പാലിയേക്കര ടോളിലെ ആക്രമണത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ
തൃശൂര്‍: കൊടകര മേഖലയുടെ ആഭിമുഖ്യത്തിൽ പാലിയേക്കര സെന്ററിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ പ്രൊഫ. സി വിമല ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി സത്യനാരായണൻ അദ്ധ്യക്ഷത വഹിച്ചു. പരിഷത്ത് പ്രവർത്തകരായ വിമലിനും, ഭാര്യ തനൂജക്കും ടോൾ ബൂത്തിൽ നേരിട്ട ആക്രമണത്തിനെതിരെ കൂട്ടായ്മ പ്രതിഷേധം രേഖപ്പെടുത്തി. നാടിന്റെ വിഭവങ്ങളെല്ലാം കൊള്ളയടിക്കുന്ന കുത്തക കമ്പനികൾ തേർവാഴ്ച തുടരുകയാണ്. ടോൾ ബൂത്തിൽ നമ്മുടെ സഞ്ചാര സ്വാതന്ത്ര്യത്തിൽ കൈ വെച്ചിരിക്കുന്ന കുത്തക കമ്പനി പൗരന്മാർക്ക് നേരെ കയ്യേറ്റം ചെയ്യുന്നതും, ആത്മാഭിമാനത്തിനുമേൽ ക്ഷതമേൽക്കുന്നതും പതിവായിരിക്കുന്നതായി പ്രൊഫ. സി വിമല പറഞ്ഞു.
ടോൾ കമ്പനിയുടെ അനാസ്ഥയും കെടുകാര്യസ്ഥതയും മൂലം BOT റോഡ് ഇന്നൊരു കുരുതികളമായി മാറിയിരിക്കുകയാണ് പണിപൂർത്തിയാകാത്ത സർവീസ് റോഡും, ട്രാഫിക് സിഗ്നലുകളും ഗുരുതരമായ പ്രതിസന്ധിയാണ്, ചുങ്കപ്പിരിവ് നടത്തുന്ന കമ്പനി ചുങ്കം കൊടുക്കേണ്ട രീതികൂടി അടിച്ചേൽപ്പിക്കുകയാണ്. ടോൾ കമ്പനിയുടെ അനധികൃതവും, അന്യായവുമായ നടപടികൾക്കെതിരെ ഒത്തുചേരേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായി പ്രതിഷേധ കൂട്ടായ്മ അഭിപ്രായപ്പെട്ടു. ടോൾ ബൂത്തിൽ നിന്ന് ആക്രമണം നേരിട്ട വിമൽ വി ആർ, വാർഡ് മെമ്പർ സുരേഷ് വി ആർ, ടോള്‍ വിരുദ്ധ സമരസമിതി പ്രവർത്തകൻ സന്തോഷ് സി യു, പരിഷത്ത് ഭാരവാഹികളായ ജയശ്രീ എം എം, അംബിക സോമൻ, കെ കെ അനീഷ്‌കുമാർ, സോമൻ കാര്യാട്ട്, ടി എ വേലായുധൻ, ജിനേഷ് പി ആർ എന്നിവർ സംസാരിച്ചു.