ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍
[author title=”ദേവദാസ് വി.എം” image=”http://”][/author]
ഫേസ്ബുക്കില്‍ വന്ന യുറീക്കയെക്കുറിച്ചുള്ള ലേഖനം
[dropcap]ഫേ[/dropcap]സ്ബുക്കിൽ പലരും ലിങ്ക് പങ്കു വയ്ക്കുന്നതു കണ്ടാണ് ഏറെ വർഷങ്ങൾക്കു ശേഷം ഇന്ന് യുറീക്ക വായിക്കുന്നത്. വ്യക്തിയെന്ന നിലയിൽ ഇപ്പോഴുള്ള ശാസ്ത്രീയമായൊരു അവബോധം ഉണ്ടാക്കിയെടുക്കാൻ ചെറുപ്പകാലത്തെ യുറീക്കാ വായന, ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വിജ്ഞാനോത്സവങ്ങൾ, സ്കൂളിലെ സയൻസ് ലാബുകൾ, ഗണിത–ശാസ്ത്ര–പ്രവൃത്തി പരിചയ മേളകൾ എന്നിവ നന്നായി സഹായിച്ചിട്ടുണ്ട്. എൽ.പി സ്കൂൾ കാലത്തുതന്നെ യുറീക്ക വായിക്കുമായിരുന്നു. ‘ഓസിലെ മായാവി‘ എന്ന തുടരൻ നോവലൊക്കെ പ്രസിദ്ധീകരിക്കുന്ന കാലം. പിന്നീടെപ്പോഴോ വീട്ടിലെ സാമ്പത്തികാവസ്ഥ മോശമായതോടെ അത് നിലച്ചു. എങ്കിലും ചിലപ്പോഴൊക്കെ പലരിൽ നിന്നുമായി പഴയ ലക്കങ്ങൾ തേടിപ്പിടിച്ച് വായന തുടർന്നു. യു.പി, ഹൈസ്കൂൾ ക്ലാസുകളിൽ ആവേശത്തോടെയാണ് വിജ്ഞാനോത്സവങ്ങളിൽ പങ്കെടുത്തിരുന്നത്. പലപ്പോഴും സ്കൂൾ, പഞ്ചായത്ത്, ജില്ലാ തലങ്ങളിൽ വിജയിയായിരുന്നു എന്ന പൊങ്ങച്ചം കൂടി ഇക്കൂട്ടത്തിൽ പറഞ്ഞുകൊള്ളട്ടെ. രസകരമായ ഒരു കാര്യം സ്കൂൾ–പഞ്ചായത്ത് തലങ്ങളിൽ വിജയിയാകുമ്പോൾ ലഭിച്ചിരുന്നത് സോപ്പുപെട്ടിയോ, സ്റ്റീൽ ഗ്ലാസോ ഒന്നുമായിരുന്നില്ല. പകരം ശാസ്ത്ര സംബന്ധിയായ പുസ്തകങ്ങളായിരുന്നു. അതൊക്കെയിപ്പോഴും വീട്ടിലെവിടെയോ കാണണം. കേരളത്തിലെ ചിത്രശലഭങ്ങൾ, പക്ഷികളെക്കുറിച്ച് ഇന്ദുചൂഡൻ എഴുതിയ പുസ്തകം, സലിം അലിയെക്കുറിച്ചൊരു പുസ്തകം, എസ്. ശിവദാസിന്റെ പുസ്തകങ്ങൾ, ഗണിതശാസ്ത്രത്തിലെ അതികായന്മാർ എന്നീ പുസ്തകങ്ങളൊക്കെയാണ് സമ്മാനമായി