യുവകര്‍ഷകന്റെ നെല്‍കൃഷി കൊയ്യാന്‍ കഴിയാതെ വീണുമുളച്ചു
ശാസ്ത്രസാഹിത്യപരിഷത്ത് ഇരിങ്ങാലക്കുട മേഖലാപ്രവര്‍ത്തകരായ പ്രൊഫ.എം.കെ.ചന്ദ്രന്‍, റഷീദ് കാറളം, ടി.എസ്.കൃഷ്ണകുമാര്‍, എ.എന്‍.രാജന്‍, പി.ഗോപിനാഥന്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിക്കുന്നു
ഇരിങ്ങാലക്കുട : നാടക കലാകാരനും ജൈവകൃഷി സ്‌നേഹിയും ശാസ്ത്രസാഹിത്യപരിഷത്ത് ഇരിങ്ങാലക്കുട യൂണിറ്റ് പ്രവര്‍ത്തകനുമായ കൊരുമ്പിശ്ശേരി പള്ളിപ്പാട്ട് മധുവിന് തന്റെ വിളഞ്ഞ നെല്ല് കൊയ്യാന്‍ കഴിയാത്ത അവസ്ഥയിലായി. സംഭവം അറിഞ്ഞ് ശാസ്ത്രസാഹിത്യപരിഷത്ത് ഇരിങ്ങാലക്കുട മേഖലാ പ്രവര്‍ത്തകരായ പ്രൊഫ.എം.കെ.ചന്ദ്രന്‍, റഷീദ് കാറളം, ടി.എസ്.കൃഷ്ണകുമാര്‍, എ.എന്‍.രാജന്‍, പി.ഗോപിനാഥന്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. അപ്പോഴേയ്ക്കും നെല്ലെല്ലാം വീണുമുളച്ചിരുന്നു. മധുവുമായി സംസാരിച്ചതിന്റെ വെളിച്ചത്തില്‍ ഞങ്ങള്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ ഇവയാണ്.
പതിനഞ്ചുവര്‍ഷമായി തരിശായി കിടന്നിരുന്ന കാറളം പഞ്ചായത്തിന്റെ അതിര്‍ത്തി ഗ്രാമമായ കൊരുമ്പുംകാവ് പാടശേഖരത്ത് നൂറുശതമാനം ജൈവകൃഷി മധു ചെയ്തിരുന്നു. പാട്ടത്തിനെടുത്ത നാല് ഏക്കറിലായിരുന്നു കൃഷി. ഇതിനായി ഒരു ഫാമും തുടങ്ങിയിട്ടുണ്ട്. മൂന്ന് ഏക്കറിലെ കൃഷി കൊയ്തതിനുശേഷം ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ പാടത്തേയ്ക്ക് കൊയ്ത്തുയന്ത്രം കാറളം പഞ്ചായത്തിന്റെ റോഡില്‍ ഇറക്കിയതുമൂലം റോഡ് കേടുവരുത്തി എന്നാരോപിച്ച് യന്ത്രഉടമയില്‍ നിന്നും കാറളം പഞ്ചായത്ത് അധികൃതര്‍ പതിനായിരം രൂപ പിഴ വസൂലാക്കി. മാത്രമല്ല, പോലീസില്‍ പരാതി നല്‍കി കൊയ്യാനായി പാടത്ത് ഇറക്കിയ യന്ത്രം കയറ്റിക്കൊണ്ട് പോവുകയും ചെയ്തു. തന്റെ കൃഷി കൊയ്യുന്ന കാര്യം പറഞ്ഞപ്പോള്‍ മാര്‍ഗ്ഗമുണ്ടാക്കിത്തരാം എന്ന് പറയുകയല്ലാതെ പഞ്ചായത്ത് അധികൃതര്‍ ഒരു നടപടിയും എടുത്തില്ല. കൊയ്യാന്‍ ആളെ കിട്ടാതെയും യന്ത്രങ്ങള്‍ വേറെ കിട്ടാതെയും വന്നപ്പോള്‍ വിളഞ്ഞ നെല്ലുകള്‍ വീണുമുളച്ചു. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പത്രങ്ങളില്‍ വന്നിട്ടും പഞ്ചായത്ത് അധികൃതരോ കൃഷിവകുപ്പോ ഇതിന്റെ വിവരംപോലും ആരായാന്‍ മുതിര്‍ന്നില്ല എന്നത് വേദനാജനകമാണ്. ജൈവകൃഷിയേയും കര്‍ഷകരേയും വാ തോരാതെ പ്രകീര്‍ത്തിക്കുന്നതല്ലാതെ കര്‍ഷകന് ആവശ്യമായ പരിഗണനയോ സൗകര്യങ്ങളോ നല്കാതെ നിരുത്സാഹപ്പെടുത്തുകയും ദ്രോഹിക്കുകയും ചെയ്യുന്ന അധികൃതരുടെ ഇത്തരം നടപടികള്‍ കാര്‍ഷിക മേഖലയേയും കര്‍ഷകനേയും ഇല്ലായ്മ ചെയ്യുകയാണ് എന്ന് മധു പള്ളിപ്പാട്ട് വേദനയോടെ പറയുന്നു. മധുവിന് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ആവശ്യമായ ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുകയാണ് കാറളത്തെ പരിഷത്ത് പ്രവര്‍ത്തകര്‍.