മേരിക്യൂറി നാടകം ഉള്ളടക്കം

0

മേരിക്യൂറിയുടെ 1981 മുതൽ 1911 വരെയുള്ള ജീവിതകാലമാണ് നാടകം ആവിഷ്കരിക്കുന്നത്. പാരിസിലെ അവരുടെ പഠനകാലം മുതൽ രണ്ടാം നോബൽ സമ്മാനം നേടുന്നത് വരെയുള്ള സംഭവങ്ങൾ ഇതിൽ കോർത്തിണക്കിയിരിക്കുന്നു. സർ ഭരണകൂടത്തിന്റെ അധീനതയിലായിരുന്ന പോളണ്ടിലായിരുന്നു മേരിയുടെ ജനനം. സ്‌കൂൾ കാലം മുതൽ തന്നെ ഇതര പെൺകുട്ടികളിൽ നിന്ന് വ്യത്യസ്തയായി കണക്കിനോടും ശാസ്ത്രത്തോടും പ്രത്യേക അഭിനിവേശം പുലർത്തിയ വിദ്യാർത്ഥിയായിരുന്നു അവൾ. പെൺകുട്ടികൾ പോളിഷ് സർവകലാശാലകളിൽ നിന്നും ഉന്നത വിദ്യാഭ്യാസം തേടുന്നത് സർ ഭരണകൂടം തടഞ്ഞിരുന്നതിനാൽ തുടർപഠനത്തിനായി പാരിസിലേക്കു പോവുക എന്നത് മാത്രമായിരുന്നു അവൾക്കു മുന്നിലുണ്ടായിരുന്ന പോംവഴി. കഠിനമായ സാമ്പത്തിക ബുദ്ധിമുട്ടുകൾ നിലനിൽക്കുമ്പോഴും തീവ്രമായി ആഗ്രഹിച്ചും പ്രയത്നിച്ചും 1981ൽ മേരി പാരിസിലേക്കു പോവുന്നു. അവിടെ സോർബോൺ സർവകലാശാലയിൽ ഗണിതത്തിനും ഭൗതികശാസ്ത്രത്തിനും വേണ്ടി വിദ്യാർഥിത്വം സ്വീകരിക്കുന്നു. ശാസ്ത്രത്തിനു തനിക്കു സംഭാവന ചെയ്യാനാകുമെന്ന പ്രതീക്ഷയും ആത്മവിശ്വാസവും മേരിയുടെയൊപ്പം എന്നുമുണ്ടായിരുന്നു .1983 ൽ ഭൗതിക ശാസ്ത്രത്തിനു ഗംഭീരവിജയത്തെ തുടർന്ന് അവിടെ തന്നെ ഗണിതത്തിൽ പഠനം തുടർന്ന് ഒടുവിൽ പോളണ്ടിലേക്കു അധ്യാപക ജോലിക്കായി മടങ്ങാൻ മേരി തീരുമാനിച്ചു .
ഗണിതപഠനം പൂർത്തിയാകുന്നതിനു മുൻപ് തന്നെ മേരിക്ക് ദേശിയ വ്യവസായ പ്രേരണ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഒരു പഠനാവശ്യം മുന്നോട്ടു വന്നിരുന്നു. വ്യത്യസ്ത രാസമിശ്രണത്തിലുള്ള വിവിധ തരം സ്റ്റീലുകളുടെ കാന്തിക സ്വഭാവത്തെ പഠിക്കുന്നതിനായിരുന്നു അത്. എന്നാൽ പഠനാവശ്യത്തിനായി ഒരു ലാബ് സൗകര്യം അനിവാര്യമായി. അതിന്റെ അന്വേഷണത്തിനിടയിലാണ് മാഗ്നെറ്റിസത്തിൽ തന്നെ പരീക്ഷണങ്ങൾ നടത്തിപ്പോന്ന പ്രസിദ്ധനായിരുന്ന ശാസ്ത്രജ്ഞൻ പിയറി ക്യൂറിയെ മേരി പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ പരിഗണനയിൽ മുനിസിപ്പൽ സ്‌കൂളിൽ ലാബ് ഏർപ്പെടുത്തിക്കിട്ടിയ മേരി പഠനവുമായി മുന്നോട്ടു പോയി. വളരെ വേഗം തന്നെമേരിക്കും പിയറിക്കുമിടയിൽ ബൗദ്ധികവും വൈകാരികവുമായ തീവ്രമായൊരു സ്നേഹബന്ധം ഉടലെടുക്കുകയും ആഴപ്പെടുകയും ചെയ്യുന്നു. അധ്യാപകവൃത്തിക്കായി പോളണ്ടിലേക്ക് മടങ്ങിപ്പോകാൻ തീരുമാനിച്ച മേരിക്ക് പിയറി ശാസ്ത്രത്തിന്റെയും പരീക്ഷണങ്ങളുടെയും മറ്റൊരു വഴി തുറന്നിടുകയും, കഴിവുകളും പ്രയത്നവും ശാസ്ത്രത്തിനു സംഭാവനയാക്കണം എന്നുപദേശിക്കുകയും ചെയ്തു. ശാസ്ത്രലോകത്തിലും വ്യക്തിജീവിതത്തിലും തന്റെ സഖി ആയിരിക്കാൻ അദ്ദേഹം അവരെ ക്ഷണിച്ചു . മേരി ആ ക്ഷണം സ്വീകരിക്കുകയും അത് ലോകശാസ്ത്രഗവേഷണങ്ങൾക്ക് തന്നെ മുതൽക്കൂട്ടായ ഒരു ബന്ധമായി മാറുകയും ചെയ്തു .
ഭൗതിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടണമെന്നാഗ്രഹിച്ച മേരി തന്റെ വിഷയം കണ്ടെത്തിയത് നിഗൂഢമായ യുറേനിയം കിരണങ്ങളിലാണ്. മറ്റൊരു ശക്തമായ മൂലകത്തിനുള്ള സമ്മോഹനമായൊരു സാധ്യത അവരതിൽ കണ്ടെത്തി . മേരിയുടെ പുതിയ അന്വേഷണവഴിത്തിരിവിൽ ആകൃഷ്ടനായി തന്റെ ഗവേഷണമുപേക്ഷിച്ചു പിയറിയും ആ പഠനത്തിൽ ഭാഗമാവുകയും ഒടുവിൽ 1898 ൽ യുറേനിയത്തേക്കാൾ 400 ഇരട്ടി പ്രവർത്തന ശക്തിയുള്ള ഒരു ഘടകത്തെ അവർ കണ്ടെത്തുകയും ചെയ്തു. തന്റെ മാതൃദേശത്തിന്റെ സ്മരണാർത്ഥം അവരതിന് പോലേനിയം എന്ന് പേര് നൽകി. തീവ്രതയേറിയ മറ്റൊരു മൂലകം കൂടി അവരുടെ കാഴ്ചയിൽ വേർതിരിയുകയും അതിനു റേഡിയം എന്ന് നാമകരണം ചെയ്യുകയുമുണ്ടായി. എന്നാൽ ഓറിൽ നിന്ന് ശുദ്ധമായ റേഡിയം ക്ലോറൈഡ് വേർതിരിക്കുക എന്നത് കഠിനമായ ഒരു പ്രവർത്തനം തന്നെയായിരുന്നു. അസൗകര്യങ്ങൾക്കിടയിൽ, നാല് വർഷത്തോളമെടുത്ത് നാല് ടണ്ണിലധികം വരുന്ന ഓറിന്റെ സംസ്കരണത്തിലൂടെയാണ് അവരത് സാധിച്ചത്. ശ്രമം വിഫലമായില്ല . 1903 ലെ ഭൗതികശാസ്ത്രത്തിലെ സംയുക്ത ഗവേഷണത്തിനുള്ള നോബൽ പുരസ്കാരം അവരെ തേടിയെത്തി .
എന്നാൽ വളരെ വൈകാതെ പിയറി ഒരു വാഹനാപകടത്തിൽ മരണപ്പെടുന്നു. അതിന്റെ ആഘാതം ബാധിച്ചപ്പോഴും മേരി തന്റെ കർമ്മപഥത്തെ കൈവിട്ടില്ല . 1910 ൽ ധാതുരൂപത്തിൽ റേഡിയത്തെ വേർതിരിക്കുന്നത് വരെയും അവർ തന്റെ ശ്രമം തുടർന്നു . അങ്ങനെ 1911 ൽ റേഡിയം, പൊളോണിയം എന്നീ മൂലകങ്ങളുടെ കണ്ടുപിടുത്തം കണക്കിലെടുത്തു രസതന്ത്രത്തിലെ നോബൽ പുരസ്കാരം അവർ ഏറ്റുവാങ്ങി . റേഡിയത്തിന്റെ വരവോടെ അതിനെ ഉപയോഗപ്പെടുത്തി വൻ നിർമാണ വ്യവസായങ്ങളും സ്ഥാപനങ്ങളും ഉയർന്നു പൊങ്ങി. മൂലകത്തിന്റെ പേറ്റന്റിനപേക്ഷിക്കാൻ പലരും മേരിയെ പ്രേരിപ്പിക്കുകയും ഉപദേശിക്കുകയുമുണ്ടായി. എന്നാൽ റേഡിയം തന്റെതല്ല പ്രകൃതിയുടെ സ്വത്താണ് എന്നായിരുന്നു ആ വനിതയുടെ മറുപടി. ശാസ്ത്രനേട്ടങ്ങൾ സ്വകാര്യമല്ലെന്നും അത് ജനങ്ങളിൽ നിന്ന് ജനങ്ങൾക്ക് വേണ്ടി ഉണ്ടാകുന്നവയാണെന്നും മേരി ജീവിതസന്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *