതി രൂപീകരണം യോഗം.

എടവിലങ്ങ്: കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ വെള്ളക്കെട്ടും വരൾച്ചയും ഒരേ സമയം നേരിടുന്നതിനുള്ള ശാസ്ത്രീയവും സമഗ്രവുമായ ജല മാനേജ്മെൻറ് സംവിധാനം ഉണ്ടാകണമെന്ന് ജനകീയ കൂട്ടായ്മയിൽ ആവശ്യമുയർന്നു. എടവിലങ്ങ് ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിക്കുന്ന പരിസ്ഥിതി ജനസഭയുടെ ഭാഗമായുള്ള ജനകീയ കൂട്ടായ്മയിലാണ് പ്രദേശത്തെ വെള്ളക്കെട്ടും വരൾച്ചയും ചർച്ചാവിഷയമായത്. വലിയതോട് പെരുന്തോടിന്റെ പുനരുജ്ജീവനവും സംരക്ഷണവും എടവിലങ്ങ് പഞ്ചായത്തിലും നടപ്പിലാക്കുവാൻ ശ്രമിക്കുമെന്ന് കൈപ്പമംഗലം എംഎൽഎ ഇ ടി ടൈസൺ മാസ്റ്റർ പറഞ്ഞു. ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൊഫ. വി ആർ രഘുനന്ദനൻ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സുമ വത്സൻ അധ്യക്ഷനായി.
അധികജലം കടലിലേക്ക് ഒഴുകി പോകുന്നതിനുള്ള അഴികളും പൊഴികളും ഫലപ്രദമായി പ്രവർത്തിക്കുന്ന തരത്തിൽ ശാസ്ത്രീയമായ മാനേജ്മെൻറ് സംവിധാനം ഉണ്ടാകേണ്ടതിന്റെ ആവശ്യകത എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.പി ആദർശ് ചൂണ്ടിക്കാട്ടി. പ്രദേശത്തെ പ്രധാന തോടുകളായ വേടിത്തോട്, വലിയതോട് പെരുംതോട് എന്നിവയും ചെറു തോടുകളും കുളങ്ങളും തിരിച്ചു പിടിച്ച് ജലസംഭരണശേഷി കൂട്ടണം. കിണർ റീചാർജിങ് വഴി ഗാർഹിക ജലസംഭരണ സാധ്യതയും വർധിപ്പിക്കണം. കടൽ ഭിത്തിക്കായി കാത്തിരിക്കാതെ തീരദേശ വാസികളെ പുനരധിവസിപ്പിക്കുന്നതിനുള്ള ഇടപെടലുകൾ ഉണ്ടാകണം. തുടങ്ങി നിരവധി നിർദ്ദേശങ്ങളാണ് ജനകീയ കൂട്ടായ്മയിൽ ഉയർന്നത്.
തുടർ പ്രവർത്തനങ്ങൾക്കായി ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ (രക്ഷാധികാരി), ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.പി.ആദർശ് (ചെയർമാന്‍), എടവിലങ്ങ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ആർ. അനിൽകുമാർ (ജനറൽ കൺവീനര്‍), എം.സി പ്രശാന്ത് (കോഡിനേറ്റര്‍), സുനിത മുരളീധരൻ, ഷൈനി കരീം, കെ പി രഘുനാഥ് (കൺവീനർമാര്‍) എന്നിവരടങ്ങിയ പഠനസമിതി രൂപീകരിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി തങ്കപ്പൻ, വാർഡ് മെമ്പർ അംബിക അശോകൻ പരിഷത്ത് ജില്ലാ പ്രസിഡണ്ട് കെ എസ് ജയ, ജോ.സെക്രട്ടറി എ.ബി മുഹമ്മദ് സഗീർ, കെ എം ബേബി, പി.എ മുഹമ്മദ് റാഫി, ലളിത ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. കെ പി രഘുനാഥ് സ്വാഗതവും ഷൈനി കരീം നന്ദിയും പറഞ്ഞു.

