ഭൂവിനിയോഗത്തിൽ മാറ്റങ്ങൾ അനിവാര്യം
വയനാട്: അശാസ്ത്രീയമായ ഭൂവിനിയോഗമാണ് പ്രകൃതി പ്രതിഭാസങ്ങളെ പ്രകൃതി ദുരന്തങ്ങളാക്കി മാറ്റുന്നത് എന്ന് വയനാട്ടിലെ ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദര്‍ശിച്ച ഭൗമ ശാസ്ത്രജ്ഞനും ഐ ആര്‍ ടി സി ഡയറക്ടറുമായ ഡോ എസ് ശ്രീകുമാർ അഭിപ്രായപ്പെട്ടു.
ജില്ലാ ദുരന്ത നിവാരണ സമിതിയുടെയും, ഹ്യൂം സെന്റർ ഫോർ ഇക്കോളജിയുടെയും സഹകരണത്തോടെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൽപ്പറ്റയിൽ സംഘടിപ്പിച്ച ശിൽപ്പശാലയിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.
ഭൂമിയുടെ മേഖലവൽക്കരണം നടത്തി അതിൽ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങൾ ആണ് മനുഷ്യ വാസത്തിനായി തെരഞ്ഞെടുക്കേണ്ടത്. പരിസ്ഥിതി ലോലമായ മലമ്പ്രദേശങ്ങളിൽ രണ്ടു മൂന്നു ദിവസം തുടർച്ചയായി അതി തീവ്ര മഴ ഉണ്ടായാൽ കനത്ത മണ്ണിടിച്ചിലും അതിന്റെ തുടർച്ചയായി ഉരുൾ പൊട്ടലും പ്രതീക്ഷിക്കാം. അതിനെതിരെ വേണ്ടത്ര കരുതൽ എടുക്കാൻ പ്രദേശ വാസികൾക്കും പ്രാദേശിക ഭരണ കൂടങ്ങൾക്കും കഴിയണം. കൃഷി ഭവനുകളിലും വില്ലേജ് ഓഫീസുകളിലും അതാത് പ്രദേശത്തെ മഴയുടെ കണക്ക് രേഖപ്പെടുത്താൻ ഉള്ള സൗകര്യങ്ങൾ ഒരുക്കണം. ഇത് ഒരു വലിയ നെറ്റ്‌വർക്ക് ആയി മാറേണ്ടിയിരിക്കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ ശിൽപ്പശാല ഉദ്‌ഘാടനം ചെയ്തു. പരിഷത് ജില്ലാ പ്രസിഡന്റ് മാഗി വിൻസന്റ് അധ്യക്ഷത വഹിച്ചു. ഹ്യൂം സെന്റർ ഫോർ ഇക്കോളജി ഡയറക്ടർ സി കെ വിഷ്ണുദാസ്,പരിഷത് സംസ്ഥാന സെക്രട്ടറി വിനോദ്‌കുമാർ പരിഷത് ജില്ലാ സെക്രട്ടറി എം കെ ദേവസ്യ, പരിസര വിഷയ സമിതി കൺവീനർ കെ ടി ശ്രീവത്സൻ എന്നിവർ സംസാരിച്ചു .
ഡോ. എസ് ശ്രീകുമാർ, ഡോ. വി കെ ബ്രിജേഷ് എന്നീ ഭൗമ ശാസ്ത്രജ്ഞർക്കൊപ്പം പ്രൊഫ. കെ ബാലഗോപാൽ, എം എം ടോമി, എൻ സത്യാനന്ദൻ, കെ കെ രാമകൃഷ്ണൻ, കെ മനോജ് എന്നിവരും സന്ദർശന സംഘത്തിൽ ഉണ്ടായിരുന്നു.