പരിസ്ഥിതി ദുർബല പ്രദേശം ഒരു കിലോമീറ്ററായി ചുരുക്കരുത്
കേരളത്തിലെ വന്യജീവി സങ്കേതത്തിനും ദേശീയ ഉദ്യാനത്തിനും ചുറ്റുമുള്ള ഒരു കിലോമീറ്റർ ദൂരപരിധി പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിക്കണമെന്നുള്ള ഒക്ടോബര്‍ 23ലെ ലെ മന്ത്രിസഭാ തീരുമാനം തെറ്റിദ്ധാരണ പരത്തുന്നതും നിലവിലെ കേന്ദ്ര നിയമത്തിന്റെ ഉദ്ദേശ ലക്ഷ്യത്തെ ദുർബലപ്പെടുത്തുന്നതുമാണ്. മാത്രമല്ല ഇത്തരം ഒരു തീരുമാനം ഏകപക്ഷീയമായി കൈക്കൊള്ളാന്‍ നിയമം സംസ്ഥാനത്തിന് അധികാരം നൽകുന്നുമില്ല. ഒരു പുകമറ സൃഷ്ടിച്ച്, എക്കോ സെൻസിറ്റീവ് സോണുകളിൽ അനുവദനീയമല്ലാത്ത ക്വാറികൾ, ക്രഷറുകള്‍ മുതലായ പ്രവൃത്തികൾക്ക് അവിടങ്ങളില്‍ അനുമതി കൊടുക്കാനുള്ള നീക്കമാണോ ഇതിന്റെ പിന്നിലെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
ഇന്ത്യൻ പരിസ്ഥിതി സംരക്ഷണ നിയമം 1986 ന്റെ സെക്‌ഷന്‍ 3(V) പ്രകാരവും നിയമത്തിന്റെ റൂൾസ് 5 സബ് റൂള്‍ (5) (viii), (x) ഉം പ്രകാരവും ഓരോ സംസ്ഥാനവും തങ്ങളുടെ സംസ്ഥാനത്തിലെ സംരക്ഷിത പ്രദേശത്തിനു ചുറ്റിലും 10 കിലോമീറ്റർ ചുറ്റളവ് ഇക്കോ സെൻസിറ്റീവ് സോണ്‍ ആയി പ്രഖ്യാപിക്കണമെന്ന് നിര്‍ദേശമുണ്ട്. അതനുസരിച്ച് ഇതിനാവശ്യമായ പഠനങ്ങൾ നടത്തി അതാതു സംരക്ഷിത പ്രദേശങ്ങൾക്കു ചുറ്റുമുള്ള എക്കോ സെൻസിറ്റീവ് സോൺ ശാസ്ത്രീയമായി നിജപ്പെടുത്തുകയും കേന്ദ്ര സർക്കാർ വിജ്ഞാപനത്തിലൂടെ അടിയന്തിരമായി നടപ്പാക്കുകയുമാണ് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത്. അതിലൂടെ സംരക്ഷിത മേഖലകളുടെ ആവാസ വ്യവസ്ഥകൾ സജീവമായി നിലനിർത്തണം. സംരക്ഷിത മേഖല ആവശ്യമില്ല എന്ന് സംസ്ഥാന സർക്കാർ ആദ്യം നല്‍കിയ നിർദേശം സുപ്രീംകോടതിയും കേന്ദ്ര സർക്കാരും തള്ളിയ സാഹചര്യത്തിൽ ഇപ്പോൾ ഒരു കിലോമീറ്റർ എന്ന നിർദേശം മുന്നോട്ടുവെച്ച് കേന്ദ്ര നിയമത്തെയും സുപ്രീം കോടതി നിർദേശത്തേയും മറികടക്കാനുള്ള ശ്രമം സർക്കാർ ഉപേക്ഷിക്കണം.
നിലവില്‍ ദേശീയോദ്യാനത്തിനും വന്യജീവി സങ്കേതത്തിനും ചുറ്റുമുള്ള ഇക്കോ സെൻസിറ്റീവ് സോണ്‍ 10 കിലോമീറ്റര്‍ ആയിരിക്കെ ഈ പരിധിയില്‍ ഖനനം, ക്രഷർ തുടങ്ങിയ പ്രവർത്തനങ്ങൾ അനുവദിക്കരുത്. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകൾ ഹൈക്കോടതികളിൽ നിലവിലുണ്ട്. 10 കിലോമീറ്റർ ദൂരപരിധിയിൽ വനേതര പ്രവർത്തനങ്ങൾ നടത്താൻ പാടില്ല എന്ന് ഹൈക്കോടതിയുടെ ഉത്തരവ് നിലനില്‍ക്കുന്നുമുണ്ട്.
രണ്ടുവർഷത്തെ പ്രളയ ദുരിതത്തിൽ നിന്നും കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നും കാർബൺ ഉത്സർജനം വര്‍ധിക്കുന്നതിന്റെ പ്രത്യാഘാതങ്ങളിൽ നിന്നും ഒരു പാഠവും കേരളം പഠിച്ചിട്ടില്ല എന്ന് വേണം മേല്‍ സൂചിപ്പിച്ച മന്ത്രിസഭാ തീരുമാനത്തിൽ നിന്നും അനുമാനിക്കാൻ. ഈ സാഹചര്യത്തില്‍ പരിസ്ഥിതി സന്തുലിതാവസ്ഥയെ തകിടംമറിക്കുന്ന വികസന കാഴ്ചപ്പാടിൽ നിന്നും ഒഴിഞ്ഞു നിൽക്കണമെന്നും കേന്ദ്രപരിസ്ഥിതി നിയമത്തിലെ 10 കിലോമീറ്റർ പരിധിയിലെ നിയന്ത്രണങ്ങൾ നിലനിർത്തി നിയമ നിർമ്മാണം നടത്തണമെന്നു കേന്ദ്ര- സംസ്ഥാന സർക്കാരുകളോട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.