കിട്ടിയവ. മറ്റുള്ള മത്സരങ്ങളിൽ നിന്ന് വിജ്ഞാനോത്സവത്തിനുള്ള പ്രധാന വ്യത്യാസം അതിന്റെ യുക്തിഭദ്രതയും അനുഭവജ്ഞാനവുമായിരുന്നു. അതു വെറും ക്വിസ് മത്സരങ്ങളായിരുന്നില്ല. പാമ്പില്ലാത്ത രാജ്യമേത്? ഏറ്റവും ചെറിയ പുഷ്പമേത്? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ മാത്രമല്ല വിജ്ഞാനോത്സവങ്ങളിൽ ഉണ്ടായിരുന്നത്. ചില ഉദാഹരണങ്ങൾ പറയാം. വിജ്ഞാനോത്സവം തുടങ്ങുന്നതിനുമുന്നെ അതിന്റെ സ്വഭാവം വെളിപ്പെടുത്തുന്നതിനായി ഒരു ചോദ്യം ഏവരോടുമായി പങ്കിടും. അതിന് മാർക്കൊന്നുമുണ്ടായിരിക്കില്ല. അതിലൊന്ന് ഇതായിരുന്നു. “താഴെ പറയുന്നവയിൽ ഏത് സോപ്പ് തേച്ചാലാണ് ഏറ്റവും കൂടുതൽ വെളുക്കുന്നത്?” അക്കാലത്ത് (1990കളിൽ) പ്രചാരത്തിലുള്ള നാലഞ്ച് സോപ്പുകളുടെ പേര് ഓപ്ഷനായി തന്നു. പരസ്യവാചകങ്ങളെയും മോഡലുകളേയും മനസ്സിൽ കണ്ട് മത്സരാർഥികൾ പലയുത്തരങ്ങളെഴുതി. എന്നാൽ എല്ലാ ഉത്തരങ്ങളും തെറ്റാണെന്നും “അല്ലെങ്കിൽ ഞാനൊക്കെയെപ്പ വെളുത്തേനെ” എന്ന് ഇരുനിറത്തിലുള്ള ടീച്ചർ പറയുകയും ചെയ്തപ്പോഴാണ് ഉത്തരമെഴുതിയ എല്ലാവർക്കും അമളി തിരിച്ചറിയാനായത്. കമ്പോളം നടത്തുന്ന വ്യാജബോധങ്ങളെ ശാസ്ത്രീയമായി ചോദ്യം ചെയ്യാനുള്ള ഒരു ചോദന കുട്ടികളിലെങ്ങനെയുണ്ടാക്കിയെടുക്കുന്നു എന്നതിനൊരു ഉദാഹരണമായിരുന്നു അത്. മറ്റൊരു ചോദ്യം ഓർമ വരുന്നത് കണ്ണുകെട്ടിയ ശേഷം വസ്തുക്കളെ തൊട്ടും മണത്തും തിരിച്ചറിയുന്നതായിരുന്നു. ഏറെ പരിചയമുള്ള ഇലകളും, പൂവുകളും, കിഴങ്ങുകളും പോലും കണ്ണുകെട്ടി തിരിച്ചറിയുന്നത് ശ്രമകരമായിരുന്നു. മറ്റൊന്ന് വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട് ഒരിക്കൽ പങ്കെടുത്ത വാനനിരീക്ഷണമാണ്. ടാർപോളിൻ ഷീറ്റിന്മേൽ പായയൊക്കെ വിരിച്ചു കിടന്നിട്ടുണ്ട്.
