മെഡിക്കോൺ – മെഡിക്കൽ വിദ്യാർത്ഥി സംഗമം
കോഴിക്കോട്: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ വിദ്യാർത്ഥി കൂട്ടായ്മ മെഡിക്കോണിന്റെ നാലാമത് കൺവെൻഷൻ സമാപിച്ചു. വട്ടോളി സംസ്കൃത ഹൈസ്ക്കുളിലും നാഗംപാറ- കൂടൽ LP സ്കൂളിലുമായാണ് രണ്ട് ദിവസം നീണ്ടു നിന്ന പരിപാടി നടന്നത്.
സംസ്‌ഥാനത്തെ ഏഴ് മെഡിക്കൽ കോളേജുകളിൽ നിന്നായി അൻപതിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത ക്യാമ്പ് ഡോ. കെ.പി. അരവിന്ദൻ ഉദ്ഘാടനം ചെയ്തു. ഡോ. കെ മോഹൻദാസ്, ഡോ. എസ്. മിഥുൻ, ഡോ. അരുൺ ശ്രീ പരമേശ്വരൻ, കെ രാധൻ എന്നിവർ വിഷയാവതരണം നടത്തി. പൊതു ജനാരോഗ്യരംഗത്തെ ഇടപെടൽ, ബോധവൽക്കരണ- സംവാദ ക്ലാസ്സുകൾ, വിദ്യാർത്ഥികൾക്കിടയിൽ ശാസ്ത്ര ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പരിഷത്തിന്റെ യൂണിറ്റ് രൂപീകരണത്തിന് മുൻകൈ എടുക്കാനും കൺവെൻഷൻ തീരുമാനിച്ചു.
മെഡിക്കൽ കൺവെൻഷന്റെ അനുബന്ധ പരിപാടിയായി ബഹുജന ആരോഗ്യ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു. കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ പതിമൂന്ന് വാർഡുകളെ ഉൾപ്പെടുത്തിയാണ് ഇത് നടന്നത്. മുപ്പത്തിമൂന്ന് കേന്ദ്രങ്ങളിലായി മൂവായിരത്തിലധികം പേർ ഈ ആരോഗ്യ ബോധവത്‌കരണ പരിപാടിയിൽ പങ്കാളികളായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജന്‍ ഉദ്ഘാടനം ചെയ്തു. ജീവിതശൈലീ രോഗങ്ങൾ, സ്ത്രീകളും ആരോഗ്യ പ്രശ്നങ്ങളും തുടങ്ങിയ വിഷയങ്ങളിൽ കേരളത്തിലെ വിവിധ മെഡിക്കൽ കോളജുകളിൽ നിന്നെത്തിയ ൽ വിദ്യാർത്ഥികൾ ക്ലാസുകൾ കൈകാര്യം ചെയ്തു.
ഉള്ളടക്കം കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ പരിപാടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. അക്കാദമിക് പ്രവർത്തനങ്ങൾക്കൊപ്പം സമൂഹത്തിലേക്കും ഇറങ്ങി പ്രവർത്തിക്കാൻ ദിശാബോധം നൽകുന്ന പ്രവർത്തനമായിരുന്നു ഇതെന്ന് പങ്കെടുത്ത വിദ്യാർഥികളും അഭിപ്രായപ്പെട്ടു. ക്ലാസുകളിലേയ്ക്ക് വിദ്യാർത്ഥികളെ എത്തിക്കാൻ വളരെ നേരത്തേ തന്നെ എത്തി കാത്തിരുന്ന വാർഡ് അംഗങ്ങളുടേയും ആരോഗ്യ പ്രവർത്തകരുടേയും സാന്നിധ്യം സംഘാടകർക്കും ആവേശമായി.
മറ്റൊരു അനുബന്ധ പരിപാടിയായി പഞ്ചായത്തിലെ 150 ഓളം ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലന ശില്‍പ്പശാല സംഘടിപ്പിച്ചു. സി പി സുരേഷ്ബാബു, കെ കെ ചന്ദ്രന്‍, വി ടി വിനോദ്, ശോഭന കെ എന്‍, ഗീത, സുബ്രഹ്മണ്യന്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. സംസ്കൃതം ഹൈസ്കൂളിലെ 70 അധ്യാപകര്‍ക്ക് കുട്ടികളുടെ മാനസികാരോഗ്യം എന്ന വിഷയത്തില്‍ ഡോ. എസ് മിഥുന്‍, കുട്ടികളുടെ ആരോഗ്യം എന്ന വിഷയത്തില്‍ ഡോ. കെ മോഹന്‍ദാസ് എന്നിവരുടെ നേതൃത്വത്തില്‍ ക്ലാസ്സുകള്‍ നടന്നു. നാഗമ്പടം എല്‍ പി സ്കൂളിലെ രക്ഷിതാക്കള്‍ക്കായുള്ള ആരോഗ്യ ക്ലാസ്സിന് ഡോ. അരുണ്‍ ശ്രീ പരമേശ്വരന്‍ നേതൃത്വം നല്‍കി.
കണ്‍വെന്‍ഷനും അനുബന്ധ പരിപാടികള്‍ക്കും സി പി ശശി, എം എസ് പ്രശാന്ത് കുമാര്‍, എം കെ സന്തോഷ്, ഡോ. ഹരികൃഷ്ണന്‍, ഡോ. അശ്വത്ത്, ഡോ. എസ് മിഥുന്‍, കെ കെ ചന്ദ്രന്‍, പരിഷത്ത് ജില്ലാ സെക്രട്ടറി പി കെ സതീശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത്, കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, കുടുംബശ്രീ, വട്ടോളി സംസ്കൃതം സ്കൂള്‍, നാഗമ്പടം എല്‍ പി സ്കൂള്‍ എന്നിവയുമായി സഹകരിച്ചാണ് അനുബന്ധ പരിപാടികള്‍ സംഘടിപ്പിച്ചത്.