മുത്തലാക്ക് മാത്രമല്ല, തലാക്ക് തന്നെ നിരോധിക്കണം ” പരിഷത്ത് സെമിനാര്‍
മുളങ്കുന്നത്തുകാവ് : മുത്തലാക്ക് മാത്രമല്ല, തലാക്ക് എന്ന ദുഷിച്ച സമ്പ്രദായം തന്നെ നിരോധിക്കണമെന്ന് വനിതാ കമ്മീഷൻ മുൻ അംഗവും സാമൂഹിക പ്രവർത്തകയുമായ അഡ്വ.സ്മിത ഭരതൻ പറഞ്ഞു. അന്താരാഷ്ട്ര വനിതാദിനാചരണത്തോടനുബന്ധിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂർ ഗവ.മെഡിക്കൽ കോളേജ് യൂണിറ്റ് സംഘടിപ്പിച്ച സെമിനാറിൽ ‘ഏകീകൃത സിവിൽകോഡും സ്ത്രീസുരക്ഷയും’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അവർ. മുസ്ലീം വ്യക്തിനിയമത്തിലെ വളരെ അപരിഷ്കൃതവും പുരുഷമേധാവിത്വപരവുമായ കീഴ് വഴക്കമാണിത്. മുസ്ലീം ശരീഅത്ത് നിയമത്തിലോ ഖുറാനിലൊ ഇന്ന് നടക്കുന്ന രീതിയിലുള്ള മൊഴിചൊല്ലലിനും സ്ത്രീവിരുദ്ധതയ്ക്കും സ്ഥാനവും സാധുതയും നൽകിയിട്ടില്ല. നിക്ഷിപ്ത താൽപര്യങ്ങൾക്ക് വേണ്ടി വളച്ചൊടിക്കപ്പെട്ടതാണ് തലാക്ക് നിയമം. നിരാശ്രയരും നിഷ്കളങ്കരുമായ നിരവധി പെൺകുട്ടികളാണ് ഈ ക്രൂരദുരാചാരത്തിന് ഇരകളാവുന്നത്. തലാക്കും മുത്തലാക്കും ആശയപരമായി വ്യത്യാസമൊന്നുമില്ല. ഇന്ത്യൻ ഭരണഘടന ഒരു പൗരന് വാഗ്ദാനം ചെയ്യുന്ന അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് വിവിധ സമുദായങ്ങളുടെ വ്യക്തിനിയമങ്ങളിലുള്ളത്. ലിംഗസമത്വത്തിനും തുല്യനീതിയ്ക്കും ഏകീകൃത സിവിൽനിയമം നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്ന് അഡ്വ.സ്മിത പറഞ്ഞു. പരിഷത്ത് യൂണിറ്റ് പ്രസിഡണ്ട് ഡോ.എ.സരിൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എൻ ലീലാമ്മ, ഡോ.വി.എം.ഇക്ബാൽ, ഡോ. കെ.സുപ്രിയ, ടി.സത്യനാരായണൻ എന്നിവർ സംസാരിച്ചു