[box type=”success” align=”” class=”” width=””]പിന്നീടേറെ വർഷങ്ങൾക്കു ശേഷം ഡി.പി.ഇ.പി എന്ന വിദ്യാഭ്യാസ സമ്പ്രദായമൊക്കെ വരുന്നതിനുമുന്നെ നിരീക്ഷണം, പരീക്ഷണം, സർവെ, പ്രൊജക്റ്റ് എന്നൊക്കെ കുട്ടികൾ മനസ്സിലാക്കിയിരുന്നത് യുറീക്കയിലൂടെയും വിജ്ഞാനോത്സവങ്ങളിലൂടെയുമായിരുന്നു. വിജ്ഞാനോത്സവം ജില്ലാതലത്തിലെത്തുമ്പോൾ പ്രൊജക്റ്റ് ചെയ്യേണ്ടതുണ്ട്. ജില്ലാതലത്തിലെ മികച്ച പ്രൊജക്റ്റ് ബാലശാസ്ത്ര കോൺഗ്രസ്സിലേക്ക് തിരഞ്ഞെടുക്കുമായിരുന്നു. പത്താംക്ലാസ്സിൽ പഠിക്കുമ്പോൾ ജില്ലാതല വിജയിയാകാനും ബാലശാസ്ത്ര കോൺഗ്രസ്സിൽ പ്രൊജക്റ്റ് അവതരിപ്പിക്കാനും ഭാഗ്യമുണ്ടായിട്ടുണ്ട്.[/box] വടക്കാഞ്ചേരിയിലെ ഡിവൈൻ മെഡിക്കൽ സെന്റർ എന്ന ആശുപത്രി തൊട്ടടുത്തുള്ള പുഴയിലേക്ക് മാലിന്യം ഒഴുക്കി വിടുന്നതിനെ സംബന്ധിച്ചായിരുന്നു എന്റെ പ്രൊജക്റ്റ്. പ്രിന്റിംഗ്, സ്പൈറൽ ബൈന്റിംഗ് എന്നതൊന്നും കേട്ടുകേൾവി പോലുമില്ലാത്ത കാലമായതിനാൽ പഴയ പാഠപുസ്തകത്തിന്റെ പുറം ചട്ട, ബഹുവർണക്കടലാസുകൾ, ബ്രൗൺപേപ്പർ എന്നിവയൊക്കെ ഉപയോഗിച്ച് ഒരുമാതിരി ഉത്സവത്തിന് അലങ്കാരപ്പന്തലിട്ട മട്ടിലാണ് സംഗതി കളർഫുള്ളായി അണിയിച്ചൊരുക്കിയത്. അക്കൊല്ലം വെള്ളാനിക്കര കാർഷിക കോളേജിൽ വച്ചു നടന്ന ബാലശാസ്ത്ര കോൺഗ്രസ്സിൽ മികച്ച പ്രൊജക്റ്റുകളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ട 5 എണ്ണത്തിൽ എന്റെ പ്രൊജക്റ്റുമുണ്ടായിരുന്നു. പക്ഷെ അതിൽ ഏറ്റവും മികച്ചതായി തിരഞ്ഞെടുത്തത് മറ്റൊരു മത്സരാർഥിയുടെ ‘ചാരായ നിരോധനം’ (ആന്റണി മുഖ്യമന്ത്രിയായ കാലം) സംബന്ധിച്ച ഒന്നായിരുന്നു. 10ൽ പഠിക്കുമ്പോൾ ‘ഇലക്ട്രോണിക്സ് ഫോർ യൂ‘വിന്റെ പഴയ ലക്കങ്ങൾ തപ്പി വായിക്കുമായിരുന്നു. വലുതായാൽ ‘ജയന്റ് റോബോട്ട്‘ പോലൊന്നിനെ ഉണ്ടാക്കണമെന്നും, ‘ഹാം റേഡിയോ‘ വഴി ലോകം മുഴുവൻ സന്ദേശമയക്കണമെന്നും ഒക്കെയായിരുന്നു അക്കാലത്തെ സ്വപ്നങ്ങൾ.
ഇപ്പോഴിതൊക്കെ എന്തിനെഴുതുന്നു എന്നു ചോദിച്ചാൽ ഏറെ വർഷത്തിന് ശേഷം യുറീക്ക വായിച്ചു, വിജ്ഞാനോത്സവത്തെക്കുറിച്ചോർത്തു, ഉറ്റബന്ധുക്കളായ രണ്ട് കുട്ടികൾക്കായി ഒരു വർഷത്തേക്ക് യുറീക്കയ്ക്കായി വരിസംഖ്യയടച്ചു. വരുന്ന തലമുറ കൂടുതൽ ശാസ്ത്രാവബോധത്തോടെ വളരട്ടെ. ഒപ്പം തന്നെ പരിസ്ഥിതിയെ കൂടുതൽ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്ന, സഹജീവി സ്നേഹമുള്ള, രാഷ്ട്രീയ ബോധമുള്ളൊരു ജനതയായി മാറട്ടെ എന്നാഗ്രഹിക്കുന്നു.