കുന്നംകുളം പരിസ്ഥിതി ജനസഭ കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

കുന്നംകുളം: കാലാവസ്ഥാവ്യതിയാനം, ഭൂവിനിയോഗം, മാലിന്യസംസ്കരണം, കുടിവെള്ളസംരക്ഷണം എന്നീ വിഷയങ്ങളിലൂന്നി കുന്നംകുളം മേഖലയിൽ ജില്ലയിലെ ആദ്യത്തെ പരിസ്ഥിതി ജനസഭ നടന്നു. നഗരസഭ കൗണ്‍സിലര്‍മാരെയും, സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ-തൊഴിലാളി സംഘടനകളെയും, വിദഗ്ധരെയും സന്നദ്ധപ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചുകൊണ്ട് നടന്ന പരിസരജനസഭയിൽ സജീവ ചർച്ച നടന്നു.
ആഗോളതാപനത്തിന്റെ ഭാഗ മായി ലോകത്താകമാനം കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളാണ് കേരളത്തിൽ സംഭവിച്ച അതിതീവ്ര മഴയ്ക്കും അതിന്റെ തുടർച്ചയായ പ്രകൃതി ദുരന്തങ്ങൾക്കും കാരണമാകുന്നത്. അതിശക്തമായ മഴ, കടുത്ത വരൾച്ച, ശക്തമായ കൊടുങ്കാറ്റുകൾ എന്നിവ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇനിയും തുടരുന്ന അമിതമായ പ്രകൃതി വിഭവ ചൂഷണാധിഷ്ഠിത വികസനപ്രവർത്തനങ്ങൾ എന്നിവ പ്രകൃതിദുരന്തങ്ങളുടെ ആക്കംകൂട്ടുമെന്ന് സംസ്ഥാന പരിസര വിഷയ സമിതി കൺവീനർ ഡോ. കെ രാജേഷ് വ്യക്തമാക്കി. കുന്നംകുളം, ആർത്താറ്റ്, പൊർക്കളങ്ങാട് യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിച്ച പരിസരജനസഭയിൽ ആമുഖാവതരണം നടത്തുകയായിരുന്നു അദ്ദേഹം.
നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ ജനസഭ ഉത്ഘാടനം ചെയ്തു. പരിഷത്ത് കുന്നംകുളം മേഖല വൈസ് പ്രസിഡന്റ് മേജോ ബ്രൈറ്റ് അധ്യക്ഷത വഹിച്ചു. ഡോ. പ്രിജോ (CWRDM സയിന്റിസ്റ്റ്), പീറ്റര്‍ (കേരളവാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എഞ്ചീനീയര്‍), ശ്രേയസ് വല്‍സന്‍, സംസ്ഥാന സെക്രട്ടറി വി മനോജ്കുമാര്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. കുടിവെള്ള സംരക്ഷണത്തിനായി കിണര്‍ റീചാര്‍ജ് ചെയ്യുകയും കുളങ്ങളും തണ്ണീര്‍ത്തടങ്ങളും മാലിന്യമുക്തമാക്കുകയും, വയലുകള്‍ തരിശ്ശിടാതെ കൃഷിചെയ്യുകയും വേണമെന്നും ജനസഭയിൽ ആവശ്യമുയർന്നു. കുന്നംകുളം പട്ടണത്തിന്റെ വികസനത്തിൽ സ്ഥല – ജല – മാനേജ്മെന്റിന് ഊന്നൽ നല്കി മഴ വെള്ളം തടസമില്ലാതെ ഒഴുകിപ്പോകുന്നതിന് കാനകളും തോടുകളും ഉൾപ്പെടെയുള്ള ജലനിർഗമന സംവിധാനങ്ങൾ ശരിയായ രീതിയില്‍ രൂപപ്പെടുത്തണമെന്നും തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ നിർദേശിച്ചു. മേഖലട്രഷറര്‍ ടി ജെ തോംസണ്‍ സ്വാഗതവും കെ മനോഹരൻ നന്ദിയും രേഖപ്പെടുത്തി.

വാടാനപ്പിള്ളി പഞ്ചായത്ത് പരിസ്ഥിതി ജനസഭ സംഘാടകസമിതി രൂപീകരണം യോഗം.

തൃപ്രയാർ: തുടർച്ചയായുണ്ടായ രണ്ട് പ്രളയങ്ങൾ രൂക്ഷമായി ബാധിച്ച കനോലി കനാലിനോട് ചേർന്ന നടുവിൽക്കരയുടെ മൂന്നര കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തിന്റെ ശോചനീയാവസ്ഥ പഠിച്ച് പരിഹാര നിർദേശങ്ങൾ സമർപ്പിക്കാനുള്ള പഠനം ആരംഭിച്ചു. തൃപ്രയാർ മേഖലയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച പഠനം പൂർത്തിയാക്കിയ ശേഷം വിളിച്ചുകൂട്ടുന്ന പരിസ്ഥിതി ജനസഭയിൽ പoനറിപ്പോർട്ട് അവതരിപ്പിച്ച് ജനപ്രതിനിധികളുടെയും പൊതു പ്രവർത്തകരുടെയും പ്രദേശവാസികളുടെയും ചർച്ചയ്ക്ക് വിധേയമാക്കും.
പഠന പ്രവർത്തനത്തിന്റെ ഉദ്ഘാടനം ജില്ലാ പരിസര വിഷയസമിതി അധ്യക്ഷനും കേരള ഫോറസ്ട്രി കോളേജ് ശാസ്ത്രജ്ഞനുമായ ഡോ. കെ വിദ്യാസാഗർ നിർവഹിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം ലീന രാമനാഥൻ അധ്യക്ഷനായി. വാടാനപ്പിള്ളി പഞ്ചായത്ത് പ്രസിഡണ്ട് ഷിജിത്ത് വടക്കുഞ്ചേരി, ജില്ലാ പഞ്ചായത്ത് അംഗം വി ഡി പ്രേം പ്രസാദ്, പഞ്ചായത്ത് അംഗം ബിന്ദു ശശി, സംഘാടക സമിതി കൺവീനർ കെ കെ ഷിജു, പരിസര വിഷയ സമിതി ജില്ലാ കൺവീനർ ടി വി വിശ്വംഭരൻ, മേഖലാ സെക്രട്ടറി വി ഡി നിയാഷ് എന്നിവർ സംസാരിച്ചു.
തൃശ്ശൂർ കേരള വർമ കോളേജ്, നാട്ടിക എസ്.എൻ കോളേജ്, വലപ്പാട് ശ്രീരാമ പോളിടെക്നിക് കോളേജ്, തൃത്തല്ലൂർ കമല നെഹ്റു സ്ക്കൂൾ, വാടാനപ്പിള്ളി ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും എൻ .എസ് .എസ് സന്നദ്ധ പ്രവർത്തകരുമാണ് പoനത്തിന് നേതൃത്വം നൽകുന്നത്.
വാടാനപ്പിള്ളി ഗ്രാമപഞ്ചായത്തിലെ പരിസ്ഥിതി ജനസഭ പഞ്ചായത്ത് പ്രസിഡണ്ട് ഷിജിത്ത് വടക്കുംചേരി ചെയർമാനും മുൻ പഞ്ചായത്ത് വാർഡ് അംഗം കെ കെ ഷിജു ജനറൽ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകര​ണ യോഗത്തില്‍ മേഖലാ പ്രസിഡണ്ട് ജോഷി ചാളിപ്പാട് അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി വി ഡി നിയാഷ്, പരിസര വിഷയസമിതി കൺവീനർ ടി വി വിശ്വംഭരൻ, ജില്ലാ സെക്രട്ടറി ടി സത്യനാരായണൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *