‘യുറീക്ക’ തീര്‍ച്ചയായും ഒരു ബദലാണ്

0

ശാസ്ത്രവിഷയങ്ങൾ പാഠ പുസ്തകങ്ങളിൽ മാത്രം ഒതുങ്ങിയ കാലത്താണ് യുറീക്കയുടെ പിറവി. ശാസ്ത്ര വിവരങ്ങൾ ഉരുവിട്ടു പഠിക്കലായിരുന്നു അന്നത്തെ ശാസ്ത്രപഠനം. കുട്ടികളുടെ ജീവിതവും അനുഭവപരിസരവുമായി അതിന് വേണ്ടത്ര ബന്ധവുമില്ലായിരുന്നു. ശാസ്ത്രബോധമോ യുക്തിബോധമോ ചിന്താശക്തിയോ അന്വേഷണബുദ്ധിയോ കാര്യമായി അതുണർത്തിയില്ല. ഈ ശൂന്യതയിലേക്കാണ് യുറീക്ക വന്നത്.
യുറീക്ക ശാസ്ത്രത്തെ കുട്ടികളോടടുപ്പിച്ചു. കുട്ടികളെ ശാസ്ത്രീയ രീതികളോടും അടുപ്പിച്ചു. കാര്യകാരണങ്ങളെ കണ്ടെത്താനും വിശകലനം ചെയ്യാനും കുട്ടികൾക്ക് തോന്നിത്തുടങ്ങി. നല്ല ചോദ്യങ്ങൾ ചോദിക്കാനും ഉത്തരം തിരയാനും ബുദ്ധി ഉണർന്നു. അന്വേഷണവും പരീക്ഷണവും ക്ലാസ് പ്രക്രീയയുടെ ഭാഗമായി. ക്ലാസ്മുറികൾ ഉണർന്നു. പഠിപ്പിച്ചിരുന്ന അധ്യാപകർക്കിടയിൽ പഠിക്കാൻ പ്രേരിപ്പിക്കുന്ന അധ്യാപകർ കൂടുതലുണ്ടായി. സയൻസ് ക്ലബ്ബുകളുണ്ടായി. ശാസ്ത്രമേളകളുണ്ടായി. വിജ്ഞാന പരീക്ഷകളും വിജ്ഞാനോത്സവങ്ങളുമുണ്ടായി. പഠിപ്പിക്കാൻ വളരെ ഭാവനാപൂർണമായ, സർഗാത്മകതയുളള ബദലുകളുണ്ടായി. അതിന് യൂറീക്കയും പ്രരകമായി എന്നതാണ് അതിന്റെ പ്രസക്തി.
യുറീക്ക ശാസ്ത്രദ്വൈവാരികയാണ്. എന്നാൽ ശാസ്ത്രവിഷയങ്ങളുടെയോ ക്വിസ്സിനും മത്സര പരീക്ഷകൾക്കും സഹായകമാവുന്ന കുറേ വിജ്ഞാനശകലങ്ങളുടെയോ കൂടല്ല. അതിനുതകുന്ന കാപ്സ്യൂൾ പ്രസിദ്ധീകരണങ്ങൾ എത്ര തന്നെ വേണമെങ്കിലും മാർക്കറ്റിൽ ലഭ്യമാണ്. അവയൊന്നും നൽകാത്ത ജീവിതദർശനവും അവബോധവുമാണ് യുറീക്കയിലുള്ളത്. ജീവിതത്തിന്റെ നന്മകളെല്ലാം കുട്ടികൾ സ്വാംശീകരിക്കണം. തന്നെക്കുറിച്ചും തന്റെ ചുറ്റുപാടുകളെക്കുറിച്ചും തന്റെ നാടിനെക്കുറിച്ചും താൻ ജീവിക്കുന്ന ലോകത്തെക്കുറിച്ചും ഈ പ്രപ‍ഞ്ചത്തെ ഒന്നായി തന്നെയും മനസിലാക്കാനുള്ള കഴിവ് അവർക്കുണ്ടാകണം. അതിരുകളില്ലാതെ ചിന്തിക്കാനും അതിരുകൾക്കപ്പുറമുള്ള എന്തിനെക്കുറിച്ചും ഭാവന ചെയ്യാനും കുട്ടികൾക്ക് കഴിയണം. കെട്ടഴിച്ചുവിട്ട് പട്ടം പോലെ കുഞ്ഞുമനസ്സിനെ പറത്തി വിടണം. അവർ പറക്കുന്ന ആകാശത്ത് അവർക്ക് കാണാൻ പാരസ്പര്യത്തിന്റേയും ആർദ്രതയുടേയും സ്നേഹത്തിന്റേയും സംഘ‌ബോധത്തിന്റേയും വിശാലമായ ഇടങ്ങളുണ്ട്. ഉയർന്ന ജനാധിപത്യ സങ്കല്പങ്ങളുണ്ട്. മതേതരത്വത്തിന്റെ വർണ്ണരാജികളുണ്ട്. ശാസ്ത്രബോധവും യുക്തിചിന്തയും നിറഞ്ഞ സമീപനങ്ങളുണ്ട് – അതാണ് യുറീക്ക.
യുറീക്ക തികച്ചും മൗലികമാണ്. സ്നേഹവും അറിവും നൽകുന്ന വായനയാണ് യുറീക്ക. വളരെ ലളിതവും മനസ്സിന്റെ ആർദ്രതയിൽ തൊടുന്നതുമായ ഭാഷ. മലയാളത്തിന്റെ ഭാഷാപരവും സാമൂഹ്യപരവും സാംസ്കാരികപരവുമായ വൈവിധ്യങ്ങൾ യുറീക്ക നിലനിർത്തിപ്പോരുകയും ചെയ്യുന്നു. ക്ലാസ് റൂമിലെ പഠനപ്രവർത്തനങ്ങൾക്കും തുടർപ്രവർത്തനങ്ങൾക്കും യുറീക്ക പ്രചോദനമായി തീരുകയും ചെയ്തു.
മുഖ്യധാരാ ബാലമാസികകൾ പലപ്പോഴും അല്പായുസ്സുള്ളതാണ്. നിലനിൽപിലല്ല, ഉള്ളടക്കത്തിൽ, വായനാനന്തരം പുനർവായനയ്ക്കോ സൂക്ഷിച്ചുവയ്ക്കലിനോ അവ പര്യാപ്തമാവുന്നില്ല. യുറീക്ക മറിച്ചാണ്. അതിന്റെ ഉള്ളടക്കം താൽക്കാലികമാവുന്നേയില്ല. എന്നു മാത്രമല്ല, മുതിർന്നവർക്കുള്ള പ്രസിദ്ധീകരണങ്ങളിൽ വരുന്ന രചനകൾ പിന്നീട് പുസ്തകങ്ങളാവുന്നതു പോലെ യുറീക്കയിൽ പ്രസിദ്ധീകരിച്ച പല രചനകളും പുസ്തകങ്ങളാവുന്നു. ആ പുസ്തകങ്ങൾപലതും സമ്മാനം നേടുന്നു. പ്രസക്തമായ പലതും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുന്നു. ഈ സൗഭാഗ്യം നമ്മുടെ മറ്റു ബാലമാസികകൾക്ക് ഏറെയാന്നും പറയാനില്ല എന്നോർക്കുക.
കുട്ടികൾക്കു വിൽക്കുക. അതിനാവശ്യമായതെന്തും എഴുതി നിറയ്ക്കുക എന്നത് യുറീക്കയുടെ ലക്ഷ്യമേയല്ല. കുട്ടികൾ ഇഷ്ടപ്പെടുന്നതെന്തും നൽകലല്ല. കുട്ടികളുടെ ഇഷ്ടത്തെ നല്ലതിലേക്കു നയിക്കുക എന്നതാണ് യഥാർത്ഥ ബാലമാസികയുടെ ലക്ഷ്യം. അത്തരം കുഞ്ഞു മനസ്സുകളിലേ സർഗാത്മകതയും ചിന്തയും ഉണരൂ. ഭാവനയും ചിന്തയും വികാരവുമുള്ള മനുഷ്യർക്കെല്ലാം അവയെ സർഗാത്മകമായി ആവിഷ്കരിക്കാനുള്ള മോഹങ്ങളുണ്ട്. അതിന് യുറീക്ക ഇടം നൽകുന്നു. കഴിഞ്ഞ അഞ്ചാറു വർഷങ്ങളായി പ്രസിദ്ധീകരിച്ചു വരുന്ന കുട്ടികളുണ്ടാക്കുന്ന യുറീക്കയും ഇതേ ലക്ഷ്യം മുൻനിർത്തിയുള്ളതാണ്.
കുട്ടികളുടെ മനസ്സിനും ഭാവനയ്ക്കും ഇണങ്ങുന്നതും മാനുഷികവുമായ എന്തും തികഞ്ഞ ലക്ഷ്യബോധത്തോടെ യുറീക്ക കുട്ടികൾക്കു നൽകുന്നു. അതിനിണങ്ങിയ അവതരണ രീതിയും ഭാഷാരീതിയും യുറീക്ക സ്വായത്തമാക്കിക്കൊണ്ടിരിക്കുന്നു. മികച്ച ബാലസാഹിത്യം, അതാണ് യുറീക്ക മുന്നിൽ കാണുന്ന ലക്ഷ്യങ്ങളിലൊന്ന്.
ഇത് യാന്ത്രികമല്ല, സാമൂഹ്യപ്രവർത്തനത്തിന്റെ ഭാഗമായി നമ്മളെല്ലാം ഉൾക്കൊള്ളേണ്ട വിശാലമായ കാഴ്ചപ്പാടാണ് യുക്തിബോധത്തിന്റെ കാര്യത്തിലും വിശ്വാസങ്ങളുടെ കാര്യത്തിലുമെല്ലാം ഒരുപാട് പിൻമടക്കങ്ങൾ കണ്ടുവരുന്ന ഇക്കാലത്ത് ചുറ്റുപാടുകളെ മറന്ന് ഒരു കാര്യവും ചെയ്യുക സാധ്യമല്ല. എല്ലാതരം പ്രതിലോമ പ്രവർത്തനങ്ങൾക്കും കുട്ടികൾ കൂടി വശംവദരാവുന്നു. മത- തീവ്രവാദികളും സമുദായ ഗ്രൂപ്പുകളും ബാലപ്രസിദ്ധീകരണ രംഗത്തും, ബാല വേദി പ്രവർത്തന രംഗത്തും സജീവമാണ്. നമ്മുടെ തലമുറ എങ്ങനെയാകണം എന്ന് മനസ്സിൽ നീറുന്നവർക്ക് അത് വെറുതെ കണ്ട് നിൽക്കാനുമാവില്ല. അതുകൊണ്ട് നമ്മുടെ ഇടപെടലുകൾ നല്ല ബദലുകൾ വച്ചു തന്നെയാവണം. യുറീക്ക തീർച്ചയായും ഒരു ബദലാണ്.

Leave a Reply

Your email address will not be published. Required fields are marked *