“മാറ്റത്തിനുവേണ്ടി ശക്തരാവുക” മാനവസംഗമം സമാപിച്ചു
കണ്ണൂര്‍ : ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 54-ാമത് സംസ്ഥാന വാർഷിക സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി അന്തരാഷ്ട്ര വനിതാദിന സന്ദേശം വിളംബരം ചെയ്ത് മാനവസംഗമം കണ്ണൂരിൽ സംഘടിപ്പിച്ചു. കേരളത്തിലെ വിവിധ രംഗങ്ങളിൽ ശ്രദ്ധേയരായ 25 വനിതകൾ ചേർന്ന് സ്ത്രീസുരക്ഷാ പ്രതിരോധ പന്തങ്ങൾ കത്തിച്ചു. തെങ്ങ് കയറ്റ തൊഴിലാളിയായ ശ്രീമതി തങ്കം കൊളുത്തിയ തിരിയില്‍നിന്ന് ചിത്രകാരി സുനിത കുഞ്ഞിമംഗലം പന്തത്തിലേക്ക് തീ പകർന്നു. ഗവേഷക ഡോ.ആനന്ദി, ഡോ സി. നേട്ര, എൻ. സുകന്യ, കെ.എ സ്വപ്ന, ഡോ എം.പി പരമേശ്വരൻ, പി.കെ ശ്രീമതി എം.പി, പി.കെ ശ്യാമള, കെ.വി.സുമേഷ്, ഇ.പി ലത, അമൃതാ രാമകൃഷ്ണൻ, ശാന്ത കാവുമ്പായി, അംബുജം കടമ്പൂര്‍, ഡോ. പി. വസന്തകുമാരി, എം.എം സചീന്ദ്രൻ, ഡോ. എ.കെ ജയശ്രീ, ഡോ. ആരിഫ, ചിഞ്ചു, എൻ.ശാന്തകുമാരി, കെ.വി. ജാനകി, ജോഷില പി.വി, കലാമണ്ഡലം ലത, അക്ഷര, അക്ഷിമ, രജിതാ മധു, റംല പക്കർ, ഹരിത നാസർ, അഷിജാ മനോജ്, എഴുത്തുകാരി ലിജിഷ എന്നിവർ സ്ത്രീ സുരക്ഷാ പ്രതിരോധ തീപന്തം തെളിയിക്കുന്നതിന് സാക്ഷ്യം വഹിച്ചു. എല്ലാ അന്ധവിശ്വാസങ്ങളും ഈ തീപന്തത്തിൽ ചാമ്പലാകട്ടെ എന്ന് ഡോ. എം.പി പരമേശ്വരൻ മാനവസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് അഭിപ്രായപ്പെട്ടു.
പ്രശസ്ത ചിത്രകാരൻ സന്തോഷ് ചുണ്ടയുടെ നേതൃത്വത്തിൽ 18 കലാകാരൻമാർ അണിനിരന്ന വൻ ബാനർ ചിത്രരചന നടന്നു. തുടർന്ന് സമതാ റാലി കണ്ണൂർ നഗരത്തെ വലയം ചെയതു. മാനവസംഗമം രാത്രി പിടിച്ചെടുക്കലോടെ മാർച്ച് 8 പുലർകാലം വരെ നീണ്ടു….പ്രതിജ്ഞ, പ്രഭാഷണങ്ങൾ, ഏകപാത്ര നാടകങ്ങൾ, നാടൻ പാട്ടുകൾ, കഥാപ്രസംഗം, ഫിലിം പ്രദർശനം, സംഗീതശിൽപം, നാടൻ കലാരൂപങ്ങൾ എന്നിവ അരങ്ങേറി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 54-ാമത് സംസ്ഥാന സമ്മേളനം ഏപ്രിൽ 28,29,30 തിയതികളില്‍ കണ്ണൂരിൽ നടക്കുന്നതിന്റെ ഭാഗമായാണ് മാനവസംഗമം സംഘടിപ്പിച്ചത്. 800ലധികം പ്രവർത്തകർ മാനവസംഗമത്തിൽ പങ്കെടുത